കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന് തുടര്‍ച്ചയായ രണ്ടാം സമനില. സ്വന്തം തട്ടകത്തില്‍ ഐസോള്‍ എഫ്.സി.യാണ് ബഗാനെ തളച്ചത് (2-2). ആദ്യകളിയില്‍ ഗോകുലം എഫ്.സി.യോട് കൊല്‍ക്കത്ത ക്ലബ്ബ് സമനില വഴങ്ങിയിരുന്നു.

ലാല്‍ച്യന്‍കീമ, സോണി നോര്‍ദെ എന്നിവര്‍ ബഗാനായും ലാല്‍ഖപ്യമാവിയ, ലാല്‍റിന്‍മൗന എന്നിവര്‍ ഐസോളിനായും ഗോള്‍ നേടി. 

കളി തുടങ്ങി 29-ാം മിനിറ്റില്‍ തന്നെ ലാല്‍ഖപ്യമാവിയയിലൂടെ ഐസോള്‍ ലീഡെടുത്തു. 43-ാം മിനിറ്റില്‍ ബഗാന്‍ തിരിച്ചടിച്ചു. ലാല്‍ച്യന്‍കീമയിലൂടെ ഐസോളിനെ ഒപ്പം പിടിച്ചു. 61-ാം മിനിറ്റില്‍ സൂപ്പര്‍ താരം സോണി നോര്‍ദെ കളത്തിലിറങ്ങി. വെറും എട്ടു മിനിറ്റിനുള്ളില്‍ നോര്‍ദെ ബഗാനെ മുന്നിലെത്തിച്ചു. ഇടതു വിങ്ങില്‍ നിന്ന് പന്ത് സ്വീകരിച്ച നോര്‍ദെ ഡ്രിബിള്‍ ചെയ്ത് ബോക്‌സില്‍ കയറി മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 

93-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ഫ്രീ കിക്കിലീടെ ഐസോള്‍ സമനില ഗോള്‍ നേടി. ലാല്‍റിന്‍മൗനയുടെ 30 വാര അകലെ നിന്നുള്ള ഫ്രീ കിക്ക് വലയിലെത്തുകയായിരുന്നു. സ്‌കോര്‍ 2-2. ആദ്യ മത്സരത്തില്‍ തോറ്റ ഐസോളിന്റെ ലീഗിലെ ആദ്യ പോയന്റായിരുന്നു ഇത്. 

Content Highlights: Sony Norde scores but Mohun Bagan fail to clear Aizawl hurdle