കോഴിക്കോട്: ഗോളവസരങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി.ക്കു സമനില. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ മണിപ്പൂര്‍ ടീമായ ട്രാവു എഫ്.സി.യാണ് ഗോകുലത്തെ തളച്ചത് (1-1).

ഹെന്റി കിസേക്ക ഗോകുലത്തിനായി ഗോള്‍ നേടിയപ്പോള്‍ കൃഷ്ണാനന്ദ സിങ്ങായിരുന്നു ട്രാവുവിന്റെ സ്‌കോറര്‍. ഇതോടെ പോയന്റ് പട്ടികയില്‍ 10 മത്സരങ്ങളില്‍ 15 പോയന്റോടെ ട്രാവു മൂന്നാം സ്ഥാനത്തും 9 മത്സരങ്ങളില്‍ 4 വിജയവും 2 സമനിലയും 3 തോല്‍വിയുമായി 14 പോയന്റോടെ ഗോകുലം നാലാമതുമായി.

ആദ്യപകുതിയില്‍ 21-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍കസ് നല്‍കിയ പാസിലാണ് ഹെന്റി കിസേക്ക ഗോളടിച്ചത്. കിസേക്കയുടെ ഷോട്ടില്‍ പന്ത് പിടിക്കാമായിരുന്നെങ്കിലും ട്രാവു എഫ്.സി.യുടെ ഗോളിയുടെ കൈയില്‍നിന്ന് പന്ത് വഴുതിപ്പോകുകയായിരുന്നു.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജോസഫ് മയോവയുടെ മികച്ച പാസ് കൂട്ടപ്പൊരിച്ചിലിനിടയില്‍നിന്ന് കൃഷ്ണാനന്ദ സിങ് ഗോകുലം പോസ്റ്റിലേക്ക് അടിച്ചതോടെയാണ് ട്രാവുവിന്റെ സമനിലഗോള്‍ പിറക്കുന്നത്.

Content Highlights: I-League 2019-20 Trau FC earn a point against Gokulam Kerala fc