കോഴിക്കോട്: മികച്ച കളി പുറത്തെടുക്കുമ്പോഴും ഗോള്‍ കണ്ടെത്താന്‍ പണിപ്പെടുന്ന ഗോകുലം കേരള ടീമിന് ഐ ലീഗ് ഫുട്ബോളില്‍ ശനിയാഴ്ച റിയല്‍ കശ്മീര്‍ വെല്ലുവിളി. കിരീടസ്വപ്നം നിലനിര്‍ത്താന്‍ ഗോകുലത്തിന് വിജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ മണിപ്പുര്‍ ടീം ട്രാവു എഫ്.സി.ക്കെതിരേ ആധിപത്യം പുലര്‍ത്തുകയും ആദ്യം ഗോള്‍ നേടുകയും ചെയ്‌തെങ്കിലും ഗോകുലത്തിന് സമനില വഴങ്ങേണ്ടിവന്നു. ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ മാര്‍കസ് ജോസഫിന്റെയും ഹെന്റി കിസിക്കയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. കോച്ച് ഫെര്‍ണാണ്ടൊ വരേലയെ സമ്മര്‍ദത്തിലാക്കുന്നതും മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയാണ്.

ഒമ്പതു കളികളില്‍നിന്ന് 14 പോയന്റുള്ള ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്താണ്. മോഹന്‍ ബഗാന്‍ 10 കളികളില്‍നിന്ന് 23 പോയന്റോടെ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. ശനിയാഴ്ച ജയിച്ചാല്‍ ഗോകുലത്തിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം. തുടരെ രണ്ടു കളികളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റിയല്‍ കശ്മീര്‍ കോഴിക്കോട്ടെത്തിയത്. ജയിച്ചാല്‍ ഗോകുലത്തെ മറിമടന്ന് മൂന്നാം സ്ഥാനത്തെത്താന്‍ റിയലിനും സാധ്യത തെളിയും. എട്ടു കളികളില്‍നിന്ന് 12 പോയന്റാണ് കശ്മീര്‍ ടീമിനുള്ളത്.

Content Highlights: I League Football Gokulam FC vs Real Kashmir