കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോകുലം കേരള എഫ്.സി.ക്ക് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റിയോട് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെന്നൈ സിറ്റിയുടെ ജയം. മൂന്നുഗോളിന് പിന്നിലായശേഷം അവസാന മിനിറ്റുകളില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗോകുലത്തിന് തോല്‍വി ഒഴിവാക്കാനായില്ല. 

ആദ്യപകുതി അവസാനിക്കാന്‍ ഒരുമിനിറ്റുമാത്രം അവശേഷിക്കെ ചെന്നെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. ശ്രീരാം നല്‍കിയ പാസില്‍ നിന്ന് അഡൊള്‍ഫൊ മിറാന്‍ഡയാണ് സ്‌കോര്‍ ചെയ്തത്. പ്രവിറ്റൊ രാജു 54-ാം മിനിറ്റിലും ശ്രീരാം 77-ാം മിനിറ്റിലും ചെന്നൈയ്ക്കായി ലക്ഷ്യം കണ്ടു. 

ഗോള്‍ കീപ്പര്‍ വിഗ്‌നേശ്വരന്‍ ഭാസ്‌കരന്‍ പരിക്കേറ്റ് പുറത്തുപോയതോടെ ഗോകുലം പത്തുപേരായി ചുരുങ്ങി. മൂന്നു സബ്സ്റ്റിറ്റിയൂഷന്‍ കഴിഞ്ഞതോടെ ഗോകുലത്തിന് പകരക്കാരെ ഇറക്കാനാവുമായിരുന്നില്ല. ഡിഫന്റര്‍ ഹരൂണ്‍ അമിരി ഗോള്‍ കീപ്പറുടെ വേഷമണിഞ്ഞെങ്കിലും എതിര്‍താരത്തെ ഫൗള്‍ ചെയ്തതിന് അമിരി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ആതിഥേയര്‍ ഒന്‍പതുപേരായി ചുരുങ്ങി.

തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങള്‍ 81-ാം മിനിറ്റിലാണ് ഫലം കണ്ടത്. പകരക്കാരനായി ഇറങ്ങിയ ഷിബില്‍ മുഹമ്മദിന്റെ വകയായിരുന്നു ഗോള്‍. 90 മിനുട്ടുകളില്‍ ഷിബില്‍ മുഹമ്മദ് ഗോകുലത്തിനായി വീണ്ടും ഗോള്‍ നേടി. എന്നാല്‍, മൂന്നാം ഗോളിനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.

ഇഞ്ചുറി ടൈമില്‍ മൂന്നു താരങ്ങളാണ് ചുവപ്പുകാര്‍ഡ് കണ്ടത്. ഗോകുലത്തിന്റെ മുഹമ്മദ് ഇര്‍ഷാദ്, ഷൊയിബ് ഇസ്ലാം അമിരി എന്നിവരും ചെന്നൈയുടെ മഷൂര്‍ ഷെരീഫും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ജയത്തോടെ ആറു കളിയില്‍നിന്ന് എട്ടു പോയന്റായ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ചുകളിയില്‍നിന്ന് ഏഴു പോയന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്.

Content Highlight : i league Chennai city vs Gokulam FC