രണ്ടോ മൂന്നോ ദിവസം ഭക്ഷണം ലഭിച്ചില്ലെങ്കിലും 87-കാരിയായ ചാരുലത പട്ടേല്‍ യാതൊരു പരാതിയും പറയില്ല. എന്നാല്‍ ക്രിക്കറ്റ് കാണാതെ ഒരു ദിവസം ഇരിക്കാന്‍ പറയരുത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിനിടെ ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ കണ്ണിലുടക്കിയ സൂപ്പര്‍ ഫാനാണ് ലണ്ടന്‍ സ്വദേശിയായ ഈ 87-കാരി.

ലോകകപ്പ് മത്സരത്തിനിടെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്ത ഈ മുത്തശ്ശിയുടെ ആവേശം അവരെ ഒരു താരമാക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിനായി ആര്‍ത്തുവിളിച്ച ഈ മുത്തശ്ശിയെ ശ്രദ്ധിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകാന്‍ വഴിയില്ല.

പേരക്കുട്ടി അഞ്ജലിക്കൊപ്പമാണ് ഈ മുത്തശ്ശി ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണാനെത്തിയത്. ഗുജറാത്തില്‍ വേരുകളുള്ള ഈ മുത്തശ്ശി ജനിച്ചത് പക്ഷേ ദക്ഷിണാഫ്രിക്കയിലാണ്. 1974ല്‍ ഇംഗ്ലണ്ടിലെത്തി. കടുത്ത ക്രിക്കറ്റ് ആരാധികയായ മുത്തശ്ശിയോട് ഇഷ്ടതാരം ആരെന്ന് ചോദിച്ചപ്പോള്‍ മറുപടി ഉടനെത്തി, എം.എസ് ധോനി. കൂടാതെ വിരാട് കോലിയേയും രോഹിത് ശര്‍മയേയും ഇഷ്ടമാണ് ഈ ബിഗ് ഫാനിന്.

charulata patel meet this 87 year old fan

ഒരു ഓപ്പണ്‍ ഹാര്‍ട്ട് ബൈപ്പാസ് സര്‍ജറിക്ക് ശേഷമാണ് ഈ മുത്തശ്ശി ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടു നടക്കുന്നത്. ഇടയ്ക്ക് ഇടുപ്പെല്ലുേ മാറ്റിവെയ്‌ക്കേണ്ടി വന്നു. ശാരീരകമായി കുറച്ചധികം ബുദ്ധമുട്ടുകളുണ്ടെങ്കിലും ഇപ്പോഴും താന്‍ സ്‌ട്രോങ്ങാണെന്നാണ് മുത്തശ്ശിയുടെ പക്ഷം.

അത്ര ചില്ലറക്കാരിയല്ല ഈ ഇന്ത്യന്‍ ആരാധിക. 36 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ക്രിക്കറ്റ്ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ഗാലറിയില്‍ അതിന് സാക്ഷിയായി ചാരുലത പട്ടേല്‍ ഉണ്ടായിരുന്നു. വീണ്ടുമൊരു ലോകകപ്പ് ഫൈനലിന് ലോര്‍ഡ്‌സില്‍ കാഹളം മുഴങ്ങുമ്പോള്‍ ഈ മുത്തശ്ശി ആഗ്രഹിക്കുന്നത് അന്ന് കപിലിനെ കണ്ട സ്ഥാനത്ത് വിരാട് കോലിയെ കാണാനാണ്.

charulata patel meet this 87 year old fan

ചൊവ്വാഴ്ച നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും മാന്‍ ഓഫ് ദ മാച്ച് രോഹിത് ശര്‍മയും ഈ ആരാധികയ്ക്ക് അടുത്തെത്തി കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. ഈ മുത്തശ്ശിക്ക് മുന്നിലായി നിലത്തിരുന്ന് സംസാരിക്കുന്ന കോലിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടര്‍ന്ന് കോലിയേയും രോഹിത്തിനെയും ഇവര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് മികച്ച ആരാധകരില്‍ ഒരാളാണ് ചാരുലത പട്ടേല്‍ ജിയെന്ന് ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കോലി ട്വിറ്ററില്‍ കുറിച്ചു. കഥ അവിടംകൊണ്ടും തീര്‍ന്നില്ല, ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റും കോലി ഈ മുത്തശ്ശിക്ക് നല്‍കിയിട്ടുണ്ട്. കോലി വാഗ്ദാനം ചെയ്ത ടിക്കറ്റുകള്‍ ലഭിച്ചെന്ന് ചാരുലത പട്ടേലിന്റെ പേരക്കുട്ടി അഞ്ജലി വ്യക്തമാക്കി.

charulata patel meet this 87 year old fan

മുത്തശ്ശിയുടെ ആവേശവും പിന്തുണയും കണ്ട മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ഇന്ത്യയുടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ഈ മുത്തശ്ശിക്ക് വാഗ്ദാനം ചെയ്തിരുന്നു.

ഈ വരുന്ന ജൂലൈ 14-ന് 36 വര്‍ഷങ്ങള്‍ക്കു മുന്‍പ് കപിലിന്റെ ചെകുത്താന്‍മാര്‍ കപ്പുയര്‍ത്തിയര്‍ത്തിയ ആ ഗ്രാന്റ് സ്റ്റാന്റ് നോക്കി ഈ മുത്തശ്ശിയുണ്ടാകും, അന്നത്തെ കപിലിന്റെ സ്ഥാനത്ത് വിരാട് കോലി നില്‍ക്കുന്നതു കാണാന്‍.

Content Highlights: charulata patel meet this 87 year old fan