ലീഗ് ഫുട്‌ബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരളാ ടീമെന്ന നേട്ടത്തിനായി കളത്തിലിറങ്ങുകയാണ് ഗോകുലം കേരള എഫ്.സി. മൂന്നാം സീസണില്‍ ടീം അടിമുടി മാറിക്കഴിഞ്ഞു. സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ മണിപ്പൂര്‍ ടീം നെരോക്ക എഫ്.സി.യെയാണ് ഗോകുലം നേരിടുന്നത്.

ലോകത്തെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റുകളില്‍ ഒന്നായ ഡ്യൂറന്റ് കപ്പ് ഇത്തവണ സ്വന്തമാക്കിയാണ് 'മലബാറിയന്‍സി'ന്റെ പടപ്പുറപ്പാട്. കൊല്‍ക്കത്താ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയും മോഹന്‍ബഗാനെയും കീഴടക്കിയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.

തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് കപ്പിലും പ്രമുഖ ടീമുകളെ ഞെട്ടിച്ച് മുന്നേറിയ മലബാറിയന്‍സ് സെമിയില്‍ കടന്നു. നിര്‍ഭാഗ്യംകൊണ്ടാണ് സെമിയില്‍ ആതിഥേയരായ ചിറ്റഗോങ് അബഹാനിയോട് എക്സ്ട്രാ ടൈമില്‍ തോറ്റ് പുറത്തായത്. കോച്ച് ഫെര്‍ണാണ്ടോ സാന്റിയാഗൊ വലേരയുടെ തന്ത്രങ്ങളില്‍ 'ജയന്റ് കില്ലേഴ്സ്' വിജയിക്കാന്‍ പഠിച്ചുകഴിഞ്ഞു.

മികച്ച സ്ട്രൈക്കര്‍മാരുടെ സാന്നിധ്യമാണ് ഇത്തവണ ഗോകുലത്തിന് സാധ്യത നല്‍കുന്നത്. ഗോളടിവീരനായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ദേശീയതാരം മാര്‍ക്കസ് ജോസഫ് ഏത് പ്രതിരോധനിരയെയും ഭേദിക്കാന്‍ കഴിവുള്ള താരമാണ്. ഡ്യൂറന്റ് കപ്പില്‍ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകളാണ് മാര്‍ക്കസ് അടിച്ചുകൂട്ടിയത്. ഉഗാണ്ടയില്‍നിന്നുള്ള ഹെന്‍ട്രി കിസെക്ക ടീമില്‍ തിരിച്ചെത്തിയതും ടീമിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ലീഗായി ഐ.എസ്.എല്ലിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐ ലീഗിന്റെ പ്രാധാന്യം നിലനില്‍ക്കുന്നുണ്ട്. ഐ ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് എ.എഫ്.സി.കപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ദേശീയ ടീമിലേക്ക് പരിഗണിക്കുമെന്ന ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമിച്ചിന്റെ പ്രസ്താവനയും കളിക്കാര്‍ക്ക് ഊര്‍ജം പകരുന്നതാണ്. പതിനൊന്ന് ടീമുകളാണ് ഇത്തവണ ഐ ലീഗില്‍ മത്സരിക്കുന്നത്. ചെന്നൈ സിറ്റി എഫ്.സി.യാണ് നിലവിലെ ജേതാക്കള്‍.

ഹോം ആന്‍ഡ് എവേ രീതിയാലാണ് ലീഗ് നടക്കുക. എല്ലാ ടീമുകളും എതിരാളികള്‍ക്കെതിരേ സ്വന്തം മൈതാനത്തും എതിര്‍ടീമിന്റെ തട്ടകത്തിലും കളിക്കണം. ഓരോ ടീമുകള്‍ക്കും മൊത്തം ഇരുപത് മത്സരങ്ങളുണ്ടാവും. ഏറ്റവുമധികം പോയന്റ് നേടുന്ന ടീമുകള്‍ ജേതാക്കളാവും. അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും.

സ്ത്രീകള്‍ക്ക് ടിക്കറ്റ് വേണ്ട

ഇത്തവണ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കയാണ് ഗോകുലം മാനേജ്‌മെന്റ്. പരമാവധിപേര്‍ കളികാണാനെത്തി ആവേശം പകരണമെന്നാണ് ടീം ആവശ്യപ്പെടുന്നത്. മത്സരം വൈകീട്ട് ഏഴ് മണിക്കാക്കിയതും കൂടുതല്‍ കാണികളെ ലക്ഷ്യമിട്ടാണ്. ഡി സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ലൈവായി കാണിക്കുന്നുണ്ട്.

വി.ഐ.പി.സീസണ്‍ ടിക്കറ്റിന് 750 രൂപയും ഗാലറി സീസണ്‍ ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50) വി.വി.ഐ.പി.(200) വി.ഐ.പി. (100) എന്നിങ്ങനെയാണ് ദിവസ നിരക്ക്. ടിക്കറ്റുകള്‍ ശ്രീ ഗോകുലം ചിറ്റ് ഓഫീസുകളില്‍ ലഭ്യമാണ്. മത്സരദിവസങ്ങളില്‍ സ്റ്റേഡിയത്തിലും ലഭിക്കും.

Gokulam Kerala FC looking for Fresh Start in I-League 13th Season

തലവര മാറ്റാന്‍ വരേല

രണ്ടാം വരവിലാണ് അര്‍ജന്റീനക്കാരായ കോച്ച് ഫെര്‍ണാണ്ടൊ വരേല ടീമിനെ മാറ്റിമറിച്ചത്. ആദ്യ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന വരേല ഇംഗ്ലീഷ് വശമില്ലായ്മകാരണം മടങ്ങുകയായിരുന്നു. എന്നാല്‍, കളിക്കാരുമായി ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠിച്ചെടുത്താണ് ബാഴ്സലോണയില്‍ താമസിക്കുന്ന വരേല തിരിച്ചെത്തിയത്. ഐ ലീഗില്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് വരേല സംസാരിക്കുന്നു.

ഐ ലീഗില്‍ ടീമിന് സാധ്യത നല്‍കുന്ന ഘടകങ്ങള്‍?

കഴിഞ്ഞ സീസണെ അപേക്ഷിച്ച് ടീം ഏറെ കെട്ടുറപ്പ് കൈവരിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്നു. ഡ്യൂറന്റ് കപ്പ് വിജയം ടീമില്‍ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. പരിശീലനമത്സരങ്ങളില്‍ ഐ.എസ്.എല്‍.ടീമുകളെ കീഴടക്കാന്‍ കഴിഞ്ഞു.

ഏത് ശൈലിയാവും ടീം പിന്തുടരുക?

എതിര്‍ ടീമുകളെ വിലയിരുത്തിയാണ് ശൈലി തീരുമാനിക്കുക. ഒരു മത്സരത്തില്‍ത്തന്നെ സാഹചര്യത്തിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്തേണ്ടിവരും. സാങ്കേതികമായി സ്പാനിഷ് ശൈലി മികച്ചതാണ്. ഏതായാലും കാണികളെ ആകര്‍ഷിക്കുന്ന കളി കാഴ്ചവെക്കാന്‍ ശ്രമിക്കും. ആക്രമണ ഫുട്ബോളാണ് ടീം പിന്തുടരുക. എന്നാല്‍, പ്രതിരോധം മറന്നുകൊണ്ടുള്ള ആക്രമണം അപകടകരമാണ്.

കോഴിക്കോട്ടെ കാണികള്‍?

അര്‍ജന്റീനയിലേതുപോലെ കളിയോട് അടങ്ങാത്ത അഭിനിവേശമുള്ളവരാണ് ഇവിടത്തെ കാണികള്‍ ടീമിന്റെ പ്രകടനത്തില്‍ കാണികള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കോഴിക്കോട് ഞങ്ങളുടെ കളികാണാന്‍ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന താരങ്ങള്‍

Gokulam Kerala FC looking for Fresh Start in I-League 13th Season

മാര്‍ക്കസ് ജോസഫ്

ട്രിനിഡാഡ് താരത്തിന്റെ ഗോളടി മികവിലാണ് ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍. ഡ്യൂറന്റ് കപ്പിലെ 11 ഗോള്‍ പ്രകടനം മാര്‍കസിന്റെ ഫോം വെളിപ്പെടുത്തുന്നു. കഴിഞ്ഞ സീസണില്‍ ടീമിനായി ഒമ്പതുകളികളില്‍നിന്ന് ഏഴുഗോള്‍ നേടി. ട്രിനിഡാഡ് ദേശീയടീമിലെ സ്ഥിരക്കാരനാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആറു ഗോളുകള്‍. എതിര്‍ പ്രതിരോധനിരക്കാരെ വേഗംകൊണ്ടും തന്ത്രംകൊണ്ടും മറികടന്ന് ഗോള്‍ നേടാനുള്ള കഴിവാണ് മാര്‍ക്കസിനെ അപകടകാരിയാക്കുന്നത്.

Gokulam Kerala FC looking for Fresh Start in I-League 13th Season

ഹരൂണ്‍ അമിരി

ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പിടിച്ചുകെട്ടിയ അഫ്ഗാനിസ്താന്‍ നിരയിലെ മിഡ്ഫീല്‍ഡറാണ് അമിരി. അഫ്ഗാന്‍ നായകനുമായിരുന്നു. ദീര്‍ഘനാളായി ഇന്ത്യയില്‍ കളിക്കുന്ന അമിരി ഡെംപൊ ഗോവ, ഡി.എസ്.കെ. ശിവാജിയന്‍സ്, മോഹന്‍ ബഗാന്‍, ചെന്നൈ സിറ്റി ടീമുകള്‍ക്കായി ഐ ലീഗില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എസ്.എല്ലില്‍ എഫ്.സി. ഗോവയ്ക്കായും കളിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ അമിരിക്ക് സെന്റര്‍ബാക്ക് സ്ഥാനത്തും തിളങ്ങാനാവും.

Gokulam Kerala FC looking for Fresh Start in I-League 13th Season

എം.എസ്. ജിതിന്‍

ഗോകുലം ഏറെ പ്രതീഷയര്‍പ്പിക്കുന്ന യുവതാരമാണ് തൃശ്ശൂര്‍ സ്വദേശിയായ ജിതിന്‍. കേരളം 2017-ല്‍ സന്തോഷ് ട്രോഫി ജേതാക്കളായപ്പോള്‍ ജിതിനായിരുന്നു ടോപ് സ്‌കോറര്‍. കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിലും കേരളാ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. വിങ്ങറായാണ് ജിതിന്‍ കളിക്കുന്നത്.

Gokulam Kerala FC looking for Fresh Start in I-League 13th Season

മുഹമ്മദ് ഇര്‍ഷാദ്

രണ്ട് സീസണുകളിലായി ടീമിനൊപ്പമുള്ള ഇര്‍ഷാദ് ലെഫ്റ്റ് ബാക്ക് സ്ഥാനത്താണ് കളിക്കുന്നത്. ടീമിന്റെ ഉപനായകനാണ്. ഷെയ്ഖ് കമാല്‍കപ്പില്‍ മാര്‍കസിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് തിരൂര്‍ സ്വദേശിയായ ഇര്‍ഷാദായിരുന്നു. ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡറായാണ് തുടങ്ങിയത്. പിന്നീട് പ്രതിരോധനിരയിലേക്ക് മാറുകയായിരുന്നു.

Gokulam Kerala FC looking for Fresh Start in I-League 13th Season

സി.കെ. ഉബൈദ്

ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും പരിചയസമ്പന്നനായ ഗോള്‍ കീപ്പര്‍മാരിലൊരാളാണ് കണ്ണൂര്‍ സ്വദേശിയായ ഉബൈദ്. വിവ കേരളയ്ക്കായി കളി തുടങ്ങിയ താരം പിന്നീട്, എയര്‍ ഇന്ത്യ, ഒ.എന്‍.ജി.സി., ഈസ്റ്റ് ബംഗാള്‍ ടീമുകളുടെയും വലകാത്തു. ഇത്തവണ ഡ്യൂറന്റ് കപ്പ് സെമിയിലെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉബൈദിന്റെ മിന്നും രക്ഷപ്പെടുത്തലുകളാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിക്കാന്‍ ഗോകുലത്തെ സഹായിച്ചത്. ഉബൈദിന്റെ വരവ് ടീമിന്റെ പ്രതിരോധക്കരുത്ത് വര്‍പ്പിക്കുന്നു.

Gokulam Kerala FC looking for Fresh Start in I-League 13th Season

നഥാനിയല്‍ ഗാര്‍സിയ

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ കപ്പില്‍ രണ്ടുകളികളില്‍ മാന്‍ ഓഫ് ദി മാച്ച് നേടി. വിങ്ങറായും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഗാര്‍സിയയുടെ ഫ്രീകിക്കുകള്‍ എതിരാളികളുടെ പേടിസ്വപ്നമാണ്.

Gokulam Kerala FC looking for Fresh Start in I-League 13th Season

ഹെന്‍ട്രി കിസെക്ക

ആദ്യ സീസണില്‍ യുഗാന്‍ഡന്‍ താരമായ കിസെക്കയായിരുന്നു ഗോകുലം ആക്രമണത്തിലെ തുറുപ്പുചീട്ട്. കിസെക്കയുടെ ഗോളടിമികവിലാണ് കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെയും മോഹന്‍ ബഗാനെയും ഗോകുലം ഞെട്ടിച്ചത്. ഒമ്പതു മത്സരങ്ങളില്‍നിന്ന് ഏഴു ഗോള്‍ നേടിയിരുന്ന യുഗാന്‍ഡന്‍ സ്ട്രൈക്കര്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായാണ് കളിച്ചത്. ടീമില്‍ തിരിച്ചെത്തിയ കിസെക്ക മുന്നേറ്റനിരയില്‍ മാര്‍ക്കസ് ജോസഫുമായി ചേരുമ്പോള്‍ ഐ ലീഗിലെ ഏറ്റവും മാരകമായ കൂട്ടുകെട്ടായിമാറും.

Gokulam Kerala FC looking for Fresh Start in I-League 13th Season

Content Highlights: Gokulam Kerala FC looking for Fresh Start in I-League 13th Season