പനാജി: ഐ-ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയവുമായി ഗോകുലം എഫ്.സി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ഗോകുലത്തിന്റെ പരാജയം. ഒരു ഗോളിന് ലീഡ് നേടിയ ശേഷം ഗോകുലം മൂന്ന് ഗോള്‍ വഴങ്ങുകയായിരുന്നു.

കളി തുടങ്ങി 14-ാം മിനിറ്റില്‍ പുതിയ വിദേശ താരം മാര്‍ക്കസ് ജോസഫ് ഗോകുലത്തിനായി വല ചലിപ്പിച്ചു. മാര്‍ക്കസിന്റെ ലോങ് റേഞ്ചര്‍ ശ്രമം ചര്‍ച്ചിലിന്റെ ഗോള്‍കീപ്പറുടെ പിഴവില്‍ വലയിലെത്തുകയായിരുന്നു.

ആ ലീഡ് നിലനിര്‍ത്താന്‍ ഗോകുലത്തിനായില്ല. 37-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ദാവ്ദ സീസെ ചര്‍ച്ചിലിനെ ഒപ്പമെത്തിച്ചു. പിന്നീട് വില്ലിസ് പ്ലാസയുടെ ഊഴമായിരുന്നു. 57-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ പ്ലാസ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും കണ്ടെത്തി.

വിജയത്തോടെ ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ഗോകുലം എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഏഴു മത്സരങ്ങളിലും ഗോകുലത്തിന് വിജയിക്കാനായിട്ടില്ല.

Content Highlights: Churchill Brothers come from behind to trump Gokulam Kerala I League 2019