കോഴിക്കോട്: ഇത് ഗോകുലത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ 83-ാം മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ വഴങ്ങി തോല്‍ക്കുക. വിജയം വലിച്ചെറിയുകയായിരുന്നു ബുധനാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം. ഐസോള്‍ എഫ്.സിയാണ് ഗോകുലത്തെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. റിയല്‍ കശ്മീരിനെതിരായ മത്സരത്തിനു ശേഷം മോശം കാലാവസ്ഥ കാരണം തിരിച്ചെത്താന്‍ സാധിക്കാതെ ഗോകുലം ടീം അംഗങ്ങള്‍ കശ്മീരില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് മാറ്റിവെച്ച മത്സരമായിരുന്നു ഇത്. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഗോകുലത്തിനായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും മുന്നേറ്റത്തിലും മികവ് പുലര്‍ത്തിയ ഗോകുലം പലപ്പോഴും ഗോളിനടുത്തെത്തി. ഗോകുലത്തിന്റെ പ്രസ്സിങ് ഗെയിമിന് ഒമ്പതാം മിനിറ്റില്‍ ഫലം ലഭിച്ചു. പെനാല്‍റ്റി ബോക്‌സിന്റെ പുറത്ത് വലതു വശത്ത് നിന്നെടുത്ത ഫ്രീകിക്ക് ട്രിനിനാഡ് താരം മാര്‍ക്കസ് ജോസഫ് ഐസോള്‍ വലയിലെത്തിച്ചു. ജനുവരിയില്‍ ടീമിനൊപ്പം ചേര്‍ന്ന താരത്തിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. 

ഗോള്‍ നേടിയിട്ടും ലീഡുയര്‍ത്താനായിരുന്നു ഗോകുലത്തിന്റെ ശ്രമം. ഇതിനിടെ 39-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അഭിഷേക് ദാസ് പരിക്കേറ്റ് പിന്മാറി. 45-ാം മിനിറ്റില്‍ പ്രീതം സിങ്ങിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങി. ഗോകുലത്തിന്റെ ലീഡിലാണ് ഇടവേളയ്ക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയില്‍ വ്യത്യസ്ത സമീപനമായിരുന്നു ഗോകുലത്തിന്റേത്. ബാക്ക് പാസുകള്‍ പലപ്പോഴും കളിയുടെ രസം കളഞ്ഞു. അതിന് തിരിച്ചടി കിട്ടിയത് 83-ാം മിനിറ്റിലാണ്. ഇത്തരത്തില്‍ വന്ന ഒരു ബാക്ക് പാസ് ക്ലിയര്‍ ചെയ്യാനുള്ള ഗോള്‍കീപ്പര്‍ ഷിബിന്‍രാജിന്റെ പിഴവില്‍ നിന്ന് പത്തൊമ്പതുകാന്‍ മിഡ്ഫീല്‍ഡര്‍ പോള്‍ റാംഫാങ്‌സാവുവ ഐസോളിനെ ഒപ്പമെത്തിച്ചു. പിന്നാലെ 88-ാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ച് ലാല്‍ഖപുല്‍മാവിയ ഐസോളിന് ലീഡ് നല്‍കി. 

ഇതിനിടെ 80-ാം മിനിറ്റില്‍ ജോസഫ് ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. പിന്നാലെ ഗോള്‍ തിരിച്ചടിക്കാന്‍ ഗോകുലം ആഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധികസമയത്ത് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ബിജേഷ് നഷ്ടപ്പെടുത്തുകയും ചെയ്തു. ബിജേഷിന്റെ ചിപ്പ് ഗോളിയുടെ കൈയില്‍ തട്ടി പുറത്തേക്ക് പോകുകയായിരുന്നു. 

പിന്നാലെ ഗോകുലം പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് അധിക സമയത്തിന്റെ ഏഴാം മിനിറ്റില്‍ അന്‍സുമാന ക്രോമ ഐസോളിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. 

18 മത്സരങ്ങളില്‍ ഗോകുലത്തിന്റെ എട്ടാം തോല്‍വിയാണിത്. പതിനെട്ട് കളികളില്‍ നിന്ന് പതിനാല് പോയിന്റ് മാത്രമുള്ള ഗോകുലം ഇപ്പോള്‍ പത്താം സ്ഥാനത്താണ്. ഷില്ലോങ് ലജോങ് മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക് പിറകിലുള്ളത്. പതിനെട്ട് കളികളില്‍ നിന്ന് പതിനെട്ട് പോയിന്റുള്ള ഐസോള്‍ എട്ടാമതാണ്. ലീഗ് ടേബിളില്‍ പത്താം സ്ഥാനത്തുള്ള ഗോകുലം ഇനി ഐ ലീഗില്‍ നിലനില്‍ക്കണം എങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

Content Highlights: I League Football Gokulam Kerala FC Aizawl F.C

തത്സമയ വിവരങ്ങൾ വായിക്കാം

 

Content Highlights: I League Football Gokulam Kerala FC Aizawl F.C