കൊല്‍ക്കത്ത: ഒട്ടേറെ അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ഗോകുലം കേരള എഫ്.സി. സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി. ഐ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാനാണ് ഗോകുലത്തിനെ (2-1) തോല്‍പ്പിച്ചത്.

ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസിന്റെ (24, 48) ഇരട്ടഗോളിലാണ് ബഗാന്റെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മാര്‍കസ് ജോസഫ് ഗോകുലത്തിന്റെ ഗോള്‍ നേടി.

തോല്‍വിയോടെ ഗോകുലം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ജയത്തോടെ ബഗാന്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്ന് കളിയില്‍ ആറ് പോയന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. നാല് കളിയില്‍ ഏഴ് പോയന്റാണ് ബഗാനുള്ളത്. നാല് കളിയില്‍ എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാളാണ് ലീഗില്‍ മുന്നില്‍.

സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ബഗാന് ആദ്യപകുതിയില്‍ മികച്ചുനില്‍ക്കാനായി. തുടക്കത്തില്‍തന്നെ ഗോകുലത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കായി. 22-ാം മിനിറ്റില്‍ ബഗാന് പെനാല്‍റ്റി ലഭിച്ചു. അശുതോഷ് മെഹ്ത്തയെ ഗോള്‍കീപ്പര്‍ ഉബൈദ് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗോണ്‍സലാസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ഗോളടിച്ചതോടെ ബഗാന്‍ താരങ്ങള്‍ കൂടുതല്‍ ഫോമിലേക്കുയര്‍ന്നു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോകുലം ഗോള്‍മടക്കി. പെനാല്‍റ്റി ബോക്‌സില്‍ മാലെഗാമ്പയെ ജുലന്‍ കൊളിനസ് വീഴ്ത്തിയതിനായിരുന്നു ഗോകുലത്തിന് പെനാല്‍റ്റി. കിക്കെടുത്ത മാര്‍ക്കസ് അനായാസം ലക്ഷ്യം കണ്ടു.

എന്നാല്‍ ഗോകുലത്തിന്റെ ലീഡിന് അധികം ആയുസ്സുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിന് ശേഷം ഗോണ്‍സാലസിന്റെ ബൂട്ട് വീണ്ടും ലക്ഷ്യംകണ്ടു.

രണ്ടാം ഗോള്‍ വഴങ്ങിയതിനുശേഷം ഗോകുലം താരങ്ങള്‍ ഉണര്‍ന്നു. ഹെന്റി കിസേക്കയും മാര്‍ക്കസും ബഗാന്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറി. എന്നാല്‍, ബഗാന്‍ കെട്ടിയ പ്രതിരോധം തകര്‍ക്കാന്‍ ഗോകുലം താരങ്ങള്‍ക്കായില്ല. ജനുവരി നാലിന് ഐസോളിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത കളി.

Content Highlights: Mohun Bagan vs Gokulam FC I League 2019