കോഴിക്കോട്: കളിക്കളത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും വിദേശതാരങ്ങളുടെ ഇറക്കുമതിയില്‍ ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യെ വെല്ലാന്‍ ഇക്കുറി മറ്റൊരു ടീമുമില്ല. സീസണില്‍ 14 വിദേശതാരങ്ങളെയാണ് ടീം ലീഗ് ഫുട്ബോളില്‍ പരീക്ഷിച്ചത്. ആദ്യ കളി മുതല്‍ കഴിഞ്ഞ ദിവസത്തെ കളിക്കുവരെ പുതിയ വിദേശതാരത്തെ ടീം പരീക്ഷിച്ചു. ഇതിന് പുറമെ, ട്രയല്‍സില്‍ പങ്കെടുത്ത വിദേശതാരങ്ങള്‍ വേറെയും.

ടീമിന്റെ ഗെയിംപ്ലാനിന് അനുയോജ്യരായവരെ കിട്ടാതിരുന്നതാണ് സീസണ്‍ അവസാനം വരെയും താരങ്ങളെ കൊണ്ടുവരാന്‍ മാനേജ്മെന്റിനെ നിര്‍ബന്ധിതരാക്കിയത്. നെറോക്കയ്‌ക്കെതിരേ ഇറങ്ങിയ മുന്നേറ്റനിരതാരം ഇമ്മാനുവലാണ് അവസാനമെത്തിയത്. 

ഇതിന് തൊട്ടുമുമ്പ് ഐസോളിനെതിരെ പ്രതിരോധനിരക്കാരന്‍ ആന്ദ്രെ എന്റീനെയും അവതരിപ്പിച്ചു. നിലവില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നിന്നുള്ള ജോസഫ് മര്‍ക്കസ്, ആന്ദ്രെ എന്റീനെ, നൈജീരിയക്കാരന്‍ ഇമ്മാനുവല്‍, ഹെയ്തി താരം ഫാബിയന്‍ വോര്‍ബെ, ഘാന താരങ്ങളായ ഡാനിയേല്‍ അഡു, റസ്സല്‍ ആല്‍ഫ്രഡ്, ബ്രസീല്‍ താരം കാസ്ട്രോ എന്നിവരാണുള്ളത്. ഇതില്‍ കാസ്ട്രോ സസ്‌പെന്‍ഷനിലാണ്.

ഐ ലീഗില്‍ ആറ് വിദേശതാരങ്ങളെ ഒരേ സമയം ടീമില്‍ ഉള്‍പ്പെടുത്താം. നാല് താരങ്ങള്‍ക്ക് ഇലവനില്‍ കളിക്കാം. മുന്നേറ്റനിരയില്‍ പലപ്പോഴായി ഏഴുപേര്‍ കളിച്ചു. മധ്യനിരയില്‍ നാലും പ്രതിരോധത്തില്‍ മൂന്നുപേരുമെത്തി. മുന്നേറ്റത്തില്‍ ഇംഗ്ലീഷ് താരം അന്റോയിന്‍ ജര്‍മെയ്നാണ് തുടക്കത്തിലുണ്ടായിരുന്നത്. ജര്‍മെയ്ന്‍ പോയതോടെ പലരേയും പരീക്ഷിക്കേണ്ടിവന്നു. റിസര്‍വ് ടീമില്‍നിന്ന് ക്രിസ്റ്റ്യന്‍ സാബ, ചാള്‍സ് ഫോളി (ഘാന), നൈജീരിയക്കാരന്‍ ജോയല്‍ സണ്‍ഡേ, റസ്സല്‍ ആല്‍ഫ്രഡ് (ഘാന), മര്‍ക്കസ് ജോസഫ് (ട്രിനിഡാഡ്) ഇമ്മാനുവല്‍ (നൈജീരിയ)എന്നിവരെത്തി. ഇതില്‍ മര്‍ക്കസ് മികച്ച പ്രകടനം നടത്തുന്നു.

മധ്യനിരയില്‍ ഉഗാണ്ടക്കാരന്‍ മുദ്ദ മൂസ്സയും കാസ്ട്രോയും തുടക്കത്തിലെ ടീമിലുണ്ടായിരുന്നു. പരിക്കേറ്റ് മൂസ്സ മടങ്ങിയതോടെ ഹെയ്ത്തിയില്‍നിന്ന് ഫാബിയന്‍ വോര്‍ബെ വന്നു. ഇതിനിടെ ഐവറികോസ്റ്റുകാരന്‍ അര്‍തര്‍ കൊയാസിയെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.

പ്രതിരോധത്തില്‍ കഴിഞ്ഞ സീസണ്‍ മുതലുള്ള ഡാനിയേല്‍ അഡു ടീമില്‍ ഉറച്ചുനിന്നു. അര്‍ജന്റീനക്കാരന്‍ ഫാബ്രിഷ്യോ ഒര്‍ട്ടീസിനെ കുറച്ചുമത്സരങ്ങള്‍ക്കുശേഷം പുറത്താക്കി. പകരമാണ് എന്റീനെ വന്നത്.

ലീഗിലെ മറ്റൊരു ടീമും ഇത്രയും വിദേശതാരങ്ങളെ പരീക്ഷിച്ചിട്ടില്ല. ചെന്നൈ സിറ്റി എഫ്.സി, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് ടീമുകള്‍ വിദേശകരുത്തിലാണ് മികച്ചപ്രകടനം നടത്തിയത്.

Content Highlights: gokulam kerala fc's foreign players love