കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളില്‍ വീണ്ടുമൊരു ഐ ലീഗ് കളിക്കാലം. മുന്‍നിര ലീഗെന്ന സ്ഥാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വഴിമാറികൊടുത്തതിനുശേഷം നടക്കുന്ന ആദ്യ ഐ ലീഗ് ടൂര്‍ണമെന്റിന് ശനിയാഴ്ച കിക്കോഫാകും.

ഐസോളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഐസോള്‍ എഫ്.സി., കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ നേരിടും. കോഴിക്കോട്ട് ഗോകുലം കേരള എഫ്.സി. മണിപ്പുര്‍ ക്ലബ്ബ് നെറോക്ക എഫ്.സി.യുമായി ഏറ്റുമുട്ടും.

സീസണ്‍ 13 ടീമുകള്‍ 11

കേരള ക്ലബ്ബ് ഗോകുലത്തിന് പുറമെ ഐസോള്‍ എഫ്.സി, നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്ത്യന്‍ ആരോസ്, മോഹന്‍ ബഗാന്‍, നെറോക്ക എഫ്.സി, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാള്‍, റിയല്‍ കശ്മീര്‍, പുതുതായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ട്രാവു എഫ്.സി. എന്നിവയാണ് ലീഗില്‍ കളിക്കുന്നത്.പഴയ മിനര്‍വ ക്ലബ്ബ് പേരുമാറിയതാണ് പഞ്ചാബ് എഫ്.സി. മണിപ്പുര്‍ ക്ലബ്ബാണ് ട്രാവു.

ആറ് മാസം 109 കളി

നവംബര്‍ 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് ലീഗ് നടക്കുന്നത്. ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് 109 മത്സരങ്ങള്‍. ബഗാനും ഈസ്റ്റ് ബംഗാളും കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലും ട്രാവു, നെറോക്ക ടീമുകള്‍ ഇംഫാലിലെ ഖുമന്‍ ലാംപക് മെയ്ന്‍ സ്റ്റേഡിയത്തിലുമാണ് കളിക്കുന്നത്.

കഴിഞ്ഞ സീസണില്‍ 11 ടീമുകള്‍ 109 മത്സരമാണ് കളിച്ചത്. ചെന്നൈ സിറ്റി കിരീടം നേടി. ലീഗില്‍ 303 ഗോളുകള്‍ പിറന്നു. 11.14 ലക്ഷം പേര്‍ കളി കണ്ടു. ശരാശരി 10,223. കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റ് ബംഗാള്‍- മോഹന്‍ ബഗാന്‍ മത്സരം കാണാന്‍ 64,867 പേരാണെത്തിയത്.

ചരിത്രം

ദേശീയ ലീഗിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഐ ലീഗ്. 2007-ലാണ് ആരംഭിക്കുന്നത്. ലീഗില്‍ ഇതുവരെ 31 ടീമുകള്‍ വിവിധ സീസണുകളിലായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ വരെ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേ ഓഫില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത് ഐ ലീഗ് ചാമ്പ്യന്‍മാര്‍ക്കായിരുന്നു. ഇത്തവണ മുതല്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാര്‍ക്കാണ് യോഗ്യത. അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ലീഗായി മാറും.

കേരള ടീമുകള്‍

ഇത്തവണ ഗോകുലം കേരള എഫ്.സി.യാണ് ലീഗില്‍ കളിക്കുന്നത്. മുമ്പ് വിവാ കേരള ലീഗില്‍ കളിച്ചിട്ടുണ്ട്. വിവാ കേരള പേര് മാറി ചിരാഗ് കേരള യുണൈറ്റഡായും കളിക്കാനിറങ്ങിയിട്ടുണ്ട്. ഗോകുലം കഴിഞ്ഞ രണ്ട് സീസണുകളിലായി കളിക്കുന്നു.

ചാമ്പ്യന്‍മാര്‍ക്ക് ഒരു കോടി

ചാമ്പ്യന്‍മാര്‍ക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാംസ്ഥാനക്കാര്‍ക്ക് 60 ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് 40 ലക്ഷവുമാണ് ലഭിക്കുന്നത്. ഒരോ കളിയിലേയും താരത്തിന് 25,000 രൂപയാണ്.

Content Highlights: I-League new season begins today