കോഴിക്കോട്: മുപ്പതിനായിരത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഐ-ലീഗില്‍ ഗോകുലം എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം മറികടന്നത്. 

60-ാം മിനിറ്റില്‍ ഗനി അഹമ്മദിന്റെ ക്രോസിന് തലവെച്ച് രാജേഷാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ നേടിയത്. രാജേഷിന്റെ തുടര്‍ച്ചയായ രണ്ടാം ഗോളാണിത്. ഷില്ലോങ് ലജോങ്ങിനെതിരായ കഴിഞ്ഞ മത്സരത്തിലേതിനു സമാനനമായാണ് രാജേഷിന്റെ ഗോള്‍. ഈ മത്സരത്തിലും ഗനിയുടെ ക്രോസില്‍ നിന്നായിരുന്നു രാജേഷിന്റെ ഗോള്‍. 

വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി കേരള ടീം രണ്ടാമതെത്തി. ഇത്രയും മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.  

പതിവിന് വിപരീതമായി രാത്രി 7.30-ന് തുടങ്ങിയ മത്സരത്തിന് ഇടക്ക് ഫ്ളഡ് ലിറ്റ് കണ്ണുചിമ്മി. തുടര്‍ന്ന്  ഇരുപത് മിനിറ്റോളം മത്സരം നിര്‍ത്തിവെച്ചു. ഈ സമയനഷ്ടം പരിഹരിക്കാന്‍ ആദ്യ പകുതിക്ക് ശേഷം 21 മിനിറ്റ് അധിക സമയം നല്‍കി. പക്ഷേ നീണ്ടു പോയ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. 

i league gokulam kerala host defending champions minerva punjab

തുടക്കം മുതല്‍ തന്നെ പ്രതിരോധത്തിലൂന്നിയ കളിയായിരുന്നു ഇരരു ടീമുകളും പുറത്തെടുത്തത്. ഇരുവരും മൂന്ന് സ്‌ട്രൈക്കര്‍മാരെ വീതം കളിപ്പിച്ചെങ്കിലും മുന്നേറ്റങ്ങള്‍ വിരളമായിരുന്നു. 44-ാം മിനിറ്റില്‍ മിനര്‍വ താരം ജോസഫ് എഡാഫെയ്ക്ക് ലഭിച്ച അവസരം മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും വിരസമായിരുന്നു ആദ്യപകുതി. ഗോകുലത്തിന്റെ അന്റോണിയോ ജെര്‍മന്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി.

അതേസമയം സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഞായറാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത് 30246 കാണികളാണ്. ഷില്ലോങിനെതിരേ വിജയിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് കോച്ച് ബിനോ ജോര്‍ജ് ഈ മത്സരത്തില്‍ ടീമിനെ ഇറക്കിയത്.

gokulam fc

എഡാഫെയുടെ മികവില്‍ ഇടതു വിങ്ങിലൂടെയായിരുന്നു മിനര്‍വ പ്രധാനമായും ആക്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മുന്നേറ്റങ്ങള്‍ മുതലാക്കാന്‍ ഹോക്കിപ്പിനും അസെയ്ദുവിനും സാധിക്കാതെ വന്നതോടെ മിനര്‍വയയുടെ പ്രകടനം മങ്ങി. 77-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം പ്രീതം സിങ് നഷ്ടപ്പെടുത്തുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ അഞ്ച് മുന്നേറ്റ താരങ്ങളെ മിനര്‍വ ആക്രമണത്തിന് നിയോഗിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം ഭോദിക്കാനായില്ല.

 

Content Highlights: i league gokulam kerala host defending champions minerva punjab