കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളിനുള്ള 25 അംഗ ടീമിനെ ഗോകുലം കേരളാ എഫ്.സി. അവതരിപ്പിച്ചു. ടീം ജേഴ്‌സിയും പുറത്തിറക്കി. ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ജോസഫാണ് നായകന്‍. പത്ത് മലയാളിതാരങ്ങളും അഞ്ച് വിദേശതാരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുഖ്യാതിഥി മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജും ചേര്‍ന്ന് ഗോകുലംഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് ജേഴ്‌സി കൈമാറി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ക്ലബ്ബ് പ്രസിഡന്റ് വി.സി. പ്രവീണ്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനൊ ജോര്‍ജ്, മുന്‍ ഇന്ത്യന്‍താരം യു. ഷറഫലി, കെ.ഡി.എഫ്.എ. പ്രസിഡന്റ് ടി.സി. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. 

കോഴിക്കോട്ട് നവംബർ 30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗോകുലം നെരോക്ക എഫ്.സി.യെ നേരിടും. 

ടീം: സി.കെ. ഉബൈദ്, വിഗ്‌നേശ്വരന്‍ ഭാസ്‌കരന്‍, പി.എ. അജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍), സെബാസ്റ്റ്യന്‍ തങ്മുവാന്‍സാങ്, അശോക് സിങ്, നവോച്ചാ സിങ്, ജസ്റ്റിന്‍ ജോര്‍ജ്, എം. ഇര്‍ഷാദ് (വൈസ് ക്യാപ്റ്റന്‍), ആന്ദ്ര എറ്റിനി, ധര്‍മരാജ് രാവണന്‍, ഹറൂണ്‍ അമിരി (ഡിഫന്‍ഡര്‍മാര്‍), ഷിബി മുഹമ്മദ്, മുഹമ്മദ് സല, മുഹമ്മദ് റാഷിദ്, മായക്കണ്ണന്‍, യാംബൊയ് മൊയ്രാങ്, കെ. സല്‍മാന്‍, നഥാനിയേല്‍ ഗാര്‍സിയ, എം.എസ്. ജിതിന്‍, നിക്കൊളാസ് ഫെര്‍ണാണ്ടസ്, മലേംഗാംബ മീതേയ്(മിഡ്ഫീല്‍ഡര്‍മാര്‍), മാര്‍ക്കസ് ജോസഫ്, ഹെന്റി കിസീക്ക, ലാല്‍റൊമോവിയ, കെ.പി. രാഹുല്‍(ഫോര്‍വേഡ്). മുഖ്യപരിശീലകന്‍: സാന്റിയാഗോ വരേല (അര്‍ജന്റീന).

വനിതകള്‍ക്ക് സൗജന്യമായി കളികാണാം

ടീമിന്റെ ഹോംമാച്ചുകളില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ടീമുടമകള്‍ പ്രഖ്യാപിച്ചു. വി.ഐ.പി. സീസണ്‍ ടിക്കറ്റിന് 750 രൂപയും ഗാലറി സീസണ്‍ ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50), വി.വി.ഐ.പി. (200) വി.ഐ.പി. (100) എന്നിങ്ങനെയാണ് നിരക്ക്.

Content Highlights: Gokulam Kerala FC New Team I League Football