മൂന്നു വര്‍ഷം കര്‍ണാടകയ്ക്കും മൂന്നു വര്‍ഷം റെയില്‍വേയ്ക്കും വേണ്ടി കളിച്ചതിനു ശേഷമാണ് തിരുവനന്തപുരം പൊഴിയൂര്‍ സൂസനായകത്തിന്റെയും മേരി ജോണിന്റെയും മകന്‍ എസ്. രാജേഷ്   ഗോകുലത്തിനായി ബുട്ടുകെട്ടിയത്. മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ച രാജേഷിന് നെരോക്കയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ അവസരം ലഭിച്ചിരുന്നു. ചെന്നൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിനു മുന്‍പ് രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ചെന്നൈക്കെതിരായ മത്സരത്തിന്റെ ഒരുക്കങ്ങള്‍

ട്രെയിനിങ് സെഷന്‍സ് എല്ലാം നന്നായി പോകുന്നു. ആദ്യ മത്സരത്തേക്കാള്‍ രണ്ടാം മത്സരത്തില്‍ ടീം നല്ല കോ-ഓര്‍ഡിനേഷനില്‍ കളിക്കുന്നുണ്ട്. ഇപ്പോഴാണ് ശരിക്കും ടീം ഒന്ന് സെറ്റായി എന്ന് പറയാന്‍ സാധിക്കുന്നത്. പിന്നെ ഹോം മാച്ചായതിനാല്‍ അതും ഗുണം ചെയ്യും. നമ്മുടെ ഹോം മത്സരമാണ്, അതുകൊണ്ടു തന്നെ അവരെ അങ്ങനെ ജയിക്കാന്‍ വിടില്ല. അവരുടെ ലെഫ്റ്റ് വിങ്ങറും സ്‌ട്രൈക്കറും വിദേശ താരങ്ങളാണ്. ഇരുവരും നല്ല കോ-ഓര്‍ഡിനേഷനിലുമാണ്. എന്നാല്‍ നമ്മുടെ ഡിഫന്‍സ് രണ്ടു കളിയിലും സൂപ്പറായി കളിച്ചു. ആ ഡിഫന്‍സ് തരുന്ന കോണ്‍ഫിഡന്‍സില്‍ മിഡ്ഫീല്‍ഡിനും സ്‌ട്രൈക്കര്‍ക്കും നന്നായി കളിക്കാം. 

കോഴിക്കോടുവെച്ചുള്ള മോഹന്‍ ബഗാന്റെ ആ സെല്‍ഫ് ഗോളിനെ കുറിച്ച്

അത് സത്യത്തില്‍ എന്റെ ഗോളാണെന്നു തന്നെയാണ് ഞാന്‍ കരുതിയത്. ഹെഡ്ഡര്‍ വലയില്‍ കയറി എന്നു തന്നെയാണ് കരുതിയത്. എന്നാല്‍ ആഘോഷിച്ചത് ടീം സ്പിരിറ്റിനൊപ്പം ചെയ്തതാണ്. പിന്നീടാണ് അത് കിമയ്ക്ക് സെല്‍ഫ് ഗോള്‍ വിധിച്ചതാണെന്ന് മനസിലായത്. (മോഹന്‍ ബഗാനെതിരേ 69-ാം മിനിറ്റില്‍ അര്‍ജുനും രാജേഷും ചേര്‍ന്നുള്ള മുന്നേറ്റമാണ് ആ ഗോളില്‍ കലാശിച്ചത്. ബോക്സില്‍വച്ച് ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് രാജേഷ് ഹെഡ്ഡറിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. പന്തു തടഞ്ഞ കിമയ്ക്ക് പിഴച്ചു. പന്ത് കാലില്‍ തട്ടി വലയില്‍ കയറി.)

rajesh soosanayakam interview

ഗോകുലത്തെ കുറിച്ച്

ഗോകുലം എനിക്ക് പുതിയൊരു അനുഭവമാണ്. ഇവിടെ നിന്ന് ലഭിക്കുന്ന പ്രൊഫഷണലായിട്ടുള്ള പരിശീലനം എന്റെ കളിയെ മെച്ചപ്പെടുത്തുന്നതായി എനിക്കു തന്നെ മനസിലാകുന്നുണ്ട്. അതു കൊണ്ടു തന്നെ ആത്മവിശ്വാസം വര്‍ധിക്കുന്നുണ്ട്.

ടീമിലെ വിദേശതാരങ്ങളെ കുറിച്ച് 

ടീമിലുള്ള ഫോറിന്‍ പ്ലെയേഴ്‌സെല്ലാം നല്ല ടാലന്റ് ഉള്ളവരാണ്. അവരുമൊത്ത് കളിക്കാന്‍ സാധിക്കുന്നതു തന്നെ ഭാഗ്യമായി കാണുന്നു. അവരുടെ രീതികളും ചില ടെക്‌നിക്കുകളുമൊക്കെ കാണുമ്പോള്‍ നമ്മുടെ കളിയില്‍ അതിനനുസരിച്ച് മാറ്റം വരുത്തണമെന്ന് തോന്നാറുണ്ട്.

കോച്ചിനെ കുറിച്ച്

മികച്ചൊരു കോച്ചിനെയാണ് ടീമിന് ലഭിച്ചിരിക്കുന്നത്. കളി പറഞ്ഞുതരിക മാത്രമല്ല ഓരോ പ്ലെയേഴ്‌സിനെയും വിളിച്ച് അദ്ദേഹം തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തരും നന്നായി മോട്ടിവേറ്റ് ചെയ്യും. ഞാന്‍ കളിക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തരാറുണ്ട്. 

നെരോക്കയുമായുള്ള മത്സരത്തെ കുറിച്ച്

നല്ല മത്സരമായിരുന്നു അത്. നിര്‍ഭാഗ്യം കൊണ്ടാണ് ആ മത്സരം ജയിക്കാന്‍ സാധിക്കാതിരുന്നത്. ഫസ്റ്റ് ഇലവനില്‍ തന്നെ അവസരം ലഭിച്ചത് കോണ്‍ഫിഡന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് ഐ ലീഗ് എന്നും ഇങ്ങനെയാണ് ഇവിടെ കളിക്കേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. കളിയേകുറിച്ച് കുറേയേറെ കാര്യങ്ങള്‍ പഠിച്ചു. നെരോക്കയായിട്ടുള്ള മത്സരത്തിനു ശേഷമാണ് എന്റെ കോണ്‍ഫിഡന്‍സും വര്‍ധിച്ചത്. നെരോക്കയ്‌ക്കെതിരേ ബോള്‍ പൊസഷനിലും മറ്റും നമ്മളായിരുന്നു മുന്നില്‍. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരുമായുള്ള മത്സരമായിരുന്നു. അതും എവേ മാച്ച്. അതില്‍ ടീം നന്നായി കളിച്ചു എന്നു തന്നെയാണ് വിശ്വാസം. അതും കഴിഞ്ഞ സീസണില്‍ രണ്ടു മത്സരങ്ങളും നമ്മള്‍ അവരോട് തോറ്റതാണ്, അതൊന്നും ബാധിക്കാതെ ഇത്തവണ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ടീമിനായി. 

ജെര്‍മന്‍ നല്‍കുന്ന പിന്തുണ

പുള്ളി ഒരു നല്ല കളിക്കാരനാണ്, എന്നാല്‍ ടീമുമായി ഇനിയും ഒന്ന് ചേര്‍ന്നുപോകാനുണ്ട്. ടീമിന്റെ സ്വഭാവത്തിലേക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല. എന്നാലും അദ്ദേഹം തരുന്ന പിന്തുണ വലുതാണ്. നമ്മുടെ ഒരു ശൈലിയിലേക്കു വരാനുള്ള ചെറിയ ബുദ്ധിമുട്ട് മാത്രമാണ് അദ്ദേഹത്തിനുള്ളത്. 

രണ്ടു മത്സരങ്ങള്‍ക്കു ശേഷം നാട്ടുകാരുടേയും മറ്റും പ്രതികരണം എങ്ങനെ

ഞാന്‍ ഇത്ര വര്‍ഷം കര്‍ണാടകയ്ക്കും റെയില്‍വേയ്ക്കും വേണ്ടി കളിച്ചതാണ്, അന്നൊന്നും ലഭിക്കാത്ത ഒരു പിന്തുണയും സ്‌നേഹവുമാണ് ഇപ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയും മറ്റും നിരവധിയാളുകള്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്. പൊഴിയൂരുള്ള എന്റെ നാട്ടുകാരായാലും നല്ല പിന്തുണയാണ് നല്‍കുന്നത്.