മഴയ്ക്കൊപ്പം താരങ്ങളുടെ പരിക്കും ലോകകപ്പില്‍ ടീമുകള്‍ക്ക് തിരിച്ചടിയാകുന്നു. ഒരു താരത്തിന്റെ പരിക്ക് ടീമിന്റെ മൊത്തത്തിലുള്ള ഘടനയെ ബാധിക്കും. പുതിയ താരത്തെ കണ്ടെത്തേണ്ടതാണ് ആദ്യ വെല്ലുവിളി. പിന്നെ ഇദ്ദേഹത്തെ ഏതു പൊസിഷനില്‍ ഇറക്കണമെന്നത് രണ്ടാമത്തെ ചോദ്യം. ഫോമിലുള്ള താരത്തിന് പരിക്കേറ്റാല്‍ ടീമിന്റെ ആത്മവിശ്വാസവും പിന്നോട്ടുപോകും.
ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിന്റെ ഘടന മാറ്റേണ്ടിവരും. രോഹിതിനൊപ്പം ധവാനും കഴിഞ്ഞ ദിവസം ഫോമിലേക്ക് ഉയര്‍ന്നതോടെ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച തുടക്കം കിട്ടുമെന്ന് ആരാധകരും സ്വപ്നം കണ്ടതാണ്. എന്നാല്‍, ധവാനെ പരിക്ക് ക്ലീന്‍ബൗള്‍ഡാക്കി. അദ്ദേഹത്തിന്റെ സ്ഥാനത്ത് രാഹുല്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. നാലാംസ്ഥാനത്ത് ആരെ ഇറക്കണമെന്ന കാര്യമാണ് ടീം ഇന്ത്യയെ അലട്ടുന്നത്.
മറ്റ് ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങളുടെ പരിക്ക് തലവേദനയാകുന്നു. ഇന്ത്യയോട് തോറ്റ ഓസീസിനാണ് വലിയ തിരിച്ചടി. അവരുടെ മികച്ച ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്കാണ് ടീമിനെ കുഴക്കുന്നത്. ഇന്ത്യയ്ക്കെതിരേ സ്റ്റോയിനിസ് രണ്ടുവിക്കറ്റ് പിഴുതിരുന്നു. താരത്തിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍താരം ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത് ബംഗ്ലാദേശിനെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്. ഹസനില്ലെങ്കില് ബംഗ്ലാദേശിന്റെ 40 ശതമാനം ശക്തിയും ചോര്‍ന്നുവെന്ന് അവരുടെ ടീം മാനേജ്മെന്റിന് അറിയാം. ഇംഗ്ലണ്ടിനെതിരേ 121 റണ്‍സും ന്യൂസീലന്‍ഡിനെതിരേ 64 റണ്‍സും രണ്ടുവിക്കറ്റും ദക്ഷിണാഫ്രിക്കക്കെതിരേ 75 റണ്‍സും ഒരുവിക്കറ്റും താരം നേടിയിരുന്നു. ഷാക്കിബിന്റെ തുടയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ പരിക്കേറ്റത്തെ താരത്തെ ബ്രിസ്റ്റോളിലെ ആശുപത്രിയിലേക്കയച്ചിരുന്നു. സ്കാന്‍ റിപ്പോര്‍ട്ടുവന്നതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് ബംഗ്ലാദേശ് ടീം ഫിസിയോ തിഹാന് ചന്ദ്രമോഹന് പറഞ്ഞു.
ലോകകപ്പില്‍ സെമിയിലെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ഇംഗ്ലണ്ട് ടീമിനെയും പരിക്കെന്ന വില്ലന്‍ പിടികൂടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലര്‍ക്കാണ് ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വിന്‍ഡീസിനെതിരേ ബട്ലര് കളിച്ചേക്കുമെന്നാണ് ടീം മാനേജ്മെന്റ് സൂചന നല്‍കുന്നത്. ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും പരിക്ക് ഭേദമാകുമെന്നുമാണ് ടീമിന്റെ പ്രതീക്ഷ.
ബട്ലര് കളിച്ചില്ലെങ്കില്‍ മധ്യനിരയില്‍ വലിയ ക്ഷീണമാകും ഇംഗ്ലണ്ട് ടീമിനുണ്ടാകുക. ബംഗ്ലാദേശിനെതിരേ 64 റണ്‍സും പാകിസ്താനെതിരേ 103 റണ്‍സും ബട്ലര് നേടിയിരുന്നു.
അഫ്ഗാനെ എറിഞ്ഞുടച്ച പേസര്‍ നുവാന്‍ പ്രദീപിന്റെ പരിക്കാണ് ശ്രീലങ്കന്‍ ടീമിനെ അലട്ടുന്നത്. പ്രദീപ് കളിച്ചില്ലെങ്കില്‍ ടീമിന്റെ ബൗളിങ് ദുര്‍ബലമാകും. അമ്മായിഅമ്മ മരിച്ചതോടെ നാട്ടിലേക്ക് പോയ ലസിത് മലിംഗയും ഇല്ലാത്ത സാഹചര്യത്തില്‍ ശ്രീലങ്കന്‍ ടീമിന് വലിയ ഇരുട്ടടിയായി പ്രദീപിന്റെ പരിക്ക്. താരം ഒരാഴ്ചയ്ക്കകം പരിക്കില്‍നിന്ന് മുക്തമാകുമെന്നാണ് ടീം മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
മൂന്ന് കളി തോല്‍ക്കുകയും ഒരു കളി ഉപേക്ഷിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുതല്‍ 'പരിക്കേറ്റി'രിക്കുന്നത്. അവരുടെ ഒന്നാം നമ്പര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് പരിക്ക് കാരണം ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. പരിക്കില്‍നിന്ന് മുക്തനായി ലുങ്കി എന്‍ഗിഡി തിരിച്ചെത്തുന്ന വാര്‍ത്ത അവര്‍ക്ക് സന്തോഷം പകരുന്നതാണ്.
Content Highlights: Cricket World Cup 2019 Marcus Stoinis Jos Buttler Shikhar Dhawan injury