കോഴിക്കോട്: പുതുവത്സരത്തിലെ ആദ്യ ഐ ലീഗ് മത്സരത്തില്‍ അവസരങ്ങള്‍ തുലച്ച ഗോകുലം കേരള എഫ്.സി.ക്ക് സമനില. ഐസോള്‍ എഫ്.സിയാണ് കേരള ടീമിനെ തളച്ചത് (1-1). ഗോകുലത്തിനായി ക്യാപ്റ്റന്‍ മര്‍ക്കസ് ജോസഫും (70) ഐസോളിനായി അബ്ദുലായ് കെനൗട്ടും (14) സ്‌കോര്‍ ചെയ്തു.

പെനാല്‍റ്റിയടക്കം നിരവധി സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ഗോകുലം സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങിയത്. കളിയുടെ 19-ാം മിനിറ്റില്‍ ജോസഫ് അദ്‌ജെ ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്ത് പേരായി ഐസോള്‍ ചുരുങ്ങിയിരുന്നു. നാല് കളിയില്‍നിന്ന് ഏഴ് പോയന്റായ ഗോകുലം ആറാം സ്ഥാനത്തും ആറ് കളിയില്‍ നിന്ന് ഇത്രയും പോയന്റുള്ള ഐസോള്‍ അഞ്ചാം സ്ഥാനത്തുമാണ്. ഗോള്‍വ്യത്യാസമാണ് മിസോറം ടീമിനെ മുന്നിലെത്തിച്ചത്.

കളിയുടെ 14-ാം മിനിറ്റില്‍ കളിഗതിക്കെതിരെ ഐസോള്‍ ഗോള്‍ നേടി. പ്രത്യാക്രമണത്തില്‍ ലോങ് ബോള്‍ പിടിച്ചെടുത്ത അബ്ദുല്ലായി കെനൗട്ടിന്റെ ഫസ്റ്റ് ടൈം ഷോട്ട് ഗോകുലത്തിന്റെ വലകുലുക്കി. 22-ാം മിനിറ്റില്‍ ഗോകുലത്തിന് പെനാല്‍ട്ടി ലഭിച്ചു. നതാനിയേല്‍ ഗാര്‍ഷ്യയുടെ ഷോട്ട് ഐസോള്‍ താരം ജോസഫ് അദ്‌ജെ കയ്യില്‍ തട്ടി. ഗോകുലത്തിന് പെനാല്‍ട്ടിയും താരത്തിന് ചുവപ്പുകാര്‍ഡും. എന്നാല്‍ മര്‍ക്കസ് ജോസഫിന്റെ കിക്ക് ഐസോള്‍ ഗോളി ലാല്‍റെംറുത്ത തടുത്തിട്ടു.

70-ാം മിനിറ്റില്‍ ഗോകുലത്തിന്റെ സമനില ഗോള്‍ വന്നു. പകരക്കാരനായെത്തിയ സല്‍മാന്‍ നല്‍കിയ ക്രോസില്‍ നിന്ന് മാര്‍ക്കസ് ലക്ഷ്യം കണ്ടു. 13350 പേര്‍ മത്സരം കാണാനെത്തിയിരുന്നു. ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം ജനുവരി ഒമ്പതിന് ചെന്നൈ സിറ്റിക്കെതിരെയാണ്.

ധനരാജിന് ആദരാഞ്ജലി

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച മുന്‍ കേരള താരം ധനരാജിന് മത്സരത്തിന്റെ തുടക്കത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് ഗോകുലം കളിച്ചത്.

ചര്‍ച്ചില്‍ ഒന്നാമത്‌

മഡ്ഗാവ്: ഈസ്റ്റ് ബംഗാളിനെ കീഴടക്കി ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 89-ാം മിനിറ്റില്‍ വില്ലിസ് പ്ലാസ നേടിയ ഏക ഗോളിലാണ് ജയം. നാല് കളിയില്‍നിന്ന് ചര്‍ച്ചിലിന് ഒമ്പത് പോയന്റായി. പഞ്ചാബ് എഫ്.സിക്കും ഇതേ പോയന്റുണ്ടെങ്കിലും ഗോള്‍നിലയില്‍ ചര്‍ച്ചിലാണ് മുന്നില്‍. മറ്റൊരുകളിയില്‍ പഞ്ചാബ് എഫ്.സി.യും ട്രാവുവും സമനിലയില്‍ പിരിഞ്ഞു (0-0).

Content Highlights: I League 2020 Golkulam Kerala FC vs Aizawl FC