കോഴിക്കോട്‌: കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഡര്‍ബിയില്‍ ഗോളടിച്ച് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന്‍ താരമായിരുന്നു. ഗോളടിച്ചതിനോടൊപ്പം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ജോബി. എന്നാല്‍ ഈ ആഘോഷത്തിനിടയിലും ജോബിയുടെ ഉളളില്‍ ഒരു സങ്കടമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട സൈക്കിള്‍ മോഷണം പോയതായിരുന്നു ആ സങ്കടത്തിന് പിന്നില്‍.

എല്ലാ ദിവസവും ജോബി പരിശീലനത്തിന് ഗ്രൗണ്ടിലേക്ക് വരുന്നതും തിരിച്ച് താമസ സ്ഥലത്തേക്ക് പോകുന്നതും ഈ സൈക്കിളിലായിരുന്നു. ഡര്‍ബി നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സൈക്കിള്‍ കാണാതായത്. 'സാധാരണ പരിശീലനം കഴിഞ്ഞ് വന്ന് സൈക്കിള്‍ ഫ്‌ളാറ്റിന് താഴെയാണ് വെക്കാറ്. മത്സരത്തിന് മുമ്പ് ഹോട്ടലിലേക്ക് മാറാനൊരുങ്ങുമ്പോഴാണ് സൈക്കിള്‍ കാണാതെ പോയത് അറിയുന്നത്. മത്സരത്തിന്റെ തിരക്കിലായതിനാല്‍ ആരോടും പരാതി പറയാന്‍ നിന്നില്ല.' ജോബി പറയുന്നു.

പിന്നീട് മത്സരശേഷം തന്റെ പ്രിയപ്പെട്ട സൈക്കിള്‍ നഷ്ടപ്പെട്ട കാര്യം ജോബി തന്നെ എല്ലാവരേയും അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജോബിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയെത്തി. ഒരു ഈസ്റ്റ് ബംഗാള്‍ ആരാധകന്‍ പുതിയ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പ്രോമിസ് ചെയ്തതായി ജോബി പറയുന്നു.

Content Highlights: Joby Justine East Bengal Player Lost His Cycle