കോഴിക്കോട്: ഗോകുലം എഫ്.സിയില്‍ പുതിയ ഒരു വിദേശ താരം കൂടി. ട്രിനിഡാഡ് ആന്റ് ടുബോഗോ താരമായ മാര്‍ക്കസ് ജോസഫ് ഇനി ഐ-ലീഗില്‍ കളിക്കും. താരവുമായി കരാര്‍ പൂര്‍ത്തിയായതായി ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. 27-കാരനായ മാര്‍ക്കസ് ജോസഫ് ദേശീയ ടീമിനായി 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

മോശം ഫോമിലുള്ള നൈജീരിയന്‍ മുന്നേറ്റതാരം ജോയല്‍ സണ്‍ഡേയ്ക്ക് പകരം ഇനി മാര്‍ക്കസ് ജോസഫാകും കളത്തിലിറങ്ങുക. വ്യാഴാഴ്ച്ച ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത എവേ മത്സരം.

ട്രിനിഡാഡ് ആന്റ് ടുബോഗോയിലെ പ്രൊഫഷണല്‍ ലീഗായ ടി.ടി പ്രോ ലീഗില്‍ സെന്‍ട്രല്‍ എഫ്.സിക്കായി കളിക്കുന്ന മാര്‍ക്കസ് ജോസഫ് ഈ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 18 ലീഗ് ഗോളുമായി ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കി. ഈ സീസണില്‍ ആകെ 25 ഗോളുകളാണ് മാര്‍ക്കസ് അക്കൗണ്ടിലെത്തിച്ചത്. 

2013-15 സീസണില്‍ ടി.ടി പ്രോ ലീഗിലെ തന്നെ ക്ലബ്ബായ പോയിന്റ് ഫോര്‍ട്ടിന് വേണ്ടിയാണ് മാര്‍ക്കസ് ബൂട്ടണിഞ്ഞിരുന്നത്. 43 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും നേടി. 

എവേ മത്സരങ്ങളില്‍ പിന്നോട്ടുപോയ ഗോകുലം നിലവില്‍ ഐ-ലീഗില്‍ എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ രണ്ട് വിജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമുള്ള ഗോകുലത്തിന്റെ അക്കൗണ്ടില്‍ ആകെ പത്ത് പോയിന്റാണുള്ളത്.

Content Hghlights: Gokulam FC Signs New Foriegn Player Marcus Joseph I League 2019