കോഴിക്കോട്: ഐ-ലീഗില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഗോകുലം കേരള എഫ്.സിക്ക് സമനില. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി.

ഗോകുലത്തിന്റെ രണ്ടു താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിലൂടെ ആദ്യം സ്‌കോര്‍ ചെയ്തതും ഗോകുലമായിരുന്നു.

24-ാം മിനിറ്റില്‍ യുവാന്‍ മെരയെ നവോച്ച സിങ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ പെരെസ് ഈസ്റ്റ് ബംഗാളിന്റെ സമനില ഗോള്‍  നേടി.

49-ാം മിനിറ്റില്‍ നവോച്ച സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ഗോകുലത്തിന് തിരിച്ചടിയായി. ശേഷിച്ച സമയം 10 പേരുമായാണ് ഗോകുലം ഈസ്റ്റ് ബംഗാള്‍ ആക്രമണം തടഞ്ഞത്. അധികസമയത്തിന്റെ നാലാം മിനിറ്റില്‍ ഗോകുലത്തിന്റെ ഇസ്ലാം അമിരിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

14 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്. 15 കളികളില്‍ നിന്ന് 20 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ നാലാമതും.

Content Highlights: I-LEAGUE 2019-20 10 man Gokulam Kerala hold East Bengal to draw