ഭുവനേശ്വര്‍: ഐ ലീഗ് ഫുട്ബോളില്‍ ഇന്ത്യന്‍ ആരോസിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ ഗോകുലം കേരള എഫ്.സി. ലക്ഷ്യമിടുന്നത് വിജയം മാത്രം. അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതിരുന്ന ടീമിന് മുന്നോട്ടുപോകണമെങ്കില്‍ ജയം അനിവാര്യമാണ്. കലിംഗ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കിക്കോഫ്.

അവസാനകളിയില്‍ റിയല്‍ കശ്മീരുമായി സമനിലയില്‍ പിരിഞ്ഞാണ് ഗോകുലം എവേ മത്സരത്തിനെത്തുന്നത്. ഇന്ത്യന്‍ യുവനിരയായ ആരോസാകട്ടെ ഐസോള്‍ എഫ്.സി.യെ തളച്ചാണ് കളിക്കാനിറങ്ങുന്നത്. എട്ട് കളിയില്‍നിന്ന് 10 പോയന്റുള്ള ഗോകുലം ലീഗില്‍ എട്ടാം സ്ഥാനത്തും ഏഴ് കളിയില്‍നിന്ന് നാലുപോയന്റുള്ള ഇന്ത്യന്‍ ആരോസ് പത്താം സ്ഥാനത്തുമാണ്.

ടീമിലേക്ക് പുതുതായെത്തിയ നൈജീരിയന്‍ താരം ജോയല്‍ സണ്‍ഡേയും ഘാനക്കാരന്‍ ക്രിസ്റ്റിയന്‍ സബയും മുന്നേറ്റത്തില്‍ ഒത്തിണക്കം കാണിക്കുന്നത് ഗോകുലത്തിന് ആത്മവിശ്വാസം പകരുന്നു. അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും ഗുയ്ലെര്‍മെ കാസ്ട്രോയും അടങ്ങുന്ന മധ്യനിര ഫോമിലേക്കുയര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. കളിയുടെ തുടക്കത്തില്‍ പ്രതിരോധത്തില്‍വരുന്ന വീഴ്ചകളാണ് പലമത്സരങ്ങളിലും ടീമിന് തിരിച്ചടിയായത്.

മറുവശത്ത് ഇന്ത്യന്‍ ആരോസ് മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്ട്രൈക്കര്‍മാരില്ലാത്തതാണ് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയാളി താരം കെ.പി. രാഹുല്‍ ടീമില്‍ കളിക്കുന്നുണ്ട്.

Content Highlights: I League 2018 Gokulam FC vs Indian Arrows Preview