കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഗോകുലം കേരളാ എഫ്.സി. ശനിയാഴ്ച ഇന്ത്യന്‍ യുവനിര ആരോസിനെതിരേ ഇറങ്ങും. വൈകീട്ട് അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം.

കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കശ്മീരിനോട് തോറ്റതോടെ(1-0) പട്ടികയില്‍ ഗോകുലം പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയിലും മഴയിലുമാണ് ശ്രീനഗറില്‍ കശ്മീര്‍ ടീമിനെ ഗോകുലം നേരിട്ടത്. തോറ്റെങ്കിലും പ്രതികൂലസാഹചര്യത്തില്‍ പൊരുതി നില്‍ക്കാനായത് ഗോകുലത്തിന് പ്രതീക്ഷ നല്‍കുന്നു. വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ മത്സരശേഷം കളിക്കാര്‍ ദിവസങ്ങളോളം ശ്രീനഗറില്‍ കുടുങ്ങി. തുടര്‍ന്ന് ഐസോളുമായി കോഴിക്കോട് പത്തിന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

ബാക്കിയുള്ള അഞ്ച് മത്സരങ്ങളില്‍ മികച്ച പ്രകടനത്തോടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെങ്കിലും എത്താനാവുമെന്ന് ഗോകുലം ടെക്നിക്കല്‍ ഡയറക്ടര്‍ ഗിഫ്റ്റ് റെയ്ഖാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സൂപ്പര്‍ കപ്പ് യോഗ്യതയാണ് ടീം ലക്ഷ്യമിടുന്നത്. 15 മത്സരങ്ങളില്‍ രണ്ട് ജയമാണ് ഗോകുലത്തിന് നേടാനായത്. ആറു കളികള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ തോല്‍വി വഴങ്ങി.

ഇന്ത്യയുടെ അണ്ടര്‍-17 ലോകകപ്പ് ടീമിലെ ഒട്ടേറെ കളിക്കാരെ അണിനിരത്തുന്ന ആരോസ് 17 കളികളില്‍നിന്ന് 16 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഏവേ മത്സരത്തില്‍ ഗോകുലം ആരോസിനോട് തോറ്റിരുന്നു(20). ടീം ഓരോ മത്സരംകഴിയുന്തോറും മെച്ചപ്പെട്ടു വരുകയാണെന്നും ഗോകുലത്തിനെതിരേ വിജയം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആരോസ് പരിശീലകന്‍ ഫ്‌ളോയ്ഡ് പിന്റൊ പറഞ്ഞു.

Content Highlights: I League 2019 Football Golkulam FC vs Indian Arrows