കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി.യുടെ ശനിദശമാറുന്നില്ല. ലീഡ് നേടിയശേഷം സമനില വഴങ്ങുന്ന ശീലം മോഹന്‍ ബഗാനെതിരേയും ടീം ആവര്‍ത്തിച്ചു. 2-2നാണ് ഗോകുലം സമനില വഴങ്ങിയത്. കേരള ടീമിനായി മര്‍ക്കസ് ജോസഫ് (24) ലക്ഷ്യം കണ്ടപ്പോള്‍ ലാല്‍ചൗന്‍കീമയുടെ (21) സെല്‍ഫ് ഗോളും അക്കൗണ്ടിലെത്തി. മോഹന്‍ ബഗാനായി ഷില്‍ട്ടന്‍ ഡാ സില്‍വ (18), ദീപാന്‍ഡ ഡിക്ക (60) എന്നിവര്‍ സ്‌കോര്‍ ചെയ്തു

ലീഗില്‍ ഗോകുലത്തിന്റെ ജയമില്ലാത്ത ഒമ്പതാം മത്സരമാണിത്. മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ചതിനുശേഷം ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്‍ക്കത്തയില്‍വെച്ച് ബഗാനെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞെന്നുമാത്രം സമാധാനിക്കാം. 14 കളിയില്‍നിന്ന് 12 പോയന്റുമായി ടീം ഒമ്പതാം സ്ഥാനത്ത് തുടരുന്നു. 15 കളിയില്‍നിന്ന് 22 പോയന്റുമായി ബഗാന്‍ ആറാം സ്ഥാനത്താണ്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടിയ വിദേശതാരം മര്‍ക്കസ് ജോസഫിന്റെ പ്രകടനം ഗോകുലത്തിന് ആശ്വാസം പകരുന്നതായി. ടീമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഇര്‍ഷാദിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഗോകുലം കളിച്ചത്. തുടക്കത്തിലേ ഗോള്‍ വഴങ്ങിയ ഗോകുലം രണ്ടുഗോള്‍ തിരിച്ചടിച്ച് ലീഡെടുത്തതാണ്. എന്നാല്‍, വിജയത്തിലേക്ക് എത്താനായില്ല. മറുവശത്ത് മത്സരഫലം ബഗാനും നിരാശപകരുന്നതായി. കൊല്‍ക്കത്ത നാട്ടങ്കത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാനിറങ്ങിയ ബഗാന് സമനില കനത്തതിരിച്ചടിയാണ്.

Content Highlights: Mohun Bagan survive Gokulam Kerala FC scare I League