കട്ടക്ക്: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് മൂന്നാം തോല്‍വി. കട്ടക്കിലെ ബരാമതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസാണ് എതിരില്ലാത്ത ഒരു ഗോളിന് ഗോകുലത്തെ തോല്‍പ്പിച്ചത്. 

66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അമര്‍ജിത്ത് സിങ്ങാണ് ഇന്ത്യന്‍ ആരോസിന്റെ വിജയ ഗോള്‍ നേടിയത്. വിക്രം സിങ്ങിനെ ഡാനിയല്‍ എഡോയും കാസ്‌ട്രോയും ചേര്‍ന്ന് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ലീഗില്‍ ആരോസിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. 

പ്രീതം സിങ്, അര്‍ജുന്‍ ജയരാജ്, അഭിഷേക് ദാസ് ഭഗത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ബിനോ ജോര്‍ജ് ഇന്ന് ടീമിനെ ഇറക്കിയത്. ഇവരുടെ അഭാവം ഗോകുലത്തിന്റെ മുന്നേറ്റത്തില്‍ നിഴലിക്കുകയും ചെയ്തു.

ഇരു ടീമുകളും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ ഗോകുലത്തിന്റെ മധ്യനിരിയ്ക്കും മുന്നേറ്റ നിരയ്ക്കും മുന്‍ മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് തുടരാനായില്ല. അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ ഗോകുലത്തിന്റെ രണ്ടാം തോല്‍വിയാണിത്. 

ടീമിലേക്ക് പുതുതായെത്തിയ നൈജീരിയന്‍ താരം ജോയല്‍ സണ്‍ഡേയും ഘാനക്കാരന്‍ ക്രിസ്റ്റ്യൻ സബയും തമ്മിലുള്ള ഒത്തിണക്കത്തിലെ കുറവ് മത്സരത്തില്‍ നിഴലിച്ചു. 

തോല്‍വിയോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോകുലം എട്ടാം സ്ഥാനത്ത് തുടരുകയാണ്. എട്ടു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ആരോസ് ഒമ്പതാം സ്ഥാനത്തേക്ക് കയറി.

Content Highlights: amarjit singh scores indian arrows beat gokulam kerala