കൊല്‍ക്കത്ത: വിജയമില്ലാത്ത മൂന്ന് മത്സരങ്ങള്‍ക്കുശേഷം കരുത്തുമുഴുവന്‍ പുറത്തെടുത്തു കളിച്ച ഗോകുലം കേരള എഫ്.സിക്കു മുന്നില്‍ ഈസ്റ്റ് ബംഗാള്‍ മുട്ടുമടക്കി. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ 3-1-നാണ് ആതിഥേയരെ കേരള ക്ലബ്ബ് കീഴടക്കിയത്.

സൂപ്പര്‍ സ്ട്രൈക്കര്‍മാരായ ഹെന്റി കിസെക്ക (21), മാര്‍ക്കസ് ജോസഫ് (65) എന്നിവര്‍ ഗോകുലത്തിനായി ഗോള്‍ നേടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടി ക്രെസ്പിയുടെ സെല്‍ഫ് ഗോളും ഗോകുലത്തിന് തുണയായി. കാസിം ഐദര (27) ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടു.

ജയത്തോടെ ആറ് കളിയില്‍ നിന്ന് 10 പോയന്റായ ഗോകുലം ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇത്രയും കളിയില്‍നിന്ന് എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്താണ്. ഏഴ് കളിയില്‍നിന്ന് 14 പോയന്റുള്ള മോഹന്‍ബഗാനാണ് ഒന്നാമത്. മര്‍ക്കസ് ജോസഫാണ് കളിയിലെ താരം.

ചെന്നൈ സിറ്റിക്കെതിരായ മത്സരത്തില്‍ തോറ്റ ടീമില്‍ അഴിച്ചുപണിനടത്തിയാണ് ഗോകുലം കേരള പരിശീലകന്‍ സാന്റിയാഗോ വരേല ടീമിനെ വിന്യസിച്ചത്. കെ. സല്‍മാന്‍, ഷിബില്‍ മുഹമ്മദ്, വുങ്ഗയാം മുയ്റാങ്, ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.

21-ാം മിനിറ്റില്‍ ഗോകുലം കേരള മുന്നിലെത്തി. നോച്ച സിങ് നല്‍കിയ പന്തുമായി ബോക്‌സിലേക്ക് കയറിയ കിസെക്ക ഒരു പ്രതിരോധനിരക്കാരനെ വെട്ടിച്ചശേഷം ലക്ഷ്യം കണ്ടു. ആറ് മിനിറ്റിനുശേഷം ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ കണ്ടെത്തി. നായകന്‍ ലാല്‍റിന്‍ഡികയെടുത്ത ഫ്രീകിക്കില്‍ അഷിം അക്തറിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി തിരിച്ചെത്തിയപ്പോള്‍ കിട്ടിയത് ഐദരയ്ക്ക്. പിഴവുകളില്ലാതെ താരം ഗോകുലം വലകുലുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാള്‍ താരം ക്രെസ്പി സ്വന്തം വലകുലുക്കിയപ്പോള്‍ ഗോകുലം മുന്നിലെത്തി. രണ്ടാം പകുതിയില്‍ മാര്‍ക്കസ് ജോസഫ് കൂടി ലക്ഷ്യം കണ്ടതോടെ പട്ടിക പൂര്‍ത്തിയായി.

Content Highlights: I-League Gokulam Kerala FC Move To Fourth Spot After Win Over East Bengal