കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ സമനിലകളുടെ കുരുക്കഴിക്കാന്‍ ഗോകുലം കേരള എഫ്.സി. വീണ്ടുമിറങ്ങുന്നു, ഞായറാഴ്ച ചെന്നൈ സിറ്റിക്കെതിരേ. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് ദക്ഷിണേന്ത്യന്‍ നാട്ടങ്കം.

ആദ്യകളിയില്‍ കൊല്‍ക്കത്ത കരുത്തരായ മോഹന്‍ ബഗാനെ പിടിച്ചുകെട്ടിയാണ് (1-1) ഗോകുലം ഇത്തവണ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ഗോകുലത്തിന്റെ സമനില. ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ തുലച്ചതാണ് ഗോകുലത്തിന് വിജയം നഷ്ടമാക്കിയത്.

ഇംഫാലില്‍ കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്.സി.ക്കെതിരേ നടന്ന രണ്ടാം മത്സരത്തിലും കേരള ടീമിന് സമനില വഴങ്ങേണ്ടിവന്നു (1-1). ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു മണിപ്പൂര്‍ ടീമിനെതിരേ സമനില. രണ്ടാം മത്സരത്തിലും തുറന്ന അവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റനിരയാണ് ടീമിന് അര്‍ഹിച്ച വിജയം നിഷേധിച്ചത്.

ചൈന്നൈ ടീമിനെതിരേ സ്വന്തം ആരാധകരുടെമുന്നില്‍ വിജയം നേടി ലീഗില്‍ മുന്നേറ്റത്തിന് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ഗോകുലം ഇറങ്ങുന്നത്. രണ്ടു കളികളില്‍നിന്ന് രണ്ടു പോയന്റുള്ള ടീം പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആദ്യകളിയില്‍ ഇന്ത്യന്‍ ജൂനിയര്‍ നിരയായ ആരോസിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ചെന്നൈ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി സമനിലയില്‍ പിരിഞ്ഞു (2-2). നാലു പോയന്റുള്ള ചെന്നൈ ടീം ഈസ്റ്റ് ബംഗാളിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.

മോഹന്‍ ബഗാനെതിരായ കളിക്ക് കാല്‍ലക്ഷത്തിലേറെ ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത് ഗോകുലത്തിന് പ്രചോദനമാവുന്നു. മികച്ച ഫോം ഗോകുലത്തിനെതിരേയും തുടരാനാവുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സിറ്റിയുടെ സിംഗപ്പൂര്‍ പരിശീലകന്‍ അക്ബര്‍ നവാസ് പറഞ്ഞു.

ടീം സെറ്റായിവരികയാണെന്നും താരങ്ങള്‍ ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ചെന്നൈ എഫ്.സി.ക്ക് കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച ടീമാണ് ഇത്തവണ. അവര്‍ക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്നും ബിനോ വ്യക്തമാക്കി.

Content Highlights: I League Football Golkulam FC vs Chennai City Preview