13 വര്‍ഷം മുമ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (ഇന്നത്തെ ഐ ലീഗ്) വിവ കേരളയുടെ കളി കാണാന്‍ ചുങ്കം വെസ്റ്റ് ഹില്ലില്‍ നിന്ന് ഒരു പന്ത്രണ്ടുകാരന്‍ കോഴിക്കോട് ടൗണിലേക്ക് ബസ് കയറി. അന്ന് വിവ കേരളയുടെ ഗോളിനായി ടച്ച് ലൈനിനരികില്‍ നിന്ന് ആര്‍പ്പു വിളിക്കുമ്പോള്‍ അവനറിയില്ലായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഗ്രൗണ്ടില്‍ താന്‍ കളിക്കുമെന്നും തനിക്ക് വേണ്ടി ഗാലറി ആരവം മുഴക്കുമെന്നും. ഐ ലീഗില്‍ ഗോകുലം എഫ്.സിയുടെ ഗോള്‍കീപ്പറായ ഷിബിന്‍ രാജ് കുനിയിലാണ് അന്നത്തെ ആ 12 വയസ്സുകാരന്‍. 

കോഴിക്കോട് സായിയിലെ ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് ഷിബിന്‍ രാജ് ബോള്‍ ബോയ് ആയി വിവ കേരളയുടെ മത്സരത്തിന് പോയത്. കളി ഗ്രൗണ്ടിന് തൊട്ടടുത്ത് നിന്ന് കാണെമന്നതിനാല്‍ ബോള്‍ ബോയ് ആകാന്‍ വിളിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഷിബിന്‍ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറുകയായിരുന്നു. ഇന്നിപ്പോള്‍ ഐ-ലീഗില്‍ ഗോകുലം എഫ്.സിക്കായി ഗോള്‍പോസ്റ്റിന് കീഴില്‍ സ്‌പൈഡര്‍മാനെപ്പോലെ വല കെട്ടി എതിരാളികളടിക്കുന്ന പന്തുകളെ ആ വലയില്‍ കുരുക്കുകയാണ് ഷിബിന്‍ രാജ്. ഗോകുലത്തിന്റെ ആരാധകര്‍ ഷിബിനെ സ്‌പൈഡര്‍മാനെന്ന് സ്‌നേഹത്തോടെ വിളിക്കാനും തുടങ്ങിയിരിക്കുന്നു. 

ഫുട്‌ബോളിലേക്ക് വന്ന വഴിയേക്കുറിച്ചും ഇനി പൂര്‍ത്തിയാക്കാനുള്ള സ്വപ്‌നത്തെക്കുറിച്ചും കൊളംബിയന്‍ ഇതിഹാസ താരം വാള്‍ഡറാമയെ കണ്ട നിമിഷത്തെ കുറിച്ചുമെല്ലാം ഷിബിന്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

shibin raj kuniyil
കോഴിക്കോട് ബീച്ചില്‍ ഗോകുലത്തിലെ സഹതാരങ്ങള്‍ക്കൊപ്പം

 

അന്ന് ഗോള്‍കീപ്പറായത് വേറെ ഓപ്ഷനില്ലാത്തതിനാല്‍ 

ആറാം വയസ്സുമതുലാണ് കളി ഗൗരവമായി കാണാന്‍ തുടങ്ങിയത്.കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. ജില്ലാ ടൂര്‍ണമെന്റിന്റെ  സെലക്ഷന്‍ ക്യാമ്പിന് പോയപ്പോഴായിരുന്നു ആദ്യം ഗോള്‍കീപ്പറായത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ സ്‌ട്രൈക്കറായി കളിക്കാനായിരുന്നു എനിക്കും ആഗ്രഹം. എന്നാല്‍ എന്നെ സ്‌ട്രൈക്കറായി പരിഗണിച്ചില്ല. ഉയരമുള്ളതുകൊണ്ട് ഗോള്‍കീപ്പറായിക്കോ എന്ന് കോച്ച് പ്രേം പ്രകാശ് സാര്‍ പറഞ്ഞു. അതല്ലെങ്കില്‍ വേറെ ഓപ്ഷനില്ലെന്നും പറഞ്ഞു. എന്റെ വല്ല്യച്ഛന്റെ മോന്‍ ശരതും ഗോള്‍കീപ്പറായിരുന്നു. വിവ കേരളയ്ക്കും മുംബൈ എഫ്.സിയ്ക്കുമെല്ലാം കളിച്ച താരമാണ് ശരത്. അങ്ങനെ കളിക്കാനുള്ള ആഗ്രഹം കൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ ഗോള്‍കീപ്പറായി. പക്ഷേ അന്നത്തെ ആ ഇഷ്ടക്കേട് മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീടിങ്ങോട്ട് ഞാന്‍ ഗോള്‍കീപ്പിങ് ആസ്വദിച്ച് മാത്രമേ ചെയ്തിട്ടുള്ളൂ. 

ഗോള്‍കീപ്പറായി പരിശീലനം തുടങ്ങിയതോടെ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു. അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നു. ബൂട്ടു മാത്രം വാങ്ങിയാല്‍ പോരല്ലോ, ഗ്ലൗസും മറ്റുമൊക്കെ വാങ്ങേണ്ടേ? ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സായിയില്‍ സെലക്ഷന്‍ കിട്ടി. ഇതോടെ ബുദ്ധിമുട്ടെല്ലാം മാറി. 

ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പില്‍ നിന്ന് വ്യോമസേനയിലേക്ക്

2010-ല്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ ക്യാമ്പിന് പോയി. ടീമില്‍ സെലക്ഷന്‍ കിട്ടിയ ആ സമയത്താണ് വ്യോമസേനയില്‍ നിന്ന് വിളി വരുന്നത്. ഇതോടെ അത് ഡ്രോപ് ചെയ്ത് വ്യോമസേനയില്‍ ചേരുകയായിരുന്നു. അന്ന് പതിനെട്ട് വയസ്സായിരുന്നു പ്രായം. സേനയുടെ ഭാഗമായിട്ടിപ്പോള്‍ ഏഴു കൊല്ലമായി. രണ്ടു വര്‍ഷത്തോളമായി സേനയില്‍ നിന്ന് അവധിയെടുത്താണ് കളിക്കുന്നത്. എയര്‍ ഫോഴ്‌സില്‍ നിന്ന് പുറത്ത് കളിക്കാന്‍ അങ്ങനെയൊന്നും വിടില്ല. എന്റെ ആഗ്രഹം മനസ്സിലാക്കി ഇപ്പോഴത്തെ കോച്ച് തരുന്ന പിന്തുണയിലാണ് ഇപ്പോള്‍ ഐ ലീഗില്‍ കളിക്കുന്നത്. 2012-ല്‍ ഡ്യുറന്റ് കപ്പിന്റെ സമയത്ത് ഷില്ലോങ് ലജോങ്ങില്‍ നിന്നും സാല്‍ഗോക്കറില്‍ നിന്നുമെല്ലാം ഓഫര്‍ വന്നതാണ്. അതെല്ലാം അന്ന് വ്യോമസേനയിലെ ജോലി കാരണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 

shibin raj kuniyil
മോഹന്‍ ബഗാനില്‍ കളിക്കുമ്പോള്‍ അനസിനൊപ്പം

 

ഐ ലീഗില്‍ കളിക്കുന്നതിനാല്‍ എയര്‍ ഫോഴ്‌സിന്റെ ടൂര്‍ണമെന്റിലൊന്നും കളിക്കാനാകുന്നില്ല, ഇതോടെ പ്രൊമോഷനുള്ള രണ്ട് അവസരങ്ങളാണ് നഷ്ടപ്പെട്ടത്. എന്നാല്‍ അതിലൊന്നും എനിക്ക് സങ്കടമില്ല. പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നിനും നല്‍കാനാകില്ല. രണ്ടു വര്‍ഷം ഈ ഫീല്‍ഡില്‍ നിന്ന് ഞാന്‍ വിട്ടുനിന്നാല്‍ പിന്നീടൊരു തിരിച്ചുവരവ് സാധ്യമായിക്കൊള്ളണമെന്നില്ല.

കേരളത്തിനായി സന്തോഷ് ട്രോഫി നേടാനാകാത്തതില്‍ സങ്കടമുണ്ട്

രണ്ടു തവണ സന്തോഷ് ട്രോഫി കിരീടത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും രണ്ടും സര്‍വീസസ് ടീമിനൊപ്പമായിരുന്നു. 2014-ല്‍ ലുധിയാനയിലും 2015-ല്‍ നാഗ്പുരിലും. അന്ന് സര്‍വീസസ് ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. കേരളത്തിനായി സന്തോഷ് ട്രോഫി നേടാനാകാത്തതിന്റെ സങ്കടം ഒരിക്കലും മായില്ല. എന്നാലും കഴിഞ്ഞ സന്തോഷ് ട്രോഫിക്ക് ശേഷം ചെറിയൊരാശ്വാസം കിട്ടി. അന്ന് കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ കേരളം ചാമ്പ്യന്‍മാരായപ്പോള്‍ ഞങ്ങളും കളി കാണാന്‍ പോയിരുന്നു. മോഹന്‍ ബഗാന് വേണ്ടി കളിക്കുമ്പോഴായിരുന്നു അത്‌. ഗാലറിയിരിലുന്ന് കളി കണ്ടു. അതു മാത്രമല്ല, കേരള ടീം വിജയിച്ചപ്പോള്‍ ഞങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് വിളിച്ചു. അങ്ങനെ കേരളത്തിന്റെ വിജയാഘോഷത്തില്‍ ഞാനും പങ്കാളിയായി. ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണത്.

കൊല്‍ക്കത്തയിലെ ജീവിതം അടിപൊളിയായിരുന്നു

നാഗ്പുരിലെ സന്തോഷ് ട്രോഫിക്ക് ശേഷം അന്ന് ഞങ്ങളുടെ സര്‍വീസസ് ടീമിന്റെ കോച്ചായിരുന്ന സജിത്താണ് മോഹന്‍ ബഗാന്‍ നടത്തുന്ന സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞത്. പഞ്ചാബിലായിരുന്നു ക്യാമ്പ്. എനിക്ക് സെലക്ഷന്‍ കിട്ടി. മോഹന്‍ ബഗാനില്‍ രണ്ടു സീസണ്‍ കളിച്ചെങ്കിലും പരിക്കേറ്റതിനാല്‍ ഏറെ സമയം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. മജൂംദാറും ഷില്‍ട്ടന്‍ പോളുമടക്കമുള്ള സീനിയര്‍ ഗോള്‍കീപ്പര്‍മാരുള്ളതിനാല്‍ എനിക്ക് പലപ്പോഴും ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയിരുന്നില്ല. ആകെ ഒമ്പത് മത്സരമേ മോഹന്‍ ബഗാനായി കളിച്ചിട്ടുള്ളു. എ.എഫ്.സി കപ്പ് വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. ഞാന്‍ കളിക്കുന്ന സമയത്ത് അനസും മോഹന്‍ ബഗാനിലുണ്ടായിരുന്നു. അനസിനൊപ്പമുള്ള അനുഭവങ്ങള്‍ വളരെ രസകരമാണ്. ജീവിതത്തിലെ മനോഹര നിമിഷങ്ങളായിരുന്നു അത്. 

ഇതിനെല്ലാമപ്പുറം കൊല്‍ക്കത്തയില്‍ കളിക്കണമെന്ന് എന്റെ ആഗ്രഹം കൂടിയാണ് ആ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളെല്ലാം സ്വപ്‌നം കാണുന്ന ഒരു കാര്യമാണ് എനിക്ക് സാക്ഷാത്കരിക്കാനായത്. അതില്‍ സന്തോഷമു്ണ്ട്. കൊല്‍ക്കത്തയിലെ ജീവിതവും അടിപൊളിയായിരുന്നു. 

shibin raj kuniyil
വാള്‍ഡറാമയെ കണ്ടപ്പോള്‍

 

വാള്‍ഡറാമയെ കണ്ട നിമിഷം

ടി.വിയില്‍ നിന്ന് ഒരു താരം ഇറങ്ങി വന്നതു പോലെയായിരുന്നു അത്. മോഹന്‍ ബഗാനില്‍ കളിക്കുന്ന സമയത്താണ് വാള്‍ഡറാമ കൊല്‍ക്കത്തയില്‍ വന്നത്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച. ആദ്യം എല്ലാവരും ഹിഗ്വിറ്റ വരുന്നെന്നാണ് പറഞ്ഞത്. പിന്നീടാണ് മനസ്സിലായത് വാള്‍ഡറാമയാണ് വരുന്നതെന്ന്. അദ്ദേഹത്തോട് സംസാരിക്കാനുള്ള അവസരമുണ്ടായി. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായായിട്ടാണ് ആ നിമിഷത്തെ കാണുന്നത്. 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോള്‍കീപ്പര്‍ ബഫണാണ്. ബഫണിന്റെ ജഡ്ജ്‌മെന്റ് കണ്ട് പലപ്പോഴും ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഗോള്‍കീപ്പിങ്ങിന്റെ സമയത്ത് സുബ്രതോ പാലിന്റെ ഡ്രസ്സിങ് സ്റ്റൈല്‍ എനിക്കിഷ്ടമാണ്. നെഹ്‌റു കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായ മത്സരത്തില്‍ സുബ്രതോ പാല്‍ ടൈറ്റ് ഷോര്‍ട്‌സായിരുന്നു ധരിച്ചിരുന്നത്. ഇത്തരത്തില്‍ ഗോള്‍കീപ്പിങ് കിറ്റില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് സുബ്രതോ പാല്‍.

ഇനിയുള്ള സ്വപ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് കാര്യങ്ങളാണ് ഷിബിന്‍ പറഞ്ഞത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍കീപ്പറായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കണം, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിയണം. 

Content Highlights: Shibin Raj Kunniyil Gokulam FC Goalkeeper Interview I League