കോഴിക്കോട്: രണ്ടാം പകുതിയില്‍ കാണിച്ച അലസത കാരണം മിന്നുന്ന ഫോമില്‍ കുതിക്കുന്ന റിയല്‍ കശ്മീരിനെ വീഴ്ത്താനുള്ള ഗോകുലത്തിന്റെ മോഹം പാഴായി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 20-ാം മിനിറ്റില്‍ ലീഡെടുത്തിട്ടും ഗോകുലം സമനില വഴങ്ങി. സ്‌കോര്‍: 1-1.

20-ാം മിനിറ്റില്‍ പ്രീതം സിങ്ങിന്റെ ഗോളില്‍ മുന്നിലെത്തിയ ഗോകുലത്തിനെതിരേ 69-ാം മിനിറ്റില്‍ സുചന്ദ്ര സിങ്ങിലൂടെ കശ്മീര്‍ സമനില പിടിച്ചു. ആദ്യ പകുതിയില്‍ ഉടനീളം ഗോകുലം വ്യക്തമായ ആധിപത്യം പുലര്‍ത്തി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഗോകുലം 11-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്യേണ്ടതായിരുന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അര്‍ജുന്‍ ജയരാജിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റാഷിദിന്റെ റീബൗണ്ട് ശ്രമത്തിനും പന്ത് വലയിലെത്തിക്കാനായില്ല. 

പിന്നാലെ ആക്രമണം കടുപ്പിച്ച ഗോകുലം 20-ാം മിനിറ്റില്‍ മുന്നിലെത്തി. മൈതാനമധ്യത്ത് നിന്നും അര്‍ജുന്‍ നല്‍കിയ പാസ് സ്വീകരിച്ച പ്രീതം സിങ് അഡ്വാന്‍സ് ചെയ്ത ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ ഡൈവ് ചെയ്ത് വലയിലെത്തിച്ചു. ഈ സീസണില്‍ പ്രീതത്തിന്റെ ആദ്യ ഗോള്‍. 

i league real kashmir vs gokulam kerala fc

ആദ്യ പകുതി ഗോകുലത്തിന്റെ മുന്നേറ്റത്തിലാണ് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ മികച്ച ഒത്തിണക്കം കാണിച്ച കശ്മീര്‍ 69-ാം മിനിറ്റില്‍ ഒപ്പമെത്തി. ഗോകുലം പ്രതിരോധത്തെയും ഗോളിയെയും ഒന്നാന്തരമൊരു ലോങ് റേഞ്ചറിലൂടെ കബളിപ്പിച്ച സുചന്ദ്ര സിങ്ങാണ് കശ്മീരിനെ ഒപ്പമെത്തിച്ചത്. ബോക്‌സിന്റെ വലത്തേ മൂലയില്‍ നിന്ന് ഡിഫന്‍ഡറെ വെട്ടിമാറ്റി തൊടുത്ത കിക്ക് വളഞ്ഞ് ഇടത്തേ പോസ്റ്റിനോട് ചേര്‍ന്ന്, ഡൈവ് ചെയ്ത ഗോളിയെയും കബളിപ്പിച്ചാണ് വലയില്‍ കയറിയത്. അവസാന നിമിഷം സുഹൈറിനെയും രാജേഷിനെയും ഇറക്കി വിജയം നേടാന്‍ ഗോകുലം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

മുന്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ അണിനിരത്തിയ ടീമില്‍ അഞ്ചുമാറ്റങ്ങളുമായാണ് ഗോകുലം കശ്മീരിനെ നേരിടാനിറങ്ങിയത്. നായകനും ഗോള്‍കീപ്പറുമായ ഷിബിന്‍രാജിനെ സര്‍വീസസ് തിരിച്ചു വിളിച്ചതിനാല്‍ മുന്‍ ഡല്‍ഹി ഡൈനാമോസ് താരം അര്‍ണബ് ദാസ് ശര്‍മയ്ക്കായിരുന്നു ഗോള്‍വല കാക്കാനുള്ള ചുമതല.

i league real kashmir vs gokulam kerala fc

സമനിലയോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി റിയല്‍ കശ്മീര്‍ രണ്ടാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്.

Content Highlights: i league real kashmir vs gokulam kerala fc