കോഴിക്കോട്: വമ്പന്‍ പ്രതീക്ഷകളുമായി ഐ ലീഗ് ഫുട്ബോളിലെ ആദ്യപോരാട്ടത്തിന് ഗോകുലം കേരള എഫ്.സി. കളത്തിലിറങ്ങുന്നു. മണിപ്പുര്‍ ടീം നെറോക്ക എഫ്.സി.യാണ് ആദ്യമത്സരത്തില്‍ എതിരാളി. ശനിയാഴ്ച രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഗോകുലം ഇത്തവണത്തെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ ടീമുകളെ ഒന്നൊന്നായി കീഴടക്കി ഡ്യൂറാന്റ് കപ്പ് നേടിയ പ്രകടനമാണ് ഗോകുലത്തെ എതിര്‍ടീമുകളുടെ പേടിസ്വപ്നമാക്കിമാറ്റുന്നത്. 

ബംഗ്ലാദേശിലെ ധാക്കയില്‍നടന്ന ഷെയ്ഖ് കമാല്‍ കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സെമിയില്‍ കടക്കാനും കേരള ക്ലബ്ബിനായി. അര്‍ജന്റീനക്കാരന്‍ കോച്ച് ഫെര്‍ണാണ്ടൊ വരേലയുടെ കീഴില്‍ ടീം എല്ലാ മേഖലയിലും മികവിലേക്കുയര്‍ന്നിട്ടുണ്ട്.

മുന്നേറ്റനിരയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ സ്ട്രൈക്കര്‍ മാര്‍കസ് ജോസഫും യുഗാന്‍ഡയുടെ ഹെന്റി കിസീക്കയും ചേര്‍ന്ന സഖ്യത്തിലാണ് ഗോകുലത്തിന്റെ പ്രതീക്ഷകള്‍. ഡ്യൂറാന്റ് കപ്പില്‍ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകള്‍ മാര്‍കസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായി കളിച്ചിരുന്ന കിസീക്ക ഏഴുഗോള്‍ നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് താളം കണ്ടെത്തിയാല്‍ കഴിഞ്ഞ സീസണിലെ ഗോള്‍ വരള്‍ച്ചയ്ക്ക് ഗോകുലത്തിന് വിരാമമിടാം.

ട്രിനിഡാഡില്‍നിന്നുള്ള മധ്യനിരക്കാരന്‍ നഥാനിയല്‍ ഗാര്‍സിയ, അഫ്ഗാന്‍ ദേശീയ നിരയിലെ ഹാരൂണ്‍ അമിരി എന്നിവരും മികച്ച ഫോമിലാണ്. മലയാളി താരങ്ങളായ മുഹമ്മദ് ഇര്‍ഷാദ്, എം.എസ്. ജിതിന്‍, കെ.പി. രാഹുല്‍, മുഹമ്മദ് റാഷിദ്, ഗോള്‍ കീപ്പര്‍ സി.കെ. ഉബൈദ് തുടങ്ങിയവരെയും ടീം സ്വന്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ സീസണിലെ ടീമില്‍ വലിയ മാറ്റങ്ങളുമായാണ് നെറോക്ക ഇറങ്ങുന്നത്. പുതുതായി ആറ് വിദേശതാരങ്ങളെ ടീം സ്വന്തമാക്കി. ട്രിനിഡാഡ് ദേശീയ താരങ്ങളായ ഗോള്‍ കീപ്പര്‍ മര്‍വിന്‍ ഡെവോണ്‍ ഫിലിപ്പ്, സെന്റര്‍ ബാക്ക് ടാര്‍ക് സാംപ്സണ്‍, ക്വുസോമിന്‍ ഡിവാര എന്നിവരും കോംഗൊയുടെ യാവൊ സീക്കൊ, മാലിയുടെ ബോബാക്കര്‍ ഡിയാര എന്നിവരും നെറോക്കയിലെത്തി.

ഗോകുലത്തിന്റെ മുന്‍ പരിശീലകന്‍ ഗിഫ്റ്റ് റെയ്ഖണിന്റെ കീഴിലാണ് നെറോക്ക ഒരുങ്ങുന്നത്. ഗോകുലം ടീം കരുത്തുറ്റതാണെങ്കിലും മികച്ച പ്രകടനത്തിന് ടീം ഒരുങ്ങിക്കഴിഞ്ഞതായി റെയ്ഖണ്‍ പറഞ്ഞു.

Content Highlights: I-League kicks off the new season on Saturday; Gokulam against Neroka FC