കോഴിക്കോട്: ജീവന്മരണ പോരാട്ടത്തില്‍ ഗോവന്‍ ടീം ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ ഗോകുലം കേരളാ എഫ്.സി.ക്ക് വിജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരുടെ വിജയം.

സൂപ്പര്‍ സ്ട്രൈക്കര്‍ മര്‍ക്കസ് ജോസഫാണ് 38-ാം മിനിറ്റില്‍ ഗോകുലത്തിനായി വിജയ ഗോള്‍ നേടിയത്. ജയത്തോടെ എട്ട് കളിയില്‍നിന്ന് 13 പോയന്റായ ഗോകുലം ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് കളിയില്‍നിന്ന് 10  പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് ആറാം സ്ഥാനത്താണ്. ഒന്‍പത് കളിയില്‍നിന്ന് 20 പോയന്റുള്ള മോഹന്‍ബഗാനാണ് ഒന്നാമത്. 

ഇന്നത്തെ മത്സരത്തില്‍നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം കളിക്കളത്തില്‍ മരിച്ച മുന്‍ കേരള ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഐ.എസ്.എല്‍. ടീം ചെന്നൈയിന്‍ എഫ്.സി. നൂറ് ഗാലറിടിക്കറ്റുകള്‍ വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ഐ.എം. വിജയനും സുനില്‍ ഛേത്രിയും 250 ടിക്കറ്റുകള്‍വീതം വാങ്ങിയിരുന്നു. 1000 ടിക്കറ്റുകള്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗാനും വാങ്ങിയിട്ടുണ്ട്.

Content Highlights: Marcus Joseph strike helps Gokulam Kerala outfox Churchill Brothers