കോഴിക്കോട്: പരിശീലകന്‍ ബിനോ ജോര്‍ജിനു കീഴില്‍ ഇത്തവണത്തെ ഐ ലീഗില്‍ മികച്ച പ്രകടനം നടത്താനൊരുങ്ങി തന്നെയാണ് കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്.സിയുടെ വരവ്. കഴിഞ്ഞ സീസണിലെ ആദ്യ ഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാം ഘട്ടത്തില്‍ വമ്പന്‍ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ശക്തമായ തിരിച്ചുവരവാണ് ഗോകുലം നടത്തിയത്.

ഒരു മാസം മുമ്പാണ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയ്ക്കു പകരം ടീമിന്റെ മുന്‍ പരിശീലകനും ടെക്‌നിക്കല്‍ ഡയറക്ടറുമായിരുന്ന തൃശൂര്‍ സ്വദേശി ബിനോ ജോര്‍ജിനെ മാനേജ്‌മെന്റ് പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തിച്ചത്. 2006 മുതല്‍ 2012 വരെ വിവാ കേരളയുടെ സഹപരിശീലകനായിരുന്ന ഇദ്ദേഹം ചിരാഗ് യുണൈറ്റഡിന്റെയും സഹപരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ തിളങ്ങിയ വിദേശതാരങ്ങളായ ഡാനിയല്‍ അഡോ, നായകന്‍ മുണ്ടേ മൂസ എന്നിവര്‍ക്കു പുറമെ  മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജെര്‍മന്‍ എന്നിവർ കൂടി ഇത്തവണ ഗോകുലത്തിനൊപ്പമുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മിന്നും താരം ഉഗാണ്ടയുടെ ഹെന്‍ട്രി കിസാക്കെ കൂടുമാറി.

ഈ വരുന്ന 27-നു വൈകിട്ട് അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യമത്സരം. കരുത്തരായ മോഹന്‍ബഗാനാണ് എതിരാളി. ആദ്യ മത്സരത്തിനു മുന്‍പ് ഗോകുലം എഫ്.സിയുടെ മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ഐ ലീഗ് എന്താണെന്ന് ഇപ്പോള്‍ എന്റെ കുട്ടികള്‍ക്കറിയാം

കഴിഞ്ഞ സീസണില്‍ നിന്നും ഈ സീസണിലേക്കു വരുമ്പോള്‍ കളിക്കാരുടെ പരിചയ സമ്പത്ത് ഒന്നുകൂടി വര്‍ധിച്ചിട്ടുണ്ട്. ഇതുകൊണ്ടു തന്നെയാണ് മുന്‍ പരിശീലകനെ മാറ്റി ഈ കുറഞ്ഞ സമയത്തില്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കാരണം. ഐ ലീഗ് എന്താണെന്ന് ഇപ്പോള്‍ എന്റെ കളിക്കാര്‍ക്ക് അറിയാം. സല്‍മാന്‍, റാഷിദ്, അര്‍ജുന്‍, സുഹൈര്‍ ഇവരൊക്കെ ഐ ലീഗ് എക്‌സ്പീരിയന്‍സ് ഉള്ള കളിക്കാരാണ്. അതിനാല്‍ തന്നെ കഴിഞ്ഞ സീസണേക്കാള്‍ ഇത്തവണ ഒന്നുകൂടി മികച്ച രീതിയില്‍ ടീമിന് കളിക്കാനാകുമെന്നാണ് എന്റെ വിശ്വാസം.

bino gokulam

ഇത്തവണ എ.എഫ്.സി കപ്പില്‍ കളിക്കണം

കഴിഞ്ഞ തവണ സൂപ്പര്‍ കപ്പില്‍ കളിക്കണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ ടീമിനൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എ.എഫ്.സി കപ്പില്‍ കളിക്കണമെന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് ഗോകുലം കളിക്കുന്നത്. കേരളത്തില്‍ നിന്ന് ഒരു ടീം എ.എഫ്.സി കപ്പ് കളിച്ചിട്ടില്ല. കഴിഞ്ഞ തവണ ലീഗില്‍ നമ്മള്‍ ഏഴാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണിലെ രണ്ടാം ഘട്ടത്തില്‍ മികച്ച പ്രകടനമാണ് ടീമിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. കഴിഞ്ഞ തവണ ടെക്നിക്കല്‍ ഡയറക്ടറായിട്ടാണ് ടീമിനൊപ്പം ഉണ്ടായിരുന്നത്. ഇത്തവണ മികച്ച സ്ട്രൈക്കര്‍മാരെ ലഭിച്ചതിനാല്‍ മികച്ച പ്രകടനം തന്നെ നടത്താനാകുമെന്നാണ് പ്രതീക്ഷ. അന്ന് നമ്മുടെ ടീമില്‍ ഏറെയും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ തന്നെ ആദ്യ സീസണില്‍ അവര്‍ പുതിയൊരു ലോകത്തെത്തിയ പോലെയായിരുന്നു. ഇപ്പോഴാണ് അവര്‍ ഐ ലീഗും മറ്റ് ടീമുകളും എന്താണെന്ന് മനസിലാക്കുന്നത്. കഴിഞ്ഞ സീസണില്‍ അഞ്ചും ആറും സ്ഥാനക്കാരുമായി വെറും ഒന്നോ രണ്ടോ പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇത്തവണ ഒന്ന് ശ്രമിച്ചാല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താം. അതുതന്നെയാണ് ലക്ഷ്യവും. 11 പേരുടെ മനസും ഒരേപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫുട്‌ബോളില്‍ വിജയം സ്വന്തമാക്കാനാകൂ. ടീം ഗെയിം തന്നെയാണ് കാര്യം.

സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയെ മാറ്റാനുണ്ടായ സാഹചര്യം

മുന്‍ പരിശീലകന്റെ രീതികളോടു ചേര്‍ന്നു പോകാന്‍ കളിക്കാര്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാഷ തന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. അദ്ദേഹത്തിന്റെ രീതികള്‍ പിന്തുടരാനും കളിക്കാര്‍ ബുദ്ധിമുട്ടി. ഷോട്ട് പാസുകളല്ലാതെ ലോങ് ബോളുകള്‍ കളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഹൈ ബോളുകളായിരുന്നില്ല, ഗ്രൗണ്ട് ബോളുകള്‍ തന്നെ, എന്നാല്‍ ലോങ് പാസുകളായിരുന്നു. തുടര്‍ന്ന് പന്ത് ബോക്‌സിലെത്തിച്ച് പ്രസ്സിങ് ഗെയിം കളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്നാല്‍ ഇത് അഡാപ്റ്റ് ചെയ്യാന്‍ കളിക്കാര്‍ ബുദ്ധിമുട്ടി.

മുന്‍ പരിശീലകനില്‍ നിന്ന് പുതിയ പരിശീലകനിലേക്കെത്തുമ്പോള്‍

ഞാന്‍ ചാര്‍ജ് ഏറ്റെടുത്തിട്ട് ഇപ്പോള്‍ ഒരു മാസവും 27 ദിവസവും ആകുന്നേയുള്ളൂ. അദ്ദേഹത്തിന്റെ ശൈലിയില്‍ നിന്ന് മാറ്റി ഇപ്പോള്‍ എന്റെ രീതിയിലേക്ക് താരങ്ങളെ കൊണ്ടുവരുന്നേയുള്ളൂ. ഫിറ്റ്‌നസിനും തന്ത്രങ്ങൾക്കും പ്രധാന്യം കൊടുത്താണ് ഇപ്പോഴത്തെ പരിശീലനം. വ്യക്തിപരമായ ടാക്ടിക്‌സിനും ഗ്രൂപ്പ് ടാക്ടിക്‌സിനും ഊന്നല്‍ കൊടുക്കുന്നുണ്ട്.  ഇനിയും മുന്‍ പരിശീലകന്റെ രീതികളില്‍ നിന്ന് പുതിയ രീതികളിലേക്ക് ടീം മാറേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ ടീമിലുള്ള പല താരങ്ങളെയും നേരത്തെ എനിക്ക് പരിചയമുണ്ട്. ഡാനിയല്‍ എഡോ, നായകന്‍ മൂസ എന്നിവരെല്ലാം തന്റെ കൂടെ നേരത്തെപരിശീലിച്ചിട്ടുണ്ട്. മാത്രമല്ല പല കേരളാ താരങ്ങളും എന്റെ കൂടെ പരിശീലിച്ചിട്ടുള്ളവരാണ്. 

gokulam fc

ജെര്‍മനടക്കമുള്ള വിദേശ താരങ്ങളുടെ സാന്നിധ്യം

ജെര്‍മനടക്കം ഇത്തവണ മികച്ച വിദേശ താരങ്ങളെയാണ് ടീമിന് ലഭിച്ചിട്ടുള്ളത്. ജെര്‍മന് ഇപ്പോള്‍ ചെറിയ പരിക്കുണ്ട്. ടീമിന് ഏറെ വിശ്വാസമുള്ള താരമാണ് ജെര്‍മന്‍. കഴിഞ്ഞ വര്‍ഷം ഹെന്‍ട്രി കിസാക്കെയെ പോലെ ഗോളടിക്കാന്‍ പറ്റിയ ഒരു സ്‌ട്രൈക്കര്‍ നമുക്ക് ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു കളിക്കാരന്റെ വിടവ് നികത്തുകയായിരുന്നു ടീമിന്റെ ആവശ്യം. അതിന് പറ്റിയ താരങ്ങള്‍ ഇത്തവണ ടീമിനൊപ്പമുണ്ട്. ഹെന്‍ട്രിക്ക് മോഹന്‍ ബഗാന്‍ നല്ല തുക വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല ഹെന്‍ട്രിയുടെ കോണ്‍ട്രാക്റ്റ് നമ്മള്‍ നീട്ടിയിരുന്നുമില്ല.

ജെര്‍മന്റെ പരിക്ക് 

ജെര്‍മന് രാജ്യത്തിന് കളിക്കാന്‍ പോയപ്പോഴാണ് പരിക്കേറ്റത്. വലതുകാലിനാണ് പരിക്ക്. അദ്ദേഹത്തെ ആദ്യ മത്സരത്തില്‍ തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും റിസ്‌ക് എടുക്കില്ല. എന്നാല്‍ രണ്ടു മത്സരങ്ങള്‍ക്കപ്പുറം ജെര്‍മന് സൈഡ്‌ബെഞ്ചില്‍ ഇരിക്കേണ്ടി വരില്ല. ടീം എല്ലാവരും പ്രതീക്ഷയിലാണ്. ജെര്‍മന്‍ ഇല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് വേറെ ഒരാളെ കൊണ്ടുവരും. എന്നിരുന്നാലും രണ്ടാമത്തെ മത്സരം മുതല്‍ ജര്‍മന്റെ സേവനം ടീമിന് ലഭിക്കും.

സന്തോഷ് ട്രോഫിയുമായി താരതമ്യമേ പാടില്ല

സന്തോഷ് ട്രോഫിയെ വിലകുറച്ചു കാണുകയല്ല. മറിച്ച് സന്തോഷ് ട്രോഫി അത്രയും വലിയ ഒരു ടൂര്‍ണമെന്റാണെന്ന ഒരു ധാരണ പൊതുവെ കേരളത്തിലെ ആള്‍ക്കാര്‍ക്കുണ്ട്. ഞാന്‍ അതിനെ എതിര്‍ക്കുകയല്ല. എന്നാല്‍ സന്തോഷ് ട്രോഫിയുടെ നിലവാരം ഇപ്പോള്‍ താഴേക്കാണ്. എ.ഐ.എഫ്.എഫ് സന്തോഷ് ട്രോഫി നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ഐ ലീഗ് കളിക്കുന്ന താരങ്ങള്‍ക്ക് സന്തോഷ് ട്രോഫി കളിക്കാന്‍ പാടില്ല. ഐ ലീഗ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ്. മറുവശത്ത് ഇപ്പോഴത്തെ നിലവാരം നോക്കുകയാണെങ്കില്‍ സന്തോഷ് ട്രോഫി ഒരു കോളേജ് ടൂര്‍ണമെന്റിനോളമോ സര്‍വകലാശാല ടൂര്‍ണമെന്റിനോളമോ മാത്രമേ വരൂ. ഇപ്പോള്‍ ബംഗാളിന്റെ കാര്യമെടുത്താല്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് പിന്നെ ഐ.എസ്.എല്ലില്‍ എ.ടി.കെ എന്നീ ക്ലബ്ബുകളുണ്ട്. ഇതില്‍ കളിക്കുന്ന താരങ്ങള്‍ക്ക് സന്തോഷ് ട്രോഫി കളിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ സംസ്ഥാനത്തെ മികച്ച താരങ്ങളാണോ സന്തോഷ് ട്രോഫിയില്‍ ഉണ്ടാവുക? കഴിഞ്ഞ 5 വര്‍ഷമായി സന്തോഷ് ട്രോഫിയുടെ നിലവാരം നന്നേ താഴേക്കാണ്. ഐ ലീഗ് പോലത്തെ ടൂര്‍ണമെന്റില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലേക്കും മറ്റും തിരഞ്ഞെടുക്കപ്പെടാനും സാധിക്കുക. ചെറുപ്പത്തില്‍ ശ്രദ്ധ ലഭിക്കാനും ജോലി സാധ്യതകള്‍ക്കായും മാത്രമേ ഇന്ന് പലരും സന്തോഷ് ട്രോഫിയെ കാണുന്നുള്ളൂ. 

പണ്ട് കേരളത്തെ സംബന്ധിച്ച് മറ്റ് ക്ലബ്ബുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കേരളാ ബ്ലാസ്റ്റേഴ്‌സുണ്ട്, ഗോകുലമുണ്ട്. ഐ.എം, വിജയന്‍ സത്യേട്ടന്‍ തുടങ്ങിയവരൊക്കെ കളിച്ചിരുന്ന സമയത്ത് ഇവിടെ ഐ ലീഗ് ഇല്ല. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ ഏറ്റവും മികച്ച താരങ്ങളെല്ലാം അന്ന് സന്തോഷ് ട്രോഫി ടീമിലുണ്ടായിരുന്നു. ഇനി വരുന്ന കാലഘട്ടത്തില്‍ ഐ ലീഗ് ടീമുകളുടെ അക്കാദമികള്‍ക്കു മാത്രമാകും ഒരുപക്ഷേ ജൂനിയര്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുക. കാരണം ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ മിക്കവാറും നിര്‍ത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഓരോ സംസ്ഥാനത്തും ക്ലബ്ബുകള്‍ വരണം. എന്നാലേ ഇനി ഫുട്‌ബോളിന് വളര്‍ച്ചയുള്ളൂ.

ആക്രമണമാകുമോ ഗോകുലത്തിന്റെ ശൈലി

ടെക്‌നിക്കലായി മികച്ച നിലവാരം പുലര്‍ത്തുന്ന താരങ്ങളെയാണ് ഇത്തവണ ഗോകുലത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ ഏത് ശൈലി സ്വീകരിക്കാനും പരിശീലകനാകും. പിന്നെ ടീമിന്റെ ആവശ്യമനുസരിച്ചാണ് അതെല്ലാം തീരുമാനിക്കപ്പെടുന്നത്. മികച്ച നിലവാരമുള്ള ഒരു ലീഗാണിത്. എപ്പോഴും അറ്റാക്ക് ചെയ്ത് കളിക്കാനുള്ള ഒരു കപ്പാസിറ്റി നമ്മുടെ കളിക്കാര്‍ക്കായിട്ടില്ല. എന്താണ് നമ്മുടെ ശക്തി എന്നത് അനുസരിച്ചായിരിക്കും തന്ത്രം മെനയുക. അതല്ലാതെ ഞങ്ങള്‍ ഇങ്ങനെ മാത്രമേ കളിക്കൂ എന്ന പിടിവാശിയൊന്നും ആര്‍ക്കുമില്ല.

മോഹന്‍ ബഗാനെതിരായ മത്സരം

കഴിഞ്ഞ തവണ കളിച്ച രണ്ടു മത്സരങ്ങളും അവര്‍ക്ക് നമ്മുടെ ടീമിനോട് ജയിക്കാനായിരുന്നില്ല. ഒരു മത്സരം നമ്മള്‍ ജയിച്ചപ്പോള്‍ ഒന്ന് സമനിലയിലാകുകയായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സരം തന്നെയാകും നടക്കുക. മികച്ച പോരാട്ടം തന്നെയാകും മോഹന്‍ ബഗാന്റേത്. അതുകൊണ്ടുതന്നെ അവരുടെ ആക്രമണം നേരിടാന്‍ തയ്യാറായിത്തന്നെയാണ് ടീം ഇറങ്ങുക.