കൊല്‍ക്കത്ത: ഐ-ലീഗ് സീസണിലെ രണ്ടാം ഡെര്‍ബിയിലും ഈസ്റ്റ് ബംഗാളിന് വിജയം. മലയാളി താരം ജോബി ജസ്റ്റിന്റെ മികവില്‍ ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാനെ തോല്‍പ്പിച്ചു. ജോബി ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
35-ാം മിനിറ്റില്‍ ജോബിയുടെ അസിസ്റ്റില്‍ ജെയ്മി സാന്റോസ് ഈസ്റ്റ് ബംഗാളിന് ലീഡ് നല്‍കി. രണ്ടാം പകുതിയിലായിരുന്നു ജോബിയുടെ ഗോള്‍. റാള്‍ട്ടെയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ജോബിയുടെ ഒന്നാന്തരം ഹെഡര്‍. ഈ സീസണില്‍ ജോബിയുടെ എട്ടാമത്തെ ഗോളാണിത്. ഒപ്പം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരവും ജോബി തന്നെയാണ്.
വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റായി. റിയല്‍ കാശ്മീരിന് തൊട്ടുതാഴെ നാലാമതാണ് ഈസ്റ്റ് ബംഗാള്‍.
Content Highlights: Kolkata Derby Jobby Justin show helps East Bengal to 2-0 win over Mohun Bagan