ഇംഫാല്‍: ആദ്യ പകുതിയില്‍ മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ച് കരുത്തരായ ചെന്നൈ സിറ്റിക്കെതിരേ സമനില പിടിച്ച് നെരോക്ക എഫ്.സി. ചെന്നൈ സിറ്റിയുടെ സ്പാനിഷ് താരം പെഡ്രോ മാന്‍സിയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേകത. 

നെരോക്കയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 35-ാം മിനിറ്റില്‍ പെഡ്രോ മാന്‍സിയാണ് ചെന്നൈയെ മുന്നിലെത്തിച്ചത്. 42-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കണ്ടെത്തിയ മാന്‍സി ആദ്യ പകുതിയുടെ അധികസമയത്ത് മൂന്നാം ഗോളും നേടിയ മാന്‍സി ഹാട്രിക്കും ചെന്നൈ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ സീസണിലെ മാന്‍സിയുടെ നാലാം ഹാട്രിക്കാണിത്.

എന്നാല്‍ വിജയമുറപ്പിച്ച് രണ്ടാം പകുതിയില്‍ ഇറങ്ങിയ ചെന്നൈയെ ഞെട്ടിച്ച പ്രകടനമാണ് നെരോക്ക പുറത്തെടുത്തത്. പകരക്കാരനായി ഇറങ്ങിയ ഫെലിക്‌സ് ചിഡിയിലൂടെ 52-ാം മിനിറ്റില്‍ നെരോക്ക ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ 67-ാം മിനിറ്റില്‍ ഭൂട്ടാന്‍ താരം ചെഞ്ചോ നെരോക്കയുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. പിന്നീട് സമനില ഗോളിനായി പൊരുതിക്കളിച്ച നെരോക്ക 87-ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ താരം ആര്യന്‍ വില്യംസിലൂടെ ലക്ഷ്യം കണ്ടു.

നെരോക്കയോടേറ്റ സമനില പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ചെന്നൈ സിറ്റിക്ക് ഐലീഗ് കിരീട പോരാട്ടത്തില്‍ വലിയ തിരിച്ചടിയായി. ചെന്നൈക്ക് 16 മത്സരങ്ങളില്‍ നിന്നും 34 പോയന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 32 പോയന്റുള്ള റിയല്‍ കശ്മീര്‍ ആണ് രണ്ടാം സ്ഥാനത്ത്.

Content Highlights: I League Chennai City and NEROCA share spoils in a six-goal thriller