കോഴിക്കോട്: ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണല്ല നാദാപുരത്തിന്റേത്. എന്നാല്‍, അവിടെനിന്നൊരു യുവതാരം ഇന്ത്യന്‍ ഫുട്ബോളില്‍ വരവറിയിച്ചിരിക്കയാണ്. ഐ ലീഗ് ഫുട്ബോളില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീം ഗോകുലം കേരള എഫ്.സി.യുടെ മുന്നേറ്റനിരക്കാരനാണ് ഗനി അഹമ്മദ് നിഗം.

നാദാപുരം പുതിയാറക്കല്‍ ഫൈസലിന്റെയും ഉസ്നുല്‍ ജമാലിന്റെയും മകനാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാനെതിരേയായിരുന്നു ഐ ലീഗില്‍ ഗനിയുടെ അരങ്ങേറ്റം. കാല്‍ലക്ഷത്തിലേറെ വരുന്ന കാണികള്‍ക്കു മുമ്പില്‍ ചങ്കിടിപ്പോടെയാണ് സീനിയര്‍ തലത്തിലെ ആദ്യമത്സരം കളിക്കാനിറങ്ങിയതെന്ന് ഇരുപതുകാരനായ ഗനി പറയുന്നു. എന്നാല്‍, കോച്ച് ബിനോ ജോര്‍ജ് അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഗനിക്കായി. സമനിലയിലായ കളിയില്‍ ഗോളൊന്നും നേടാനായില്ലെങ്കിലും കളി നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഷില്ലോങ് ലജോങ്ങിനെതിരായ മത്സരത്തില്‍ ഗനി തന്റെ ആദ്യഗോള്‍ കണ്ടെത്തി ടീമിന്റെ 3-1 വിജയത്തില്‍ നിര്‍ണായകപ്രകടനം നടത്തി. കളിയിലെ താരവും ഗനിയായിരുന്നു.

ഒന്നാം പകുതിയുടെ 43-ാം മിനിറ്റിലാണ് പൊരുതിനിന്ന ലജോങ് പ്രതിരോധനിരയെ കീഴടക്കി ഗനി ലക്ഷ്യം കണ്ടത്. സീസണില്‍ ഗോകുലത്തിന്റെ ആദ്യവിജയത്തിന് അടിത്തറയിട്ട ഗോളായിരുന്നു അത്.

ഒമ്പതാം വയസ്സില്‍ പുറമേരി ഒളിമ്പ്യന്‍ റഹ്മാന്‍ അക്കാദമിയിലൂടെയാണ് (ഓര്‍മ) ഗനി കളിയുടെ ആദ്യപാഠങ്ങള്‍ വശത്താക്കിയത്. പ്രദീപും സുരേന്ദ്രനുമായിരുന്നു പരിശീലകര്‍. സംസ്ഥാന അണ്ടര്‍-14 ടീമില്‍ സ്ഥാനംലഭിച്ചത് പ്രചോദനമായി. ഹയര്‍സെക്കന്‍ഡറി പഠനത്തിനായി മലപ്പുറം എം.എസ്.പി. സ്‌കൂളില്‍ ചേര്‍ന്നതാണ് ഗനിയുടെ കളിജീവിതത്തില്‍ വഴിത്തിരിവായത്. ഡല്‍ഹിയില്‍ നടന്ന സുബ്രതോകപ്പ് ഫുട്ബോളില്‍ എം.എസ്.പി. സ്‌കൂള്‍ടീം ഫൈനലില്‍ കടന്നപ്പോള്‍ ആറുഗോളുമായി ഗനി മുന്നില്‍നിന്ന് പടനയിച്ചു. ബ്രസീലില്‍ നിന്നെത്തിയ ടീമിനോട് ഫൈനലില്‍ തോറ്റെങ്കിലും നാദാപുരത്തുകാരന്‍ ഫുട്ബോള്‍ വൃത്തങ്ങളില്‍ ചര്‍ച്ചയായി.

തുടര്‍ന്ന് പുണെ സിറ്റി എഫ്.സി. അക്കാദമി ഗനിയെ ടീമിലെടുത്തു. അവരുടെ റിസര്‍വ് ടീമിലും അംഗമായി. പുണെയില്‍ രണ്ടുവര്‍ഷം വിദേശപരിശീലകരുടെ കീഴിലുള്ള പരിശീലനം കളി ഏറെ മെച്ചപ്പെടുത്തിയതായി ഗനി പറയുന്നു. കഴിഞ്ഞവര്‍ഷം പുണെ സിറ്റിയുടെ ഐ.എസ്.എല്‍ ടീമിലും ഗനി ഇടം നേടി. എന്നാല്‍, കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. പുതിയ സീസണില്‍ മലയാളിതാരങ്ങള്‍ക്ക് ഏറെ അവസരംനല്‍കുന്ന ഗോകുലം യുവപ്രതിഭയെ ടീമിലെടുത്തു.

ഐ.ലീഗ് ഐ.എസ്.എല്ലിനേക്കാള്‍ കടുപ്പമാണെന്ന് ഗനി പറയുന്നു. യുവതാരങ്ങള്‍ക്ക് കഴിവുതെളിയിക്കാന്‍ പറ്റിയ വേദിയാണിതെന്ന് ബാഴ്സലോണയുടെയും ചെല്‍സിയുടെയും ആരാധകനായ ഗനി ചൂണ്ടിക്കാട്ടി. ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബുമായി ഞായറാഴ്ച നടക്കുന്ന മത്സരത്തിലും മികവ് പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ഒരുദിവസം ഇന്ത്യക്കായി കളിക്കുന്നതും ഗനി സ്വപ്നം കാണുന്നു.

Content Highlights: gani ahmed nigam nathapuram's contribution to indian football