കോഴിക്കോട്: കേരളം തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകരുളളത് കേരളത്തിലാണെന്നും ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി താരം അന്റോണിയോ ജെര്‍മന്‍. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു ജെര്‍മന്‍.

27-ന് മോഹന്‍ ബഗാനെതിരേയുള്ള ഗോകുലത്തിന്റെ മത്സരത്തിനായി കോഴിക്കോട്ടെത്തിയ ജെര്‍മന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു.

"ഗോകുലത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ട്. ടീമിന്റെ പരിശീലകനായാലും ടീം അംഗങ്ങളായാലും ആരാധകരാണെങ്കിലും എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണ്. കിരീടം നേടാന്‍ കഴിവുള്ള ടീം തന്നെയാണിത്. അതു തന്നെയാണ് ലക്ഷ്യവും. ഇനി ശനിയാഴ്ചത്തെ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്.

ഐ.എസ്.എല്ലില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഐ ലീഗ് എന്നറിയാം. എന്നാല്‍ ഐ.എസ്.എല്ലിന്റെ അതേ നിലവാരം പുലര്‍ത്തുന്ന ലീഗ് കൂടിയാണിത്. അവിടെയും മികച്ച പ്രകടനം തുടരാനാണ് ശ്രമം. ഏത് ലീഗും മികച്ചതു തന്നയാണ്. ഐ.എസ്.എല്ലാണോ ഐ ലീഗാണോ കൂടുതല്‍ കടുപ്പമെന്നു ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എവിടെയായാലും എന്റെ മികച്ചത് പുറത്തെടുക്കാനാണ് ശ്രമമെന്നും ജെര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

കഴിയാവുന്നത്ര ഗോളുകള്‍ നേടണമെന്നത് തന്നെയാണ് ആഗ്രഹം. എന്നിരുന്നാലും ടീമിന്റെ വിജയം തന്നെയാണ് പ്രധാനം. വ്യക്തിപരമായി എനിക്ക് കൂടുതല്‍ ഗോളുകള്‍ നേടി ടീമിനെ വിജയത്തിലെത്തിക്കണമെന്നാണ് ആഗ്രഹം. അതു തന്നെയാണ് ലക്ഷ്യവും. 

മോഹന്‍ ബഗാനെ കുറിച്ച് കേട്ടിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നാണവര്‍. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ കളിശൈലിയിലാണ് ശ്രദ്ധിക്കുന്നത്, ഏതു തരത്തിലുള്ള ഫുട്ബോളാണോ നമ്മള്‍ക്ക് കളിക്കാന്‍ സാധിക്കുന്നത് അത് നന്നായി കളിക്കുക എന്നതിലാണ് കാര്യം.

ടീമിലുള്ള വിദേശതാരങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. എഡ്ഡോ, ഫാബ്രിസിയോ, മൂസ, കാസ്ട്രോ എല്ലാവരും തന്നെ ടീമിന് മുതല്‍ക്കൂട്ടാണ്.

കേരള ടീം അംഗങ്ങളോടൊത്ത് സമയം ചെലവിടുന്നത് രസകരമായ അനുഭവമാണ്. അവര്‍ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അവരെല്ലാവരും തന്നെ മികച്ച കളിക്കാരാണ്"-ജെർമൻ പറഞ്ഞു.

Content Highlights: keralites are the best football fans in India antonio german