ലോകമറിയുന്ന സംവിധായകനാവുന്നതിനുംമുമ്പ്‌ പ്രിയദർശൻ ക്രിക്കറ്റ്‌ കളിക്കാരനായിരുന്നു. ക്രിക്കറ്റ്‌ ബോൾകൊണ്ട്‌ ഒരു കണ്ണ്‌ ഉടഞ്ഞെങ്കിലും ക്രിക്കറ്റ്‌ എന്ന കളി ഗൂഢമായ ഒരു അനുരാഗമായി പ്രിയന്റെ ഉള്ളിൽ കൂടുവെച്ചു. ഓർമകളിൽ ഗുണ്ടപ്പ വിശ്വനാഥും ഗാവസ്കറും റിച്ചാർഡ്‌സുമൊക്കെ കളിച്ചുകൊണ്ടേയിരുന്നു. പിന്നീട്‌, ഐ.പി.എൽ. മാച്ചുകളുടെ പരസ്യങ്ങൾ ഒരുക്കിയപ്പോൾ തിരുവനന്തപുരത്തെ മൈതാനങ്ങളിൽ വെച്ച്‌ പരിചയിച്ച ക്രിക്കറ്റ്‌ ബോളിന്റെ തുകൽ മണം അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിൽനിന്ന്‌ വീണ്ടുമൊരു ലോകകപ്പിന്റെ ആരവമുയരുമ്പോൾ, ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’ എന്ന തന്റെ ബിഗ്‌ബജറ്റ്‌ സിനിമയുടെ തിരക്കിൽ  ഇരുന്നുകൊണ്ട്‌ പ്രിയൻ എഴുതുന്നു: തന്റെ ക്രിക്കറ്റ്‌ പ്രണയത്തെക്കുറിച്ച്‌, കളിയുടെ ഗൃഹാതുരതകളെക്കുറിച്ച്‌...

ഞാൻ തിരിച്ചുനടക്കുകയാണ്‌... കാലത്തിന്റെ പാട കണ്ണിൽനിന്ന്‌ പതുക്കെപ്പതുക്കെ മാഞ്ഞുപോകുന്നു. അവിടെ ഒരു കളിമുറ്റം തെളിയുന്നു; ആരവങ്ങൾ കേൾക്കുന്നു; എന്റെ പഴയ സ്കൂളിന്റെയും കോളേജിന്റെയും  ഇരമ്പവും ഈണവും അടുത്തടുത്ത്‌ വരുന്നു...

 ചാക്കുട്ടി, ചാത്ത്യമ്പ്രം, മുറുമുട്ടി, നാലുനട, ഐതികോ, ആറേങ്കി, കീളേസ്‌-ഒരു ഓവറിൽ ഏഴ്‌ പന്ത്‌. സായിപ്പ്‌ ക്രിക്കറ്റ്‌ കണ്ടുപിടിക്കുന്നതിനും മുൻപ്‌ കേരളത്തിലേ ഏതോ സർചാത്തു കണ്ടുപിടിച്ച ക്രിക്കറ്റാണിത്‌. ‘കുട്ടിയും കോലും’. മധ്യതിരുവിതാംകൂറിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കുറ്റി (ഒറ്റ വിക്കറ്റ്‌) കോല്‌ (മൂന്നര അടി നീളമുള്ള കമ്പ്‌-ബാറ്റ്‌), കുട്ടി (ഇരുവശവും കൂർപ്പിച്ച അര മുഴം കമ്പ്‌-പന്ത്‌). ക്യാച്ചും റണ്ണും ഒക്കെ ഏകദേശം ക്രിക്കറ്റിന്റെ രീതിയിൽതന്നെ. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സ്കൂളിന്റെ പിന്നിലത്തെ തറയിൽ തിളയ്ക്കുന്ന വെയിലിൽ, നെറ്റി മുഴുവനും ചന്ദനംപൂശിവരുന്ന പാപ്പനംകോടൻ എന്ന രമേശൻ. മീഡിയം പേസിൽ എറിഞ്ഞ മുറുമുട്ടി (ലെഗ്‌സ്പിൻ) ഞാനൊന്നു വീക്കി.  'കോട്ട്‌ ആൻഡ്‌ ബോൾഡ്‌' ആക്കാനുള്ള രമേശന്റെ ശ്രമം പിഴച്ചു. മുട്ടി രമേശന്റെ നെറ്റിയിൽ അടിച്ചു; നെറ്റി പൊട്ടി. ‘രക്തചന്ദനം ചാർത്തിയ കവിളിൽ’ എന്ന വയലാറിന്റെ വരിയുടെ അർഥം അന്ന്‌ എനിക്ക്‌ മനസ്സിലായി. 

കടുവാ കുട്ടൻപിള്ള എന്ന കുട്ടൻപിള്ളസാർ തിരുവനന്തപുരത്ത്‌ മോഡൽ സ്കൂളിൽ കുറ്റംചെയ്യുന്ന കുട്ടികളെ കടിച്ചുകീറാൻ നടന്നിരുന്ന കാലമായിരുന്നു അത്‌. ബാറ്റ്‌സ്‌മാനും ബൗളർക്കും ഫീൽഡർക്കും ഒക്കെ അന്ന്‌ കിട്ടി, ഇഷ്ടംപോലെ ചൂരൽപായസം. ചുവന്ന്‌ വീങ്ങിയ കൈ നക്കിക്കൊണ്ട്‌ കുട്ടൻപിള്ളസാറിന്റെ മുറിയിൽനിന്ന്‌ പുറത്തിറങ്ങുമ്പോൾ പിന്നിൽനിന്ന്‌ കടുവാഗർജനം കേട്ടു; മേലിൽ പാർലമെന്റ്‌ പാസാക്കാത്ത ഒരു കളിയും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ അവതരിപ്പിക്കാൻ പാടില്ല.  ആ സംഭവത്തോടെ ഉച്ചയൂണ്‌ കഴിഞ്ഞ്‌, ബെൽ അടിച്ച്‌ ക്ലാസ്‌ തുടങ്ങുംവരെ സ്കൂൾ ഗ്രൗണ്ടിൽ ശ്മശാനമൂകതയായി. ബുദ്ധിയുള്ള കുട്ടികൾ ക്ലാസ്‌ മുറികളിലിരുന്ന്‌ സി.ഐ.ഡി. നസീറും ജെയിംസ്‌ ബോണ്ടും തമ്മിൽ ഇടിച്ചാൽ ആരു ജയിക്കും എന്നപോലുള്ള ലോകകാര്യങ്ങൾ ഭാവനചെയ്തു. ബുദ്ധിയില്ലാത്തവർ മൂന്ന്‌ ബി ക്ലാസിൽ പഠിക്കുന്ന എന്നെയും പാപ്പനംകോടനെയും ശപിച്ച്‌ കിടന്നുറങ്ങി.

Priyadarshan
മോഹൻലാലും പ്രിയദർശനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫോട്ടോഷൂട്ടിനിടെ. ഫോട്ടോ: സിദ്ദിഖുൽ അക്ബർ

ബ്രിട്ടീഷ്‌ പാർലമെന്റിൽ പാസാക്കിയ മൂന്നു കളികൾ മാത്രം കുട്ടൻപിള്ളസാർ സ്കൂളിൽ കമ്മിഷൻ ചെയ്തു. ആർക്കുവേണമെങ്കിലും ആ കളികൾ കളിക്കാം:  ഫുട്‌ബോൾ, ബാഡ്‌മിന്റൺ, ക്രിക്കറ്റ്‌. ഫുട്‌ബോൾ ആദ്യശ്രമത്തിൽതന്നെ ഞാൻ വേണ്ടെന്നുവെച്ചു. കാരണം ഓരോ ക്ലാസിലും രണ്ടും മൂന്നും തവണ തോറ്റുകിടന്ന തടിമാടന്മാരുടെ കളിയായിരുന്നു അന്ന്‌ അത്‌. ഊതിയാൽ പറക്കുന്ന എന്നെ അവന്മാർ പന്തുകിട്ടാതെ വരുമ്പോൾ അരിശംമൂത്ത്‌ ചവിട്ടിയുരുട്ടി. രണ്ടുപേർക്കോ, നാലുപേർക്കോ മാത്രം കളിക്കാവുന്ന ബാഡ്‌മിന്റൺ കളിക്കാൻ നിൽക്കുന്നവരുടെ നിര ഒരു മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോയെക്കാൾ വലുതായിരുന്നതുകൊണ്ട്‌ അതും വേണ്ടെന്നുവെച്ചു. അങ്ങനെ ഞാൻ ക്രിക്കറ്റ്‌ ഏറ്റെടുത്തു; അത്‌ എന്റെ കളിയായി. 

കുട്ടൻപിള്ളസാറിനെ കടുവാ എന്ന്‌ കുട്ടികൾ വിളിക്കുമ്പോൾ മറ്റു മാഷുമാർ രഹസ്യമായി വിളിച്ചുനടന്ന ഒരു പേരുണ്ട്‌: ബ്രിട്ടീഷ്‌ കുട്ടൻ. ആ പേരിന്റെ വേരുതേടിയപ്പോൾ അറിഞ്ഞത്‌ ഇങ്ങനെ: സായിപ്പിന്റെ അച്ചടക്കം; സമയച്ചിട്ട. ഇംഗ്ലീഷ്‌ വേഷവിധാനം. (സ്കൂളിൽ പാന്റ്‌സ്‌ ഇട്ട്‌ ബെൽറ്റ്‌ കെട്ടിവരുന്ന ഒരേയൊരാൾ പിള്ളസാറായിരുന്നു). പിന്നെ ക്രിക്കറ്റ്‌ എന്ന കളിയോടുള്ള ഭ്രാന്തും.
എന്തു ചെറിയ തെറ്റിനും വലിയ ശിക്ഷകൾ നൽകിയിരുന്നു പിള്ളസാർ. ക്ലാസ്‌ നടക്കുമ്പോൾ ചെറിയ സോപ്പുപെട്ടി ട്രാൻസിസ്റ്റർ  ഉപയോഗിച്ച്‌ കമന്ററി കേൾക്കുന്ന കുറ്റത്തിന്‌ ഹെഡ്‌മാസ്റ്ററുടെ മുറിയിൽ കൊണ്ടിരുത്തുന്ന കുട്ടികളെ കുട്ടൻപിള്ളസാർ ശിക്ഷിക്കാറില്ല. ശിക്ഷയെന്ന രീതിയിൽ അവരെ അവിടെ നിരത്തിനിർത്തുക മാത്രം ചെയ്യും.

ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാൻ ആയിരുന്ന ബ്രാഡ്‌മാനെതിരേ, 1930-കളിലെ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ഡഗ്ലസ്‌ ജാർഡിൻ ആവിഷ്‌കരിച്ച്‌ പേസ്‌ ബൗളർ ഹരോൾഡ്‌ ലാർവുഡ്‌ നടപ്പാക്കിയ ബോഡിലൈൻ ബൗളിങ്ങിനെക്കുറിച്ചും ടെസ്റ്റ്‌ മാച്ചുകളിലെ സ്കോറുകളെക്കുറിച്ചും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ്‌ സീരീസ്‌ അടുത്തത്‌ ആരു ജയിക്കും എന്ന തന്റെ നിരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ സാർ ആ നിൽപ്പിൽ ഞങ്ങൾക്ക്‌ ക്ലാസെടുക്കും. തെങ്ങിന്റെ മടൽ ബാറ്റും ബബ്‌ളിമൂസ്‌ നാരാങ്ങാ ബോളുംവെച്ച്‌ ക്രിക്കറ്റ്‌ കളിച്ചുതുടങ്ങിയ നാലാം ക്ലാസുകാരനായ എനിക്ക്‌ ക്രിക്കറ്റ്‌ ലോകത്തോട്‌ പിന്നീട്‌ കൂടുതൽ അടുക്കാൻ തോന്നിയത്‌ കുട്ടൻപിള്ളസാറിന്റെ ഈ ശിക്ഷകളിലൂടെയാണ്‌. അന്ന്‌ എന്നെയും കുട്ടൻപിള്ളസാറിനെയും ഒരുപോലെ നിരാശരാക്കിയ രണ്ടുകാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ: ഞങ്ങളുടെ സംസ്ഥാനമായ കേരളത്തിന്റെ ക്രിക്കറ്റ്‌ ടീം ഇന്ത്യയിലെ ഏറ്റവും മോശമായ ക്രിക്കറ്റ്‌ ടീമായിരുന്നു എന്നതും; ഞങ്ങളുടെ രാജ്യമായ ഇന്ത്യ, ലോകത്തെ ഏറ്റവും മോശപ്പെട്ട ക്രിക്കറ്റ്‌ ടീമായിരുന്നു എന്നതും.

അന്ന്‌ അതിന്റെ കാരണം പിള്ളസാർ പറഞ്ഞിരുന്നത്‌ ഇങ്ങനെയായിരുന്നു: ബ്രിട്ടീഷുകാർ കൊണ്ടുവന്ന്‌ മഹാരാജാക്കൻമാരെ ഏല്പിച്ച ഇൗ കളി ചെലവുപിടിച്ച ഒന്നാണ്‌. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി ഈ കളി സാധാരണക്കാരന്റെ ഇടയിലേക്ക്‌ ഇറങ്ങിവന്നില്ല. ഏതെങ്കിലും ഒരു കായികരൂപം വിജയിക്കുന്നത്‌ സാധാരണക്കാരന്റെ താത്‌പര്യത്തിലേക്ക്‌ ഇറങ്ങിവരുമ്പോളാണ്‌. അതിന്‌ പേരും പെരുമയും ഉണ്ടാവുന്നതും അപ്പോൾ തന്നെ. 

കേരളവും മദ്രാസും തമ്മിലുള്ള 1968-ലെ രഞ്ജി ട്രോഫി മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മൈതാനത്തെ  ഗാലറിയിൽ ഒരു രൂപ ടിക്കറ്റിന്‌ കണ്ടപ്പോഴാണ്‌ കുട്ടൻപിള്ളസാറ്‌ പറഞ്ഞ ആ സത്യം എനിക്ക്‌ ബോധ്യമായത്‌. മൈതാനത്തെ ചർച്ച്‌ എൻഡിലുള്ള തണൽമരത്തിന്റെ താഴെ കഷ്ടിച്ച്‌ 50 ക്രിക്കറ്റ്‌ പ്രേമികൾ മാത്രം. ക്രിക്കറ്റിന്‌ അല്പം പ്രാധാന്യമുള്ള തിരുവനന്തപുരത്തും തലശ്ശേരിയിലും ഇതാണ്‌ ഗതിയെങ്കിൽ മറ്റു ജില്ലകളുടെ കാര്യം പറയേണ്ടതില്ലല്ലോ.  പത്രങ്ങളിൽപ്പോലും ടെസ്റ്റ്‌ മാച്ചുകൾക്ക്‌ കനിഞ്ഞുകിട്ടുക ഫുട്‌ബോളിന്റെയും ഹോക്കിയുടെയും വോളിബോളിന്റെയും ഇടയിൽ ഞെരുങ്ങിഞെങ്ങി ഇത്തിരിയിടംമാത്രം. കേരളത്തിന്‌ പുറത്തും വൻ നഗരങ്ങളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഈ കളിക്ക്‌ ഒരു ഉണർവുവന്നത്‌.

ഗുണ്ടപ്പ വിശ്വനാഥിന്റെയും ഗാവസ്‌കറുടെയും വരവോടെയാണ്‌. നാരി കോൺട്രാക്ടർമുതൽ പട്ടോഡി നവാബ്‌വരെയുള്ള ഇന്ത്യയുടെ ക്രിക്കറ്റ്‌ ടീമിന്റെ ഒരു നീണ്ടകാലം എടുത്തുനോക്കിയാൽ ഒന്ന്‌ മനസ്സിലാവും; ഒരേ മുഖങ്ങൾ ഒരുപാട്‌ കാലം ഇന്ത്യൻ ടീമിൽ സ്ഥാനംപിടിച്ചിരുന്നു.  അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ബിഷൻസിങ്‌ ബേദി, എറാപ്പള്ളി പ്രസന്ന, ചന്ദ്രശേഖർ, വെങ്കിട്ടരാഘവൻ എന്നിവർ. ലോകംകണ്ട ഏറ്റവും നല്ല സ്പിന്നർമാരായ ഇവർ രാജ്യത്തിനുവേണ്ടി കളിക്കുമ്പോഴും നാണംകെട്ട തോൽവികളുടെ ഒരു നീണ്ട നിരതന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ സമ്പാദ്യം. ഹോക്കി ക്യാപ്‌റ്റൻ പൃഥ്വിപാൽ സിങ്ങിനെയും ഈസ്റ്റ്‌ ബംഗാളിന്റെ ഗോളി തങ്കരാജിനെയും കുറിച്ചൊക്കെ സ്കൂളിൽ ധാരാളം ചർച്ചകൾ നടന്നു. പട്ടോഡിയെപ്പറ്റി അറിയുന്നവർ അപൂർവം ചിലർ മാത്രം.

ക്രിക്കറ്റ്‌ കളിക്കുന്നവരോട്‌ എന്റെ അമ്മയുടെ അഭിപ്രായം തന്നെയായിരുന്നു പല വീട്ടിലും എന്ന്‌ അന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. ‘‘ഒരു നിലംതല്ലിയും പന്തും ആയിട്ട്‌ കാലത്തിറങ്ങും കാലിക്കൂട്ടങ്ങള്‌, സന്ധ്യയാവുമ്പോ കറുത്തുകരുവാളിച്ചുവന്ന്‌ തൊഴുത്തില്‌ കേറും. ഇങ്ങനൊരു കളിയുണ്ടോ രാപകല്‌ തീരാത്തത്‌?’’

ഈ അഭിപ്രായത്തിന്‌ ആദ്യം മാറ്റമുണ്ടായത്‌ അജിത്‌ വഡേക്കറുടെ ടീം വെസ്റ്റിൻഡീസിൽ പോയി ആ മണ്ണിൽ ജയിച്ചുവന്നപ്പോഴാണ്‌. ബോംബെയിൽ വന്നിറങ്ങിയ ആ ടീമിനെ ആരവങ്ങൾ മുഴക്കി സ്വീകരിക്കാൻ അഭിമാനത്തോടെ ആരാധകർ തടിച്ചുകൂടി. ഇന്ന്‌ ഇന്ത്യയിൽ ക്രിക്കറ്റിനെ ഒരു മതം തന്നെ ആക്കിമാറ്റിയതിന്റെ ആദ്യത്തെ ഉത്തരവാദികൾ  വഡേക്കറിന്റെ സംഘവും അവരെ സ്വീകരിച്ച ആരാധകകൂട്ടവുമായിരുന്നു. അമിതാഭ്‌ ബച്ചനെയും രാജേഷ്‌ ഖന്നയെയുംപോലെ അവരും അറിയപ്പെടാൻ തുടങ്ങി. ഗാവസ്കറിനും വിശ്വനാഥിനും ബ്രിജേഷ്‌ പട്ടേലിനുമൊക്കെ വലിയ ആരാധകവൃന്ദം ഉണ്ടായി വന്നു.ക്രിക്കറ്റ്‌ എന്ന കളിയിൽ രാജ്യത്തെ സാധാരണ മനുഷ്യരുടെ ആവേശം കൂടി. കപിൽദേവിന്റെ മാജിക്‌ ടീം 1983-ൽ ലോകകപ്പ്‌ നേടിയതോടെ സിനിമയെപ്പോലും ക്രിക്കറ്റ്‌  പിന്തള്ളി. പിന്നീട്‌ സച്ചിൻ തെണ്ടുൽക്കറെയും ധോനിയെയുംപോലുള്ള കളിക്കാർ രാജ്യത്തിന്റെ അഭിമാനനക്ഷത്രങ്ങളായി. നിലംതല്ലിയെന്നും കാലിക്കൂട്ടങ്ങൾ എന്നും കളിയാക്കിയിരുന്നവർക്ക്‌ മക്കളെ ധോനിയും തെണ്ടുൽക്കറുമാകാൻ ആർത്തിയായി. അങ്ങനെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ രാഷ്ട്രമായി.

gundappa viswanath
ഗുണ്ടപ്പ വിശ്വനാഥ്

ലാഭം, നഷ്ടം, നേട്ടം

ലോകമെമ്പാടും ക്രിക്കറ്റ്‌ വളർന്നുപന്തലിച്ചുവെന്നത്‌ ശരി. പക്ഷേ, കുട്ടൻപിള്ള സാറിന്റെ അച്ചടക്കം ക്രിക്കറ്റിന്‌ നഷ്ടപ്പെട്ടില്ലേയെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. കളിക്ക്‌ പ്രചാരം കൂടിയപ്പോൾ നഷ്ടപ്പെട്ടത്‌ ഭംഗിയല്ലേ? പഴയ ചിന്താഗതിയെന്ന്‌ വേണമെങ്കിൽ പറയാം. ഒരു അവലോകനമായി കൂട്ടിയാൽ മതി. ടെസ്റ്റ്‌ മാച്ചുകളിൽ നിന്ന്‌ ട്വന്റി -20-യിലെത്തിയ ഈ കളിക്ക്‌ നഷ്ടപ്പെട്ടത്‌ എന്തായിരുന്നെന്നും നേട്ടങ്ങൾ എന്തായിരുന്നെന്നും പിന്നീട്‌ കണ്ടുമുട്ടിയ പല കളിക്കാരോടും ഞാൻ അന്വേഷിച്ചിട്ടുണ്ട്‌.  ഇന്ത്യകണ്ട ആദ്യത്തെ ലോകനിലവാരത്തിലുള്ള പൂർണ ബാറ്റ്‌സ്‌മാനാണ്‌ ഗുണ്ടപ്പ വിശ്വനാഥ്‌. ഇപ്പോഴും അദ്ദേഹത്തിന്റെ 1969-ൽ കാൻപുരിൽ നടന്ന ആദ്യ ടെസ്റ്റ്‌ ഇന്നിങ്‌സ്‌ ഞാൻ ഓർക്കുന്നു. ആദ്യത്തെ ടെസ്റ്റിൽ ആദ്യത്തെ ഇന്നിങ്‌സിൽ പൂജ്യത്തിന്‌ ഔട്ടായശേഷം രണ്ടാമത്തെ ഇന്നിങ്‌സിൽ, ‘താൻകണ്ട ഏറ്റവും നല്ല സെഞ്ചുറി’ എന്ന്‌ ക്ലൈവ് ലോയ്‌ഡ്‌ വിശേഷിപ്പിച്ച 137 റൺസ്‌. അതിൽ 25 ബൗണ്ടറികളാണ്‌. അതായത്‌, 100 റൺസ്‌ ആ വകയിൽമാത്രം. വർഷങ്ങൾക്കുശേഷം അദ്ദേഹവുമായി പലപ്പോഴും സമയം ചെലവിടാൻ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ടെസ്റ്റും ഏകദിനവും ട്വന്റി -20-യും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യക്തമായ ഒരു രൂപം എനിക്കുണ്ടായത്‌ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോഴാണ്‌. ടെസ്റ്റുകൾക്ക്‌ പ്രചാരം കുറഞ്ഞതിന്‌ പ്രധാന കാരണം ആരാധകരുടെ സമയത്തിന്‌ വിലകൂടിയതാണ്‌; കളിയുടെ ഭംഗി നഷ്ടപ്പെട്ടത്‌ കളിയോടുള്ള ശാസ്ത്രീയസമീപനം നഷ്ടപ്പെട്ടപ്പോഴും.

അതായത്‌ പന്തിനെയും പിച്ചിനെയും ആദ്യം മനസ്സിലാക്കുക. അതനുസരിച്ച്‌ ഫീൽഡ്‌ നോക്കി, പഴുതുനോക്കി ബാറ്റുകൊണ്ട്‌ പന്തിനെ വഴിതിരിച്ചുവിടുക അവിടെയാണ്‌ കളിക്ക്‌ ഭംഗിയുണ്ടാവുന്നത്‌. റണ്ണുനേടാൻ ലൂസ്‌ േബാളുകൾക്കുവേണ്ടി കാത്തുനിൽക്കുക. ലൈനും ലെങ്‌ത്തുമുള്ള പന്തുകളെ ക്ഷമയോടെ കളിക്കുക. ലൈനിന്‌ പുറത്തുപോകുന്ന പന്തുകളുടെ പിറകേ പോകാതെ ഒഴിവാക്കി (leave) കളിക്കുക. കാലുകളുടെ ഉപയോഗ(footwork)ത്തിനും സൂക്ഷ്മതയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുക. പന്തിന്റെ വേഗവും തിരിവും ഉപയോഗിച്ച്‌ റണ്ണുകൾ നേടുക. എതിർടീമിലെ കളിക്കാരെയും അവരുടെ കഴിവിനെയും ബഹുമാനിക്കുക. അവരുടെ നല്ല ഷോട്ടുകളെ അഭിനന്ദിക്കുക. ഒരു ബാറ്റ്‌സ്‌മാൻ സെഞ്ചുറി നേടിയാൽ എതിർ ടീം കാഴ്ചക്കാരോടൊപ്പം ചേർന്ന്‌ അയാളെ അഭിനന്ദിക്കുക. ഒരു ബാറ്റ്‌സ്‌മാൻ തെറ്റായി ഔട്ടായാൽ അയാളോട്‌ ബൗളർ ക്ഷമചോദിക്കുക. അതെല്ലാം ഇന്ന്‌ നഷ്ടപ്പെട്ടിരിക്കുന്നു. മറിച്ച്‌ ‘കടക്കുപുറത്ത്‌’ എന്ന അട്ടഹാസവും ആർപ്പുവിളികളുമാണ്‌. അതോടെ ക്രിക്കറ്റിന്‌ ‘മാന്യൻമാരുടെ കളി (ജെന്റിൽമാൻസ്‌ ഗെയിം) എന്ന സത്‌പേര്‌ നഷ്ടമായി. 

amarnath
മൊഹീന്ദർ അമർനാഥും ഗാരി കേഴ്സ്റ്റനും

മൊഹീന്ദർ അമർനാഥ്‌ പറഞ്ഞത്‌

 കുറ്റം പറയുമ്പോൾ അതിനുള്ള കാരണവും പറയണമല്ലോ? കളി തുടങ്ങിയത്‌ രാജാക്കന്മാരും പ്രജകളുമാണെങ്കിലും കളിക്ക്‌ പേരും പെരുമയും ഉണ്ടാക്കിയത്‌ മിടുക്കരായ സാധാരണക്കാരുടെ ഇടയിൽ നിന്നുവന്ന കളിക്കാരാണ്‌. പക്ഷേ, സാമ്പത്തികഭദ്രത ഈ കളിക്കാർക്ക്‌ ലോകത്തൊരിടത്തും ഉണ്ടായിരുന്നില്ല. 16 വർഷംമുമ്പ്‌ ബോളിവുഡിൽ ഒരു ചാരിറ്റി മാച്ചിൽ, ഇന്ത്യയുടെ അഭിമാനമായിരുന്ന മൊഹീന്ദർ അമർനാഥിനോടൊപ്പം കളിക്കാൻ എനിക്ക്‌ അവസരമുണ്ടായി. മുംബൈയിലെ പേരുകേട്ട വാംഖഡേ സ്റ്റേഡിയത്തിലെ പിച്ചിൽ ഞാൻ അദ്ദേഹത്തിന്റെ മൂന്ന്‌ േബാളുകൾ നേരിട്ടു. കളികഴിഞ്ഞുള്ള ഡിന്നറിൽ അദ്ദേഹവുമായി ഒരുപാട്‌ സംസാരിച്ചു. അദ്ദേഹം എന്നോട്‌ പറഞ്ഞ ഒരു വാചകത്തിൽ എവിടെയോ ഒരു വേദനയുണ്ടായിരുന്നില്ലേ എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. അത്‌ ഇതാണ്‌: ‘‘ഞങ്ങളുടെ വിയർപ്പിന്റെ വില കിട്ടിയത്‌ ഇന്നത്തെ കുട്ടികൾക്കാണ്‌ പ്രിയൻ.’’ ശരിയാണ്‌, ദാരിദ്ര്യമെന്ന്‌ പറയാനാവില്ലെങ്കിലും സാമ്പത്തികഭദ്രതയും പെരുമയും പേരും അന്നത്തെ  കളിക്കാർക്ക്‌ വളരെ കുറവായിരുന്നു. പല പ്രസിദ്ധരായ കളിക്കാരുടെയും അവസാനകാലം വലിയ കഷ്ടത്തിലായിരുന്നെന്നും അന്ന്‌ അദ്ദേഹം പറഞ്ഞു. പല പരസ്യചിത്രീകരണങ്ങൾക്കിടയിലും ഇന്നത്തെ ഒരുപാട്‌ കളിക്കാരുമായി ഇടപഴകാനുള്ള അവസരം എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവരുടെ ആർഭാടമായ ജീവിതരീതികൾകണ്ട
പ്പോൾ എനിക്ക്‌ മൊഹീന്ദർ പറഞ്ഞ ആ വിയർപ്പിന്റെ വില മനസ്സിലായി.

ഈ മാറ്റം വരുത്തിയത്‌ ഓസ്‌ട്രേലിയൻ ചാനൽ 9 ഉടമസ്ഥൻ കെറി പാക്കർ ആണ്‌. ക്രിക്കറ്റിനെ ഒരു വ്യവസായമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമം 1977-ൽ 50 ഓവർ ക്രിക്കറ്റ്‌ എന്ന കളിക്ക്‌ രൂപംനൽകി. ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ എതിർത്തിട്ടും പല നല്ലകളിക്കാരും കാശിനുവേണ്ടി കെറി പാർക്കർക്ക്‌ വഴങ്ങി. ക്രിക്കറ്റിന്‌ പുതിയ ഛായയും നിയമങ്ങളുമുണ്ടായി. ഹെൽമെറ്റ്‌, ചെസ്റ്റ്‌പാഡ്‌, തൈപാഡ്‌ മുതലായ രക്ഷാകവചങ്ങളുണ്ടായി. പിന്നീട്‌ ഐ.സി.സി. 50 ഓവർ കളി എന്ന പുതിയ ഫോർമാറ്റിനെ അംഗീകരിക്കുകയും ലോകകപ്പ്‌ രൂപവത്‌കരിക്കുകയും ചെയ്തതോടെ കളിയുടെ രൂപവും ഭാവവും മാറി. അവിടെനിന്ന്‌ ട്വന്റി -20-യിൽ എത്തിയതോടെ ക്രിക്കറ്റ്‌കളി ഒരുതരം യുദ്ധമായി. ഇപ്പോൾ പകൽ മാറി രാത്രിക്കളിയായി. ടീമുകൾ ശത്രുക്കളായി. വീറും വാശിയും കൂടി. ചൂതാട്ടവും കുതികാൽവെട്ടും ഒറ്റും ചതിയുമൊക്കെ സാധാരണമായി.

Priyadarshan
പ്രിയൻ വിരാട് കോലി, ഷെയ്ൻ വാട്സൺ, ക്രിസ് ഗെയ്ൽ എന്നിവർക്കൊപ്പം. Photo Courtesy: facebook/priyadarshan

എങ്കിലും കളിക്കുന്നവർക്കും കാണുന്നവർക്കും ക്രിക്കറ്റ്‌ ഒരു വലിയ ലഹരിയാണ്‌. ഏറ്റവും സന്തോഷമുള്ള കാര്യം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും വർഗീയവും സാമൂഹികവുമായ വ്യത്യാസമൊക്കെ മറന്ന്‌, രാജ്യസ്നേഹികൾ ഒത്തൊരുമിക്കുന്ന ഒരു സ്ഥലമായിരിക്കുന്നു ഇന്ന്‌ ക്രിക്കറ്റ്‌ മൈതാനങ്ങൾ. ‘എന്റെ, എന്റെ ഇന്ത്യ’ എന്ന ഒരുമിച്ചുള്ള ആവേശം അവിടെമാത്രം ഇപ്പോഴുമുണ്ട്‌, ഭാഗ്യം! ആ ആവേശത്തിനൊപ്പം കൈകോർത്ത്‌, വിരാടും ധോനിയുമൊക്കെച്ചേർന്ന്‌ വീണ്ടുമൊരു ലോകകപ്പുമായി വരുന്നത്‌ ഞാൻ സ്വപ്നംകാണുന്നു.

ഇതെല്ലാം കാണാൻ കുട്ടൻപിള്ള സാർ ഇന്നുണ്ടായിരുന്നെങ്കിലെന്ന്‌ ഞാൻ വെറുതേ ആലോചിക്കാറുണ്ട്‌. അപ്പോൾ, ആ രൂപം എന്റെ മനസ്സിൽ തെളിയും. ആ വലിയ കൊമ്പൻമീശയുടെ താഴെ അഭിമാനത്തിന്റെ കരവെച്ച ഒരു ചിരിപടരും. അത്‌ ക്രിക്കറ്റിനുവേണ്ടിയുള്ള ഏറ്റവും ആത്മാർഥമായ ചിരിയാവും.

emailpriyadarshan@gmail.com

Content Highlights: Director Priyadarshan Remembers his Cricketing Days before ICC Cricket World Cup 2019

ICCCricketWorldCup