കോഴിക്കോട്: ഐ-ലീഗില്‍ കന്നിക്കിരീടവുമായി ചെന്നൈ സിറ്റി എഫ്.സി. കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിന് മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയുടെ വിജയം.
69, 93 മിനിറ്റുകളില്‍ ഗോള്‍ കണ്ടെത്തിയ ഡിഫന്‍ഡര്‍ ഗൗരവ് ബോറയാണ് ചെന്നൈയുടെ വിജയശില്‍പ്പി. 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയ പെഡ്രോ മാന്‍സിയും ചെന്നൈയ്ക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ റോളണ്ട് ബിലാലയാണ് മിനര്‍വയുടെ ഗോള്‍ സ്കോറര്‍. 20 മത്സരങ്ങളില്‍ നിന്ന് 13 വിജയവും മൂന്ന് തോല്‍വിയും നാല് സമനിലയും സഹിതം 43 പോയന്റോടെയാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്.
ലീഗില്‍ തുടക്കം മുതല്‍ കിരീട പോരാട്ടത്തിന് ചെന്നൈയ്ക്ക് ഒപ്പത്തിനൊപ്പം മത്സരിച്ച ഈസ്റ്റ് ബംഗാള്‍ ഗോകുലത്തിനെതിരേ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും ഒരു പോയന്റ് വ്യത്യാസത്തില്‍ 42 പോയന്റോടെ രണ്ടാം സ്ഥാനത്തായി. മിനര്‍വയോട് ചെന്നൈ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തിരുന്നെങ്കില്‍ ഈസ്റ്റ് ബംഗാളിന് ചാമ്പ്യന്മാരാകാമായിരുന്നു.
Champions! Champions! 🏆🏆#HeroILeague #ILeagueIConquer pic.twitter.com/h8JIVJz7xl
— Hero I-League (@ILeagueOfficial) March 9, 2019
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മാര്‍ക്കസ് ജോസഫിലൂടെ ഗോകുലമാണ് ആദ്യ ലീഡ് നേടിയത്. എന്നാല്‍ 79-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജാമി സാന്റോസും 85-ാം മിനിറ്റില്‍ ലാല്ഡാന്വാിയ റാള്‍ട്ടെയും ഈസ്റ്റ് ബംഗാളിന്റെ വിജയം ഉറപ്പിച്ചു. 20 മത്സരത്തില്‍ മൂന്ന് വിജയവും ഒമ്പത് തോല്‍വിയും 8 സമനിലയും സഹിതം 17 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ് ഗോകുലം എഫ്സി സീസണ് അവസാനിപ്പിച്ചത്.
ഐ-ലീഗിലെ അവസാന റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ 40 പോയിന്റുമായി ചെന്നൈ ഒന്നാമതും 39 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തുമായിരുന്നു. ചെന്നൈയ്ക്ക് ഹോം ഗ്രൗണ്ടില്‍ എതിരാളി മിനര്‍വയും ഈസ്റ്റ് ബംഗാളിന് എവേ ഗ്രൗണ്ടില്‍ എതിരാളി ഗോകുലവുമായിരുന്നു. മിനര്‍വയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മിനര്‍വ ലീഡെടുത്തു. ഇതോടെ ഗോകുലവുമായി ഗോള്‍രഹിത സമനിലയില്‍ നീങ്ങുകയായിരുന്ന ഈസ്റ്റ് ബംഗാളിന് പ്രതീക്ഷയായി. മത്സരം ആദ്യ പകുതി അവസാനിക്കുമ്പോഴും ഈ പ്രതീക്ഷ നിലനിന്നു. ചെന്നൈ 0-1 മിനര്‍വ, ഗോകുലം 0-0 ഈസ്റ്റ് ബംഗാള്‍. ഒരു ഗോള്‍ അടിച്ചാല്‍ ഈസ്റ്റ് ബംഗാള്‍ കിരീടം നേടുമെന്ന അവസ്ഥ.

എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു ഹാന്‍ഡ് ബോള്‍ ചെന്നൈയ്ക്ക് ജീവന് തിരിച്ചുനല്‍കി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാന്‍സി ലീഗിലെ 21-ാം ഗോള്‍ നേടി. കോഴിക്കോട് ഗോകുലം മാര്‍ക്ക്സ് ജോസഫിലൂടെ ആദ്യം ലീഡെടുത്തു. ഇതോടെ ചെന്നൈ കിരീടത്തിലേക്ക് അടുത്തുവെന്ന തോന്നലുണ്ടായി. തൊട്ടുപിന്നാലെ ഗൗരവ് ബോറയിലൂടെ കോയമ്പത്തൂരില്‍ ചെന്നൈയും ലീഡെടുത്തു. ചെന്നൈ 2-1 മിനര്‍വ, ഗോകുലം 1-0 ഈസ്റ്റ് ബംഗാള്‍.
എന്നാല്‍ 79-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ നേടി. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും വല ചലിപ്പിച്ചു. ഇതോടെ സ്കോര്‍ 2-1 ആയി. ചെന്നൈയ്ക്കെതിരേ മിനര്‍വ സമനില പിടിച്ചാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലായി വീണ്ടും ഈസ്റ്റ് ബംഗാള്‍. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഗൗരവ് ബോറയുടെ ഹെഡര്‍, ചെന്നൈ 3-1ന് മുന്നില്‍. ഇതോടെ ചെന്നൈയുടെ നേരെ ചാമ്പ്യന്മാര് എന്ന പേര് എഴുതപ്പെട്ടു. ഫൈനല്‍ വിസില്‍ ഔപചാരികത മാത്രമായി.
Content Highlights; Chennai City crowned champions with win over Minerva Punjab
Content Highlights: I League 2019 Gokulam Kerala FC vs East Bengal Football