കോഴിക്കോട്: കേരളവിഭവങ്ങളുടെ രുചിയറിയാമെന്നു കരുതി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വീട്ടിലെത്തിയ ഐസോള്‍ എഫ്.സി താരങ്ങള്‍ ഞെട്ടി. കൊതിയൂറുന്ന മിസോറം വിഭവങ്ങളാണ് ഗവര്‍ണര്‍ പ്രിയതാരങ്ങള്‍ക്കായി ഒരുക്കിയത്. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി.യോടുള്ള മത്സരത്തിന് കോഴിക്കോട്ടെത്തിയ ഐസോള്‍ എഫ്.സി. ടീമംഗങ്ങളെയും ഒഫീഷ്യല്‍സിനെയുമാണ് ഗവര്‍ണര്‍ തിരുത്തിയാട്ടുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

മിസോറം രീതിയിലുള്ള മീന്‍വിഭവങ്ങളും ബ്രെഡ് സാന്‍വിച്ചും പൈനാപ്പിള്‍ ജ്യൂസും ദക്ഷിണേന്ത്യന്‍ രുചിയായ വടയും ചമ്മന്തിയും ഇവര്‍ക്കായി ഒരുക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.15-ഓടെ വീട്ടിലെത്തിയ ടീമംഗങ്ങളെ ഗവര്‍ണറും ഭാര്യ റീതാ ശ്രീധറും ചേര്‍ന്ന് സ്വീകരിച്ചു. ഒരുമണിക്കൂറോളം ടീം ഇവിടെ ചെലവഴിച്ചു.

കോച്ച് സ്റ്റാന്‍ലി റൊസാരിയോ, ടീം മാനേജര്‍ മിങ് ടാണ എന്നിവര്‍ ചേര്‍ന്ന് ടീം േജഴ്‌സി ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. മിസോറം ഗവര്‍ണര്‍ കൂടിയായ പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്തുണയുള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് സ്റ്റാന്‍ലി റൊസാരിയോ പറഞ്ഞു.

Content Highlights: Aizawl FC players visit Mizoram Governor P. S. Sreedharan Pillai