യുദ്ധമുഖത്ത് തകര്‍ന്ന രാജ്യത്തിന്റെ ഉയിര്‍പ്പ് പോലെതന്നെയായിരുന്നു ഇത്തവണ ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ വരവും. യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അഫ്ഗാനിസ്ഥാന്‍. ലോകകപ്പിന് യോഗ്യത കിട്ടില്ലെന്ന് തോന്നിപ്പിച്ച സമയം. എന്നാല്‍ സൂപ്പര്‍ സിക്‌സില്‍ ടീം ജൈത്രയാത്ര നടത്തി. 

സിംബാബ്‌വെയേയും സ്‌കോട്ട്‌ലാന്‍ഡിനേയും പിന്തള്ളി യോഗ്യതാ റൗണ്ടിന്റെ ഫൈനലിലെത്തിയ അഫ്ഗാനിസ്ഥാന്‍ അവിടെ വിന്‍ഡീസിനെയും തോല്‍പ്പിച്ച് ലോകകപ്പിനുള്ള ടിക്കറ്റുറപ്പിച്ചു. രണ്ടാം ലോകകപ്പ് കളിക്കുന്ന ഏഷ്യന്‍ രാജ്യം ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ചില അട്ടിമറികളൊക്കെ അവരില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നു.

ലോകകപ്പിനുമുമ്പ് ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനെ മാറ്റിയത് ടീമില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നബിയും റാഷിദുമടക്കമുള്ള താരങ്ങള്‍ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. ഗുല്‍ബാദിന്‍ നായിബാണ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെ നയിക്കുന്നത്.

ടീം: ഗുല്‍ബാദിന്‍ നായിബ് (ക്യാപ്റ്റന്‍), ഹസ്രത്തുല്ല സസായി, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുല്ല ഷാഹിദി, നജിബുല്ല സദ്രാന്‍, റഹ്മത്ത് ഷാ, സമീഹുല്ല ഷെന്‍വാരി, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്സാദ്, റാഷിദ് ഖാന്‍, ദൗളത്ത് സദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസ്സന്‍, മുജീബുര്‍ റഹ്മാന്‍.

ബാറ്റിങ്

ഓപ്പണിങ്ങാണ് അഫ്ഗാനിസ്ഥാന്‍ കരുത്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അഹമ്മദ് ഷഹസാദും ഹസറത്തുല്ല സസായിയുമാണ് ഓപ്പണര്‍മാര്‍. ഏത് പന്തിനെയും ബൗണ്ടറി കടത്താന്‍ കെല്‍പ്പുള്ളവനാണ് ഷഹസാദ്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള റോളാണ് സസായിയുടേത്. ടീമിലെ മറ്റൊരു ഓപ്പണര്‍ നൂര്‍ അലി സദ്രാനും ന്യൂബോളില്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്.

മധ്യനിരയാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന പ്രശ്‌നം. മുന്‍ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനിയും സമീയുല്ലയും അടങ്ങുന്ന മധ്യനിരയ്ക്ക് സ്ഥിരത പുലര്‍ത്താനാവുന്നില്ല. നബിയും സദ്രാനുമായിരിക്കും അവസാന ഓവറുകള്‍ ബാറ്റുചെയ്യാനുള്ള ചുമതല. ഇരുവര്‍ക്കും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളത് അഫ്ഗാനിസ്താന് ആശ്വാസം പകരും.

ബൗളിങ്

ലോക ക്രിക്കറ്റിലെ മികച്ച മൂന്ന് സ്പിന്നര്‍മാരുടെ സാന്നിധ്യമുണ്ട് ടീമില്‍. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരുടെ സ്പിന്‍ ബോളുകള്‍ എതിരാളികളെ വട്ടംകറക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൂന്നു പേര്‍ക്കുംകൂടി 54 വിക്കറ്റുണ്ട്. ടീമിലെ ബാക്കി ബൗളര്‍മാര്‍ക്കൊല്ലം കൂടി നേടാനായത് 26 വിക്കറ്റുമാത്രം. ലോകകപ്പില്‍ എതിര്‍ടീമുകള്‍ക്ക് ഏറ്റവും ഭീഷണിയാകുക ഈ സ്പിന്‍ ത്രയമാകും. ദൗളത്ത് സദ്രാന്‍, അഫ്താബ് ആലം, നായകന്‍ ഗുല്‍ബാദിന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. അപ്രതീക്ഷിതമായി ടീമിലെത്തിയ ഹമിദ് ഹസനും ടീമിലെ പേസ് വൈവിധ്യമാണ്.

കരുത്ത്

ടീമെന്ന നിലയില്‍ ലോകത്തിന്റെ എല്ലായിടത്തുംഅഫ്ഗാനിസ്ഥാന്‍ എത്തിയില്ലെങ്കിലും അവരുടെ താരങ്ങള്‍ ലോകത്തിന്റെ എല്ലാ മൂലയിലുമെത്തി. ഐ.പി.എല്‍, ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് അടക്കമുള്ള ലീഗുകളില്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. റാഷിദ്, നബി, മുജീബുര്‍ റഹ്മാന്‍ അടക്കമുള്ള സ്പിന്നര്‍മാരുടെ പരിചയസമ്പത്ത് ടീമിന് കരുത്താകും.

Content Highlights: Afghanistan squad and player analysis ICC 2019 World Cup