കോഴിക്കോട്: സ്വന്തം തട്ടകത്തില്‍ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ ഈ സീസണിലെ ആദ്യജയമാണ് ഗോകുലം കേരള എഫ്.സി മോഹിക്കുന്നത്. 

ഐലീഗ് ഫുട്ബോളില്‍ ഞായറാഴ്ച വടക്കുകിഴക്കന്‍ ടീമായ ഷില്ലോങ് ലജോങ്ങാണ് ഗോകുലത്തിന്റെ എതിരാളികള്‍. വൈകുന്നേരം അഞ്ച് മണിക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

മോഹന്‍ ബഗാനെതിരേ സ്വന്തം മണ്ണില്‍ സമനിലയോടെ മികച്ച തുടക്കമിട്ട ഗോകുലം മണിപ്പൂര്‍ ക്ലബ്ബ് നെറോക്ക എഫ്.സിയെ അവരുടെ ഗ്രൗണ്ടിലും തളച്ചു. എന്നാല്‍ ചെന്നൈ സിറ്റിക്കെതിരേ ഹോം മാച്ചില്‍ തോറ്റതോടെ ടീം പ്രതിരോധത്തിലായി. ഇതോടെ ലജോങ്ങിനെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ടീമിന് ആലോചിക്കാന്‍ കഴിയില്ല.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട നായകന്‍ മുദ്ദ മൂസയുടെ സേവനം ടീമിന് ലഭിക്കില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഉപനായകന്‍ മുഹമ്മദ് റാഷിദാകും പകരക്കാരന്‍. ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് പരിശീലകന്‍ ബിനോ ജോര്‍ജ് ഒരുങ്ങിയേക്കില്ല. പുതുതായെത്തിയ ഐവറികോസ്റ്റ് താരം അര്‍തര്‍ കോയാസി പകരക്കാരന്റെ റോളിലാകും.

മുന്നേറ്റത്തില്‍ സുഹൈര്‍ ഏക സ്ട്രൈക്കറാക്കി അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ അന്റോണിയോ ജെര്‍മന്‍-അര്‍ജുന്‍ ജയരാജ്-പ്രീതം എന്നിവരെ കളിപ്പിക്കും. രാജേഷ് പകരക്കാരനായെത്തും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഗുയ്ലെര്‍മെ ബറ്റാറ്റയാകും റാഷിദിനൊപ്പം. സെന്‍ട്രല്‍ ഡിഫന്‍സില്‍ ഡാനിയേല്‍ അഡുവും ഫെഡറിക്കോ ഒര്‍ട്ടിസും കളിക്കും. കഴിഞ്ഞ മത്സത്തില്‍ ടീമിന്റെ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ പരിഹരിച്ചതായി ബിനോ വ്യക്തമാക്കി. ലീഗില്‍ മൂന്ന് കളിയില്‍നിന്ന് രണ്ട് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ഗോകുലം.

അവസാനമത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് തോറ്റാണ് ലജോങ്ങിന്റെ വരവ്. മൂന്ന് കളിയില്‍ രണ്ടെണ്ണത്തിലും അവര്‍ തോറ്റു. ഒരു കളി ജയിച്ച ടീം ഏഴാം സ്ഥാനത്താണ്. പൂര്‍ണമായും ഇന്ത്യന്‍ കളിക്കാരുമായി ഇറങ്ങുന്ന ടീമിന്റെ പ്രധാനശക്തി മുന്നേറ്റനിരക്കാരനും നായകനുമായ സാമുവല്‍ ലാല്‍മുവാന്‍പ്യൂയയാണ്. മധ്യനിരയില്‍ സാമുവല്‍ ക്യാന്‍ഷിയും പ്രതിരോധത്തില്‍ നോവിന്‍ ഗുരുങ്ങും നന്നായി കളിക്കുന്നുണ്ട്.

''പ്രതിരോധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡിഫന്‍സിലെ വിദേശതാരങ്ങള്‍ മൂന്ന് കളിയിലും ഒരുമിച്ചുകളിച്ചത് ഗുണം ചെയ്യും. ലീഗില്‍ ആദ്യജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'' - ബിനോ ജോര്‍ജ്.

Content Highlights: struggling gokulam kerala takes on shillong lajong