കോഴിക്കോട്: സ്വന്തം തട്ടകത്തില്‍ വെച്ച് വിജയവഴിയിലേയ്ക്ക് തിരിച്ചുവരാനുള്ള ഗോകുലം കേരള എഫ്.സിയുടെ സ്വപ്നം പൊലിഞ്ഞു.  ഐ ലീഗ് ഫുട്‌ബോളില്‍ തങ്ങളുടെ പതിനാറാം മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് ഗോകുലം സമനിലയില്‍ കുരുങ്ങി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കളംപിടിച്ചെങ്കിലും ഗോകുലത്തിന് പക്ഷേ ആരോസ് പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാനായിരുന്നില്ല. ഗോകുലത്തിനായി പലപ്പോഴും മുന്നേറ്റനിരയില്‍ മാര്‍ക്കസ് ജോസഫ് മികച്ച കളി പുറത്തെടുത്തു. ആരോസ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്ലിന്റെ രക്ഷപ്പെടുത്തലുകള്‍ പലപ്പോഴും ആരോസിന്റെ രക്ഷയ്‌ക്കെത്തി.

പതിയെ മത്സരത്തിലേക്ക് തിരിചെയെത്തിയ ആരോസ് 22-ാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ചു. റഹീം അലിയുടെ ഹെഡര്‍ പാസില്‍ തിന്ന് മലയാളി താരം കെ.പി രാഹുല്‍ ആരോസിനെ മുന്നിലെത്തിച്ചു. വലതു ഭാഗത്ത് നിന്ന് ആശിഷ് റായ് കൊടുത്ത ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കം. റഹീം അലി പന്ത് ഹെഡ് ചെയ്ത് രാഹുലിന് നല്‍കി. രാഹുലിന്റെ വോളിക്ക് മുന്നില്‍ ആരോസ് ഗോളിക്ക് നിസ്സഹായനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഗോകുലം മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെച്ചെങ്കിലും ആരോസ് പ്രതിരോധം ഉലയാതെ നിന്നു. പിന്നാലെ 40-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന് പകരം ഗോകുലം അര്‍ജുന്‍ ജയരാജിനെ കളത്തിലിറക്കി. ഇതിന് 64-ാം മിനിറ്റില്‍ ഫലം ലഭിച്ചു. അര്‍ജുന്‍ ജയരാജിന്റെ പാസില്‍ നിന്ന് മാര്‍ക്കസ് ജോസഫ് ഗോകുലത്തെ ഒപ്പമെത്തിച്ചു. 

ആരോസ് പ്രതിരോധത്തെ കീറിമുറിച്ച് മുന്നറി അര്‍ജുന്‍ ജയരാജ് കൊടുത്ത പാസ് ടാന്‍ഗിരിയുടെ കാലില്‍ തട്ടി ഡിഫ്‌ളക്റ്റ് ചെയ്താണ് ബോക്‌സില്‍ തക്കം പാര്‍ത്തുനിന്ന മാര്‍ക്കസിന് കിട്ടുന്നത്. മാര്‍ക്കസിന്റെ സ്‌ട്രൈക്കിങ് പാടവം പിഴച്ചുമില്ല. തുടര്‍ന്ന് മാര്‍ക്കസിലൂടെ ഗോകുലം ഗോളിനായുള്ള ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും ആരോസ് പ്രതിരോധവും ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്ലും പലപ്പോഴും വിലങ്ങുതടിയായി. 

gokulam kerala fc

അതിനിടെ 70-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഗോകുലം ഞെട്ടിച്ചത്. ഗോകുലത്തിന്റെ ബോക്‌സിലേക്കു വന്ന ആരോസിന്റെ ഒരു ക്രോസ് ഹെഡ് ചെയ്തകറ്റാന്‍ ശ്രമിച്ച ഗോകുലം താരത്തിന്റെ ഷോട്ട് സ്വന്തം പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബിജേഷ് നഷ്ടമാക്കുകയും ചെയ്തു. ഫാബിയാന്റെ ക്രോസ് വലയിലെത്തിക്കാനുള്ള ബിജേഷിന്റെ ശ്രമം ഗോള്‍കീപ്പറുടെ കൈയില്‍ അവസാനിച്ചു. സമനിലയോടെ 16 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ഗോകുലം പത്താം സ്ഥാനത്തു തന്നെ തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള ആരോസ് ഏഴാമതും. ഗോകുലത്തിന്റെ ഏഴാം സമനിലയാണിത്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീര ജവാന്‍മാര്‍ക്കും വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്കും ആദരമര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചതിനു ശേഷമാണ് മത്സരം ആരംഭിച്ചത്.

Content Highlights: i league golkulam kerala fc against indian arrows