കോഴിക്കോട്: ഐ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം എഫ്.സിയുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശന ചടങ്ങ് നടന്നു. കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഗോകുലം എഫ്.സി പ്രസിഡന്റ് വി.സി പ്രവീണ്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ടീമിന്റെ മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ്, നായകന്‍ മുഡ്ഡെ മുസ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്സി പുറത്തിറക്കിയത്.

ആദ്യ മത്സരത്തിലെ തുക ദുരിതാശ്വാസ നിധിയിലേക്ക്

ഈ മാസം 27-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സത്തിന്റെ ടിക്കറ്റ് തുക മുഴുവന്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. മോഹന്‍ ബഗാനെതിരേ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് നമ്മള്‍ എല്ലാവരുടേയും സാമൂഹികമായ ഉത്തരവാദിത്തമാണ്. ഫുട്ബോള്‍ കേരളത്തില്‍ അത്രയേറേ പ്രചാരമുള്ള കളിയാണ്, അതിനാല്‍ ഈ അവസരം തങ്ങള്‍ പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ തൃപ്തി

ഐ ലീഗില്‍ കഴിഞ്ഞ സീസണിലെ ഗോകുലം എഫ്.സിയുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് ക്ലബ്ബ് പ്രസിഡന്റ് വി.സി പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടക്ക സീസണില്‍ തന്നെ ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്കു ശേഷം ടീമിന്റെ പ്രകടനം ആകെ മാറി. ഐ ലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയും ലജോങ് എഫ്.സിയേയും  തോല്‍പിച്ചു. ഹോം മത്സരത്തില്‍ മോഹന്‍ ബഗാനെ സമനിലയില്‍ പിടിക്കാനുമായി. എവേ മത്സരത്തില്‍ അവരെ തോല്‍പിക്കുകയും ചെയ്തു. ചാമ്പ്യന്‍മാരായ മിനര്‍വയേയും ചെന്നൈ സിറ്റിയേയും ഇന്ത്യന്‍ ആരോസിനേയും എവേ മത്സരത്തില്‍ തോല്‍പിക്കാനും ടീമിനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പുതിയ പരിശീലകന്‍ ബിനോ ജോര്‍ജിനു കീഴില്‍ മികച്ച പ്രകടനമാണ് പ്രഥമ സൂപ്പര്‍ കപ്പിലും ടീം പുറത്തെടുത്തത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ടീം തോല്‍പിച്ചാണ് സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്. വമ്പന്‍മാരായ ബെംഗളൂരു എഫ്.സിയുമായി അറുപതാം മിനിറ്റുവരെ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണ് ടീം തോല്‍വി വഴങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വമ്പന്‍മാരെ വിറപ്പിച്ചതിനാല്‍ ടീമിന് ജയന്റ് കില്ലേഴ്സ് എന്ന പേരു ലഭിക്കുകയും ചെയ്തെന്നും പ്രവീണ്‍ പറഞ്ഞു. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജെര്‍മനും ഇത്തവണ ടീമിനൊപ്പമുണ്ട്.

gokulam

ഇത്തവണ എ.എഫ്.സി കപ്പില്‍ കളിക്കണം

കഴിഞ്ഞ തവണ സൂപ്പര്‍ കപ്പില്‍ കളിക്കണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ ടീമിനൊപ്പം ഉണ്ടായിരുന്നതെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇത്തവണ എ.എഫ്.സി കപ്പില്‍ കളിക്കണമെന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് ഗോകുലം കളിക്കുന്നത്. കഴിഞ്ഞ സീസണിലെ രണ്ടാം ഘട്ടത്തില്‍ മികച്ച പ്രകടനമാണ് ടീമിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. കഴിഞ്ഞ തവണ ടെക്നിക്കല്‍ ഡയറക്ടറായിട്ടാണ് ടീമിനൊപ്പം ഉണ്ടായിരുന്നത്. ഇത്തവണ മികച്ച സ്ട്രൈക്കര്‍മാരെ ലഭിച്ചതിനാല്‍ മികച്ച പ്രകടനം തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ടീമില്‍ ഏറെയും പുതുമുഖങ്ങളായയിരുന്നു. അതിനാല്‍ തന്നെ ആദ്യ സീസണില്‍ അവര്‍ പുതിയൊരു ലോകത്തെത്തിയ പോലെയായിരുന്നു. ഇപ്പോഴാണ് അവര്‍ ഐ ലീഗും മറ്റ് ടീമുകളും  എന്താണെന്ന് മനസിലാക്കിയതെന്നും ബിനോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗോകുലം എഫ്.സിയുടെ പുതിയ ജേഴ്സി ശനിയാഴ്ച ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടത്തുന്ന പ്രത്യേക പരിപാടിയിലായിലാണ് ജേഴ്സി പുറത്തിറക്കുക. വരുന്ന സീസണിലെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയും ശനിയാഴ്ച ആരംഭിക്കും. ഹോം കിറ്റും എവേ കിറ്റുമടക്കം എല്ലാ ജേഴ്സികളും ഇക്കുറി മാറ്റിയിട്ടുണ്ട്. 

50 രൂപയ്ക്ക് ഗോകുലത്തിന്റെ കളി കാണാം 

50 മുതല്‍ 150 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ഒക്ടോബര്‍ 27 ശനിയാഴ്ച മോഹന്‍ ബഗാനെതിരെയാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം. ഈസ്റ്റ് സ്റ്റാന്‍ഡ്, സൗത്ത് സ്റ്റാന്‍ഡ്, നോര്‍ത്ത് ഗ്യാലറി എന്നിവയിലാണ് 50 രൂപ നിരക്ക്. വെസ്റ്റ് ഗ്യാലറിയില്‍ 75 രൂപ നല്‍കണം. വി.ഐ.പി, വി.വി.ഐ.പി ടിക്കറ്റുകള്‍ക്ക് വെറും 150 രൂപ മുടക്കിയാല്‍ മതി. സീസണ്‍ ടിക്കറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ഗ്യാലറിക്ക് 500 രൂപ, വി.ഐ.പി, വി.വി.ഐ.പി 700 രൂപ എന്നിങ്ങനെയാണ് നിരക്ക്.