കോഴിക്കോട്: കളിക്കളത്തില്‍ വീണുമരിച്ച മുന്‍ കേരളതാരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഗോകുലം കേരള എഫ്.സി.യുടെ ശ്രമത്തിന് പിന്തുണയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയനും. 

ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന ഐ ലീഗിലെ ഗോകുലം കേരള എഫ്.സി -ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരത്തിന്റെ 250 ടിക്കറ്റുകള്‍ വിജയനും 220 ടിക്കറ്റുകള്‍ ഛേത്രിയും വാങ്ങി. ഈ മത്സരത്തില്‍നിന്നുള്ള ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാര്‍ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്. 

ഗോകുലം എഫ്.സി.യുടെ ട്വീറ്റ് കണ്ടാണ് ഛേത്രി ടിക്കറ്റ് വേണമെന്നറിയിച്ചത്. വാങ്ങിയ ടിക്കറ്റുകള്‍ ഫുട്ബോള്‍ അക്കാദമികള്‍ക്കോ എന്‍.ജി.ഒ.കള്‍ക്കോ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ ഫുട്ബോള്‍ ആരാധകക്കൂട്ടങ്ങളും ടിക്കറ്റ് വാങ്ങുന്നുണ്ട്. 

മത്സരത്തിന് സൗജന്യ ടിക്കറ്റുകളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. വിവ കേരള, മോഹന്‍ ബഗാന്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള ധനരാജ് മലപ്പുറത്ത് നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ടിക്കറ്റ് വാങ്ങാം

31,000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ 25,000 ഗാലറി ടിക്കറ്റുകള്‍. ടിക്കറ്റ് നിരക്ക് 50 രൂപ. 5000 വി.ഐ.പി. ടിക്കറ്റുകള്‍. നിരക്ക് 100 രൂപ. വിദ്യാര്‍ഥികള്‍ക്ക് നിരക്കില്‍ ഇളവുകളോടെ 5000 ടിക്കറ്റുകളുണ്ട്. നിരക്ക് 30 രൂപ.

ഓണ്‍ലൈനില്‍ പേ.ടി.എം. വഴി ടിക്കറ്റ് ലഭിക്കും. ഇതിനുപുറമെ മത്സരദിവസം സ്റ്റേഡിയത്തില്‍ നിന്നും ടിക്കറ്റെടുക്കാം.

Content Highlights: Gokulam kerala initiative to help Dhanaraj family I M Vijayan and Sunil Chhetri