കൊല്‍ക്കത്ത: ഐ ലീഗില്‍ തങ്ങളുടെ ഏഴാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍, ഗോകുലത്തെ തകര്‍ത്തത്. സീസണില്‍ ഗോകുലത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഏഴു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച നീക്കങ്ങള്‍ നടത്തിയ ഈസ്റ്റ് ബംഗാള്‍ നാലാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ബ്രാന്‍ഡോണാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്. പത്തു മിനിറ്റിനു ശേഷം മികച്ച മുന്നേറ്റത്തിനൊടുവില്‍ മലയാലി താരം ജോബി ജസ്റ്റില്‍ ബംഗാളിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. ഗോകുലം മുന്നേറ്റങ്ങള്‍ പലതും നടത്തിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഉറച്ചു നിന്നു. 

ഇതിനിടെ സാബയെ, ബംഗാള്‍ ഗോള്‍ കീപ്പര്‍ ബോക്‌സില്‍ വീഴ്ത്തിയതിനു ഉറപ്പായിരുന്ന പെനാല്‍റ്റി റഫറി ഗോകുലത്തിന് നിഷേധിക്കുകയും ചെയ്തു. പിന്നാലെ 57-ാം മിനിറ്റില്‍ ഡാനിയല്‍ എഡോയുടെ ലോങ് പാസ് സ്വീകരിച്ച ക്രിസ്റ്റ്യന്‍ സാബ, ഓഫ്‌സൈഡ് കെണി പൊളിച്ച് ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു. സമനല ഗോള്‍ നേടാന്‍ ഗോകുലം ശ്രമിക്കുന്നതിനിടെ 82-ാം മിനിറ്റില്‍ ലാല്‍റാം ചുല്ലോവ ബംഗാളിനായി മൂന്നാം ഗോള്‍ നേടി. ക്യാപ്റ്റന്‍ മുഡേ മൂസയുടെ പിഴവില്‍ നിന്നുള്ള കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ലാല്‍റാം സ്‌കോര്‍ ചെയ്തത്.

Content Highlights:Gokulam Kerala FC vs East Bengal i league