കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഗോകുലം കേരളാ എഫ്.സിയും ഗോവാ ചര്‍ച്ചില്‍ ബ്രദേഴ്‌സും നേര്‍ക്കുനേര്‍. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് മത്സരം.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഷില്ലോങ്ങ് ലജോങ്ങിനെയും(3-1) ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെയും(1-0) കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. ചുവപ്പുകാര്‍ഡ് കണ്ട് സസ്‌പെന്‍ഷന്‍ ലഭിച്ച ക്യാപ്റ്റന്‍ മുദ്ദെ മൂസ തിരിച്ചെത്തിയത് ഗോകുലത്തിന്റെ കരുത്ത് കൂട്ടും. 

i league gokulam churchil match

മൂസയ്‌ക്കൊപ്പം ഡാനിയല്‍ അഡുവും ഫാബ്രിസിയൊ ഒര്‍ടിസും ചേരുന്നതോടെ ടീമിന്റെ പ്രതിരോധം എതിരാളികള്‍ക്ക് കീറാമുട്ടിയാവും. ആക്രമണ നിരയില്‍ തുടരെ രണ്ടുകളികളിലും ലക്ഷ്യംകണ്ട എസ്. രാജേഷില്‍ ഗോകുലം പ്രതീക്ഷയര്‍പ്പിക്കുന്നു. ഫോമില്‍ തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കുന്ന അന്റോണിയോ ജര്‍മനും പ്രാദേശികതാരം ഗനി നിഗം എന്നിവരും എതിര്‍ പ്രതിരോധത്തിന് ഭീഷണിയാകും.

കഴിഞ്ഞ സീസണിലെ ഹോം മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍റ്റിയിലൂടെ ചര്‍ച്ചില്‍ കേരളത്തെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ അതിന് കണക്കുതീര്‍ക്കാനുറച്ചാകും ഗോകുലം ഇറങ്ങുക.

പത്തുദിവസം ലഭിച്ച ഇടവേള ഉപയോഗപ്പെടുത്തി ടീം മത്സരത്തിന് പൂര്‍ണ സജ്ജരായതായി ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

i league gokulam churchil match

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്താ വമ്പന്‍മാരായ മോഹന്‍ ബഗാനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ചര്‍ച്ചില്‍ കോഴിക്കോട്ടെത്തുന്നത്. തൊട്ടുമുമ്പത്തെ മത്സരത്തില്‍ ജോങ്ങിനെ 4-2 നും കീഴടക്കിയിരുന്നു. ലജോങ്ങിനെതിരേ ഹാട്രിക്കും ബഗാനെതിരേ ഇരട്ടഗോളും കണ്ടെത്തിയ വില്ലിസ് പ്ലാസയാണ് ഗോവന്‍ ടീമിന്റെ തുറുപ്പുചീട്ട്. നിലവില്‍ ഐ ലീഗിലെ ടോപ് സ്‌കോററാണ് പ്ലാസ. 

തങ്ങളെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ അനുവദിക്കാഞ്ഞത് തെറ്റായ നടപടിയാണെന്ന് ചര്‍ച്ചില്‍ പരിശീലകന്‍ പീറ്ററെ ഗിജിയു കുറ്റപ്പെടുത്തി. അഞ്ച് കളികളില്‍നിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പതുപോയന്റുള്ള ചര്‍ച്ചില്‍ പട്ടികയില്‍ ചെന്നൈ സിറ്റിക്കുപിന്നില്‍(16) രണ്ടാമതാണ്. അഞ്ചു കളികളില്‍ രണ്ടു ജയവും രണ്ട് സമനിലയും ഒരുതോല്‍വിയുമുള്ള ഗോകുലം എട്ടു പോയന്റോടെ മൂന്നാം സ്ഥാനത്തും.

Content Highlights: i league gokulam churchil match