കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ബ്രിട്ടീഷ് താരം അന്റോണിയോ ജെര്‍മന്‍ ക്ലബ്ബ് വിട്ടു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ക്ലബ്ബ് വിടുകയാണെന്ന് താരം അറിയിച്ചത്. ഐ ലീഗില്‍ ഗോകുലം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടയിലാണ് സൂപ്പര്‍ താരം വിടപറയുന്നത്.

തനിക്ക് കളി ആസ്വദിക്കാനാകുന്നില്ലെന്നും ഇവിടെ ചില കാര്യങ്ങളില്‍ തൃപ്തിയില്ലെന്നും ജെര്‍മന്‍ വ്യക്തമാക്കി. പല കാര്യങ്ങളും പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലബ്ബിനെ കുറിച്ച് മോശമായതൊന്നും താന്‍ പറയില്ല. എന്നാല്‍ ഒരു ഫുട്‌ബോളര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ എവിടെയാണെങ്കിലും അവിടം ആസ്വദിക്കാന്‍ സാധിക്കണം മികച്ച പ്രകടനം നടത്തണമെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കുകയും വേണം. അതിനാല്‍ തന്നെ താന്‍ ക്ലബ്ബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

നല്‍കിയ പിന്തുണയ്ക്ക് ആരാധകര്‍ക്ക് ജെര്‍മന്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ നല്‍കിയ സ്‌നേഹം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഇവിടത്തെ ആരാധകരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കുറിച്ചു.

antonio german left gokulam kerala fc in i league

ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് റണ്ടാം ഡിവിഷന്‍ ക്ലബ്ബ് ഹെമല്‍ ഹെംപ്സ്റ്റേഡില്‍ നിന്നാണ് ജെര്‍മന്‍ ഗോകുലത്തിലെത്തുന്നത്. ഈ സീസണില്‍ ഗോകുലത്തിനായി രണ്ടു ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2015-16 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായും കളത്തിലിറങ്ങി. 

ഈ സീസണില്‍ തുടക്കത്തില്‍ ഗോകുലത്തിനായി മികച്ച പ്രകടനം നടത്താന്‍ ജെര്‍മന് സാധിച്ചിരുന്നില്ല. പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ തീരുമാനം. വിഷയത്തില്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: antonio german left gokulam kerala fc in i league