കോഴിക്കോട്: ഹാട്രിക്ക് ജയം എന്ന ഗോകുലം എഫ്.സി.യുടെ സ്വപ്നം സ്വന്തം തട്ടകത്തിൽ വീണ് പാെലിഞ്ഞു. ഐ ലീഗിൽ തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷം ഗോകുലം ചർച്ചിൽ ബ്രദേഴ്സിനോട് സമനില വങ്ങി. ആറ് കളികളിൽ നിന്ന് ഒൻപത് പോയിന്റുള്ള ഗോകുലം ഇപ്പോഴും ചർച്ചിലിന് പിറകിൽ മൂന്നാമതാണ്. ചർച്ചിൽ പത്ത് പോയിന്റുമായാണ് ചെന്നൈ സിറ്റി എഫ്.സിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

നാലാം മിനിറ്റിൽ തന്നെ ഗോകുലം ലീഡ് വഴങ്ങി. 36-ാം മിനിറ്റിൽ തിരിച്ചടിക്കുകയും ചെയ്തു. ലീഗിൽ ഗോകുലത്തിന്റെ മൂന്നാം സമനിലയാണിത്.

വില്ലിസ് പ്ലാസയാണ് ചർച്ചിലിന് ലീഡ് നൽകിയ ഗോൾ നേടിയത്. ഗോകുലം പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഹാൻഷിങ് തള്ളിക്കൊടുത്ത പന്ത് രണ്ട് ഡിഫൻഡർമാരോട് മത്സരിച്ച് പിടിച്ചെടുത്ത പ്ലാസ ഇടങ്കാൽ കൊണ്ട് തന്നെ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു.

എന്നാൽ, ഒന്നാം പകുതിയിൽ തന്നെ അർജുൻ ജയരാജ് മികച്ച ഫിനിഷിങ്ങിലൂടെ ഗോൾ മടക്കി. ഇടതു ബോക്സിൽ നിന്ന് സബാഹ് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ അർജുൻ അഡ്വാൻസ് ചെയ്ത ഗോളിയെ കബളിപ്പിച്ച് വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു.

 ഏതാനും മാറ്റങ്ങളുമായാണ് ബിനോ ജോർജ് ചർച്ചിലിനെതിരേ ഗോകുലത്തെ ഇറക്കിയത്. പുതിയ സ്ട്രൈക്കർ ക്രിസ്റ്റ്യൻ സബ ഫസ്റ്റ് ഇലവനിൽ ഇറങ്ങി.  മധ്യനിരയിൽ അർജുൻ ജയരാജും ഇടം കണ്ടു. ഇവരുടെ സഖ്യമാണ് ടീമിന് സമനില ഗോൾ സമ്മാനിച്ചത്.

 നന്നായി തുടങ്ങിയത് ഗോകുലമായിരുന്നു. എന്നാൽ, ആദ്യം ലക്ഷ്യം കണ്ടത് ചർച്ചിലായി. ഗോകുലത്തിന്റെ ഡിഫൻഡർ മുഹമ്മദ് റാഷിദിന്റെ ഒരു പിഴച്ച ഹെഡ്ഡറാണ് ചർച്ചിലിന് ഗോൾ സമ്മാനിച്ചത്. പന്ത് പിടിച്ചെടുത്ത ഹാങ്ഷിങ് അത് വില്ലിസ് പ്ലാസയിലേയ്ക്ക് ഹെഡ്ഡ് ചെയ്തുകൊടുത്തു. പ്ലാസയ്ക്ക് പിഴച്ചതുമില്ല.

 ഗോൾ നേടിയതോടെ ചർച്ചിലിനായി മേൽക്കൈ. അവർ നല്ല ചില അവസരങ്ങൾ സൃഷ്ടിച്ചു. ഗോകുലത്തിന്റെ ആക്രമണവഴി അടയ്ക്കുകയും ചെയ്തു. പ്ലാസയ്ക്കും സെസ്സെയ്ക്കുമെല്ലാം നേരിയ വ്യത്യാസത്തിനാണ് പലപ്പോഴും ഗോൾ അവസരങ്ങൾ നഷ്ടമായത്.

ഏറെക്കഴിഞ്ഞാണ് ഗോകുലം താളം കണ്ടെത്തിയത്. ഗോളി ഷിബിൻരാജിൽ നിന്ന് ലഭിച്ച പന്ത് കിട്ടിയ സബ വെയ്ൻ വാസിനെ മറികടന്ന്, ചർച്ചിൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി  ഇടതുപാർശ്വത്തിൽ അർജുന് നൽകുകയായിരുന്നു. മനോഹരമായിരുന്നു അർജുന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ വലിയ റിസ്ക്കെടുക്കാൻ ഇരു ടീമുകളും തയ്യാറായില്ല. പന്തിന്റെ പൊസഷൻ കൂടുതലും ഗോകുലത്തിനായിരുന്നെങ്കിലും അപകടകരമായ ആക്രമണങ്ങൾ കൂടുതൽ നടത്തിയത് ചർച്ചിലായിരുന്നു. പ്ലാസയായിരുന്നു ഏറ്റവും അപകടം. പ്ലാസയെ തളയ്ക്കാൻ അഡോയ്ക്കും ഓർട്ടിസിനും ചിലപ്പോഴെങ്കിലും ഗോളി ഷിബിനും നന്നായി തന്നെ വിയർക്കേണ്ടിവന്നു.

 

Content Highlights: I League 2108 Gokulam FC vs Churchill Brothers Live Blog