കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലത്തിനെതിരേ ചെന്നൈ സിറ്റിക്ക് വിജയം (3-2). കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം നേടാനാവാതെ പോയത് ആരാധകരെ നിരാശയിലാഴ്ത്തി. ഗോകുലത്തിന് വേണ്ടി അന്റോണിയോ ജെര്‍മന്‍, സുഹൈര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ചെന്നൈയ്ക്ക് വേണ്ടി പ്രവിറ്റോ രാജു, പെഡ്രോ യാവിയര്‍ മന്‍സി, അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്‌. 

മത്സരത്തിന്റെ മൂന്നാം മിനിറ്റിലാണ് അന്റോണിയോ ജെര്‍മന്റെ ഗോള്‍. രണ്ടാം മിനിറ്റില്‍ അര്‍ജുന്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോളടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാസ്ട്രോയെ ചെന്നൈയുടെ ഡിഫന്‍ഡര്‍ റോബര്‍ട്ടോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന്‌ റഫറി ഗോകുലത്തിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. ഇത് സമര്‍ഥമായി അന്റോണിയോ ജെര്‍മന്‍ വലയില്‍ എത്തിക്കുകയായിരുന്നു. 1-0.

22-ാം മിനിറ്റില്‍ ചെന്നൈ തിരിച്ചടിച്ചു. പ്രവിറ്റോ രാജുവാണ് ഗോള്‍ നേടിയത്. നെസ്റ്റര്‍ ജീസസിന്റെ ഷോട്ട് ഗോളി തട്ടിയിട്ട് നേരെ രാജുവിന്റെ കാലിലേക്കായിരുന്നു രാജുവിന് ലക്ഷ്യം തെറ്റിയില്ല. 1-1. പത്ത് മിനിറ്റുകള്‍ തികയും മുന്‍പെ ചെന്നൈ മത്സരത്തില്‍ ലീഡ് നേടി. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഗോകുലത്തിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് പെഡ്രോ യാവിയര്‍ മന്‍സി ലക്ഷൃം കണ്ടു. 1-2.

ആദ്യ പകുതിയില്‍ ഓരോ മഞ്ഞകാര്‍ഡുകള്‍ ഇരു ടീമുകളും നേടി. മുപ്പത്തിയെട്ടാം മിനിറ്റില്‍ ആതിഥേയരുടെ ബ്രസീല്‍ താരം കാസ്ട്രോയാണ് ആദ്യ മഞ്ഞ നേടിയത്. മന്‍സിയെ ഫൗള്‍ ചെയ്തതിനാണ് മഞ്ഞക്കാര്‍ഡ്. നാല്‍പ്പത്തി രണ്ടാം മിനിറ്റില്‍ ജര്‍മനെ ഫൗള്‍ ചെയ്ത ചെന്നൈയുടെ റോബര്‍ട്ടോയും മഞ്ഞ നേടി. 

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 67-ാമത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍ ചെന്നൈയ്ക്ക് രണ്ട് ഗോള്‍ ലീഡ് നല്‍കി. 1-3.  തൊട്ടടുത്ത മിനിറ്റില്‍ മലയാളി താരം സുഹൈറിലൂടെ ഗോകുലം ഒരു ഗേള്‍ തിരിച്ചടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ചെന്നൈയുടെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെയായിരുന്നു സുഹൈറിന്റെ ഗോള്‍. 2-3.

87ാമത്തെ മിനിറ്റില്‍ ഗോകുലത്തിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താനായില്ല. മൂസയെടുത്ത ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. ഏഴ് മിനിറ്റാണ് അധിക സമയം അനുവദിച്ചത്. 96-ാം മിനിറ്റില്‍ മൂസക്ക് ചുവപ്പു കാര്‍ഡ് ലഭിക്കുകയും ചെയ്തു. വീണുകിടക്കുന്ന അമീറുദ്ദീന്റെ കാലില്‍ ചവിട്ടിയതിനാണ് മൂസയ്ക്ക് അവസാന മിനിറ്റില്‍ പുറതത്തു പോകേണ്ടി വന്നത്‌

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ചെന്നൈ ലീഗില്‍ ഒന്നാമതെത്തി രണ്ട് ജയവും ഒരു സമനിലയുമാണ് ചെന്നൈ നേടിയത്. രണ്ട് മത്സരങ്ങളില്‍ സമനില നേടിയ ശേഷം മൂന്നാമത്തെ മത്സരത്തില്‍ വിജയം പ്രതീക്ഷിച്ചാണ് ഗോകുലം ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. ആദ്യകളിയില്‍ കരുത്തരായ മോഹന്‍ ബഗാനെതിരേയും രണ്ടാം മത്സരത്തില്‍ നെരോക്ക എഫ്.സി.ക്കെതിരേയും സമനില വഴങ്ങിയിരുന്നു.

 

Content Highlights: Gokulam FC vs Chennai City FC I League 2018 Live Blog