2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ 120-ാം മിനിറ്റില്‍ ഘാനയ്ക്ക് സംഭവിച്ച ആ ദുരന്തം ആരും മറന്നിട്ടുണ്ടാകില്ല.  ലൂയി സുവാരസിന്റെ ഹാന്‍ഡ് ബോള്‍ ഒരു ഗോള്‍ മാത്രമല്ല, ഘാനയുടെ ലോകകപ്പ് സെമിയിയെന്ന സ്വപ്നം കൂടിയാണ് തടുത്തിട്ടത്. റെഡ് കാര്‍ഡ് കണ്ട് സുവാരസ് മടങ്ങിയപ്പോള്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കി അസമാവോ ഗ്യാന്‍ തലയില്‍ കൈവെച്ചു. അന്ന് ഘാനയിലെ ജനങ്ങള്‍ നിരാശരായി തല താഴ്ത്തി വീടുകളിലേക്ക് മടങ്ങിയപ്പോള്‍ അക്രയിലെ വീടിന് പിറകില്‍ പോയിരുന്ന് ആരും കാണാതെ കരഞ്ഞ ഒരു പന്ത്രണ്ടുകാരന്‍ പയ്യനുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിക്ക് വേണ്ടി അവന്‍ കളിക്കാനിറങ്ങി. ക്രിസ്റ്റ്യന്‍ സബ, അതാണ് അന്നത്തെ ആ പന്ത്രണ്ടുകാരന്റെ പേര്. 

ഘാനയിലെ അക്രയില്‍ നിന്ന് തുടങ്ങിയ കളി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വരെയെത്തിയ കഥ ക്രിസ്റ്റ്യന്‍ സബ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു. 

ഘാനയില്‍ ഫുട്‌ബോള്‍ എളുപ്പമല്ല

ഒരിക്കലുമല്ല. ഒരു റിസ്‌ക് ഏറ്റെടുക്കുന്നതു പോലെയാണത്. ആദ്യം ബൂട്ട് വാങ്ങാനുള്ള കാശിനെക്കുറിച്ചാണ് ചിന്തിക്കുക. അച്ഛന്‍ അക്രയിലെ കര്‍ഷകനാണ്. നിറയെ കപ്പത്തോട്ടമുണ്ട്. തേങ്ങയും മാങ്ങയും ഉറുമാമ്പഴവുമുണ്ട്. ഇവിടെയുണ്ടാകുന്ന കപ്പയും മറ്റു സാധനങ്ങളും മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നത് അമ്മയാണ്. അവിടെ അമ്മയ്ക്ക് ചെറിയൊരു കടയുണ്ട്. ഈ പണം കൊണ്ടാണ് ആദ്യം ബൂട്ട് വാങ്ങിയത്. വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് ഞാന്‍. മൂന്നു ചേട്ടന്‍മാരും ഒരു ചേച്ചിയുമാണുള്ളത്. ഫുട്ബോള്‍ കളിക്കാനിറങ്ങിയപ്പോള്‍ ഇളയ കുട്ടിയാണെന്ന പരിഗണനയും കിട്ടി. കുടുംബത്തില്‍ ആരും ഫുട്ബോള്‍ കളിക്കുന്നവരല്ല. അതുകൊണ്ടുതന്നെ വീട്ടുകാര്‍ എല്ലാ പിന്തുണയും തന്നു.

ആ ലോകകപ്പാണ് സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്

ചെറുപ്പത്തില്‍ വെറുതേ പന്ത് തട്ടി നടക്കുന്ന സ്വഭാവമുണ്ടായിരുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാതെയായിരുന്നു ഈ പന്തുകളി. ഇതോടെ പഠനം പാതിവഴയില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. ഇതിനിടയിലാണ്‌ ഘാനയെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയിലെ ആ ലോകകപ്പ് എനിക്കും പുതിയ സ്വപ്‌നങ്ങള്‍ സമ്മാനിച്ചു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ഘാന പുറത്താകുമ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. അന്ന് 12 വയസ്സായിരുന്നു പ്രായം. ആ നിമിഷം തീരുമാനിച്ചതാണ് ഒരു ഫുട്ബോള്‍ താരമായി ദേശീയ ടീമിന് വേണ്ടി കളിക്കണമെന്ന്. പിന്നീട് ഒരു പ്രൊഫഷണല്‍ താരമാകാനുള്ള ശ്രമമായി. ഘാനയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ മക്കാത്തല്‍ എഫ്.സിയെലെത്തിയതോടെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ഫുട്ബോളിലെ ആദ്യ പരിശീലകന്‍ അബൂ സമദാണ്. ഒരു പ്രൊഫഷണല്‍ താരമാക്കി വളര്‍ത്തിയെടുത്തത് അദ്ദേഹമാണ്. ഗോകുലത്തിലേക്ക് വിളി വന്നതോടെ ഘാന വിട്ട് കോഴിക്കോട്ടേക്ക് വിമാനം കയറുകയായിരുന്നു. 

Read More: സബാഷ് സബ

Christian Sabah
ഫോട്ടോ: ഷഹീര്‍ സി.എച്ച്

 

ഗോകുലവും കോഴിക്കോടും സൂപ്പര്‍ 

ഇവിടെ സൂപ്പറാണ്. നാടുമായി ഏറെ സാമ്യമുണ്ട്. ഇവിടുത്തെ ഭക്ഷണം അതിലും സൂപ്പറാണ്. ഓഫ് ദിവസങ്ങളിലെല്ലാം ചിക്കന്‍ ബിരിയാണി കഴിക്കുന്നതാണ് ഇപ്പോഴത്തെ പരിപാടി.  ഇവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഫെയ്സ്ബുക്കില്‍ എന്റെ പേജൊക്കെ തുടങ്ങിയിട്ടുണ്ട്. ഗോകുലത്തിനായുള്ള ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി ആയ ഫീലാണ്. പരിശീലകന്‍ ബിനോ ജോര്‍ജ്ജ് നല്‍കുന്ന പിന്തുണ വിസ്മരിക്കാനാകില്ല. ഞാന്‍ എന്തെങ്കിലും മടി കാണിച്ചാല്‍ എന്റെ പേര് ഉറക്കെ വിളിച്ച് ശാസിക്കും. ക്രിസ്റ്റ്യന്‍ ഇത് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. സീസണിന്റെ തുടക്കം മുതല്‍ ഗോകുലത്തിനൊപ്പമുണ്ട്. റിസര്‍വ് ടീമിലായിരുന്നപ്പോഴുള്ള പ്രകടനമാണ് ഫസ്റ്റ് ടീമിലേക്കുള്ള അവസരം തുറന്നത്. ആദ്യ മത്സരത്തില്‍ തന്നെ നന്നായി കളിക്കാനായി. 

ഗോകുലത്തിനായുള്ള അരങ്ങേറ്റം

ആദ്യം ഞാന്‍ ഗോകുലത്തിന്റെ റിസര്‍വ് ടീമിലായിരുന്നു. ഒരു ട്രെയ്നി ആയിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് നന്നായി അറിയാം. നന്നായി പരിശ്രമിച്ചാല്‍ മാത്രമേ ഗോകുലത്തിനായി കളിക്കാനാകൂ എന്ന ബോധ്യമുണ്ടായിരുന്നു. ഒടുവില്‍ എന്റെ അധ്വാനത്തിന്റെ ഫലം എനിക്ക് കിട്ടി. ആദ്യ കളിയില്‍ തന്നെ ആരാധകരുടെ ഹൃദയത്തിലിടം നേടാനായി. ഒരു ഗോള്‍ കൂടി നേടാനായിരുന്നെങ്കില്‍ ഞാന്‍ സ്വപ്‌നം കണ്ട് അരങ്ങേറ്റം തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യം കൊണ്ട് മാത്രം ഗോള്‍ വന്നില്ല. ആ ചിപ്പ് ഷോട്ട് ബാറില്‍ തട്ടി മടങ്ങിയിരുന്നില്ലെങ്കില്‍ എന്ന് ഞാന്‍ കളി കഴിഞ്ഞ ശേഷം പല തവണ ആലോചിച്ചിട്ടുണ്ട്. എന്നാലും ഗോളിലേക്കുള്ള വഴിയൊരുക്കാനായി എന്നതില്‍ സന്തോഷമുണ്ട്. അര്‍ജുന്‍ ജയരാജ് അത് സൂപ്പറായി തന്നെ ഫിനിഷ് ചെയ്തു. ഗോകുലത്തിന് വേണ്ടി കൂടുതല്‍ കാലം കളിക്കാനാകും എന്നാണ് എന്റെ പ്രതീക്ഷ. ഐ ലീഗില്‍ ഗോകുലത്തിനെ കിരീടത്തിലേക്കെത്തിക്കുകയാണ് എന്റെ ലക്ഷ്യം. 

Christian Sabah
ഫോട്ടോ: ഷഹീര്‍ സി.എച്ച്

 

ഒരിക്കല്‍ റയലിനായി കളിക്കണം

സാന്റിയാഗോ ബെര്‍ണാബ്യുവില്‍ റയല്‍ മാഡ്രിഡിന്റെ ജഴ്സി അണിഞ്ഞ് കളിക്കുക എന്ന സ്വപ്നത്തിലേക്കാണ് ഞാന്‍ ഓരോ ദിവസവും ഉണരാറുള്ളത്. അത് എന്നെങ്കിലും സംഭവിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എല്ലാ ദിവസവും ഞാന്‍ എന്നോട് തന്നെ കണ്ണാടിയില്‍ നോക്കി പറയും. 'ഞാന്‍ കളിക്കാന്‍ റെഡിയാണ്. എന്റെ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ് മുന്നില്‍'. ഇത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഞാനും ബാലണ്‍ദ്യോറും കൈയില്‍ പിടിച്ച് നില്‍ക്കുന്ന സ്വപ്നം ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. മെസ്സിയും ക്രിസ്റ്റിയാനോയും എനിക്ക് പ്രിയപ്പെട്ട താരങ്ങളാണ്. എന്നാല്‍ അസമാവോ ഗ്യാനിന്റേയും ഈഡന്‍ ഹസാര്‍ഡിന്റേയും കളിയാണ് എന്നെ സ്വാധീനിച്ചത്. 2010 ലോകകപ്പ് മുതല്‍ ഞാന്‍ ഗ്യാനിന്റെ കടുത്ത ആരാധകനാണ്. 

Content Highlights: Christian Sabah Interview Gokulam FC I League 2018