കൊച്ചി: ഇന്ത്യയിലെ പരമ്പരാഗത ഫുട്‌ബോള്‍ ലീഗായ ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് ക്ലബ്ബുകള്‍. ഇത്തവണത്തേത് ഐ ലീഗിന്റെ അവസാന സീസണായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഐ ലീഗ് ക്ലബ്ബ് പ്രതിനിധികള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്) ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചു. 

ഐസ്വാള്‍ എഫ്.സി, ചെന്നൈ സിറ്റി എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഗോകുലം കേരള എഫ്.സി, മിനര്‍വ പഞ്ചാബ്, മോഹന്‍ ബഗാന്‍, നെരോക്ക, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് പ്രതിനിധികളാണ് എ.ഐ.എഫ്.എഫുമായി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. എന്നാല്‍ ഇതിനോട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐ ലീഗിന്റെ ഭാവിയെ കുറിച്ച് എ.ഐ.എഫ്.എഫ് വ്യക്തത വരുത്തണമെന്ന് ക്ലബ്ബ് പ്രതിനിധികള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണോടെ ഐ ലീഗ് അവസാനിപ്പിക്കുമെന്നും ഐ.എസ്.എല്‍ രാജ്യത്തെ പ്രധാന ലീഗാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരത്തിലുള്ള നീക്കം.

ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി.സി പ്രവീണിന്റെ നേതൃത്വത്തിലാണ് എട്ട് ഐ ലീഗ് ക്ലബ്ബുകള്‍ എ.ഐ.എഫ്.എഫിന് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഐ.എസ്.എല്‍ - ഐ ലീഗ് ലയനം ഫുട്‌ബോള്‍ സ്‌പോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ അനാവശ്യ ഇടപെടലുകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

എന്നാല്‍ കത്തിന് എ.ഐ.എഫ്.എഫില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ചര്‍ച്ച എപ്പോള്‍ നടക്കുമെന്നതിനെ കുറിച്ച് യാതൊരുവിധ വ്യക്തതയും കൈവന്നിട്ടില്ലെന്നും വി.സി പ്രവീണ്‍ പ്രതികരിച്ചു. 

'' ഏതെങ്കിലും സംസ്ഥാനത്തിന്റെ ഒരു കോണിലുള്ള ലീഗിനെ കുറിച്ചല്ല ഞങ്ങള്‍ സംസാരിക്കുന്നത്. രാജ്യത്തെ പ്രമുഖ ലീഗാണിത്, പക്ഷേ ക്ലബ്ബ് ഉടമകള്‍ക്ക് ഇതുവരെ ഫുട്‌ബോള്‍ അധികൃതരെ കാണാനിയിട്ടില്ല. ഇത്തവണത്തെ ഐ ലീഗ് സീസണ്‍ തുടങ്ങുന്നതിനു മുന്‍പും ക്ലബ്ബുകളുടെ മീറ്റിങ്ങൊന്നും വിളിച്ചിട്ടില്ല. എ.ഐ.എഫ്.എഫില്‍ നിന്ന് മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത് '' - പ്രവീണ്‍ പറഞ്ഞു.

Content Highlights: future of the i league after investing so much clubs are still in the dark