ഷില്ലോങ്: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ ഒരു ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. ഷില്ലോങ് ലജോങ്ങിനെതിരേ വെള്ളിയാഴ്ച നടന്ന എവേ മത്സരത്തില്‍ മുന്നിലെത്തിയ ശേഷം ഗോകുലം വീണ്ടും ജയം കൈവിട്ടു.

ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. 17 മത്സരങ്ങളില്‍ ഗോകുലത്തിന്റെ എട്ടാമത്തെ സമനിലയാണിത്.

43-ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിന്റെ ഗോളിലാണ് ഗോകുലം മുന്നിലെത്തിയത്. കഴിഞ്ഞ ആറു മത്സരങ്ങള്‍ക്കിടെ മാര്‍കസ് നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. 65-ാം മിനിറ്റില്‍ ഷില്ലോങ് ലജോങ് ഒപ്പമെത്തി. മഹേഷ് സിങ്ങിനെ ഡാനിയല്‍ അഡോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സാമുവല്‍ ലാല്‍മുവാന്‍പുയ ലക്ഷ്യത്തിലെത്തിച്ചു.

81-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഗോകുലം താരം ഫിലിപ്പ് ഡി കാസ്‌ട്രോ പുറത്താകുകയും ചെയ്തു. സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ഗോകുലം ഒമ്പതാം സ്ഥാനത്താണ്. 11 പോയന്റുമായി ഷില്ലോങ് ലജോങ് 11-ാം സ്ഥാനത്തും.

Content Highlights: lajong hold gokulam to 1 1 draw in i league